

ലണ്ടൻ: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജയോടു അപമര്യാദയായി പെരുമാറിയെന്ന സംഭവത്തിൽ മൂന്ന് മെറിൽബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി) അംഗങ്ങൾക്ക് സസ്പെൻഷൻ. ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയുടെ വിവാദ പുറത്താകലിനു പിന്നാലെ ലോങ് റൂമിൽ വച്ചാണ് ഖവാജയ്ക്ക് നേരെ അപമര്യാദ നിറഞ്ഞ പെരുമാറ്റമുണ്ടായത്. വിഷയത്തിൽ അന്വേഷണ വിധേയമായി അംഗങ്ങളെ സസ്പെൻഡ് ചെയ്തതായും സംഭവത്തിൽ ക്ഷമ പറയുന്നതായും എംസിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സംഭവം നടന്നതിനു പിന്നാലെ ഖവാജ അവിടെ വച്ചു അംഗത്തിനു നേരെ തന്റെ അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിച്ചു. ഒപ്പം വാർണറും ഖവാജയ്ക്കൊപ്പം നിന്നു. അതിനിടെ സുരക്ഷാ ജീവനക്കാർ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
ആഷസ് രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലാണ് സംഭവങ്ങൾ. ബെയർസ്റ്റോയുടെ വിവാദ പുറത്താകലിനു പിന്നാലെ ടീം ലഞ്ചിനു പിരിഞ്ഞു. ഈ ഘട്ടത്തിൽ ഓസീസ് താരങ്ങൾ ലോങ് റൂമിലൂടെ നടന്നു പോകുന്നതിനിടെയാണ് ഖവാജ, വാർണർ എന്നിവർക്കു നേരെ എംസിസി അംഗങ്ങളുടെ വാക്കു തർക്കം. ചിലർ കോണിപ്പടി കയറിപ്പോകുന്ന മറ്റ് ഓസീസ് താരങ്ങൾക്കു നേരെ കൂവി വിളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ വലിയ തോതിൽ സാമൂഹിക മാധ്യങ്ങളിൽ പ്രചരിച്ചിരുന്നു.
അംഗങ്ങളുടെ പെരുമാറ്റം ക്ലബിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. ഇത് അംഗീകരിക്കാൻ സാധിക്കില്ല. ക്ലബിന്റെ നിലപാടുകൾക്ക് വിരുദ്ധമായി അംഗങ്ങൾ പെരുമാറുന്നതും അംഗീകരിക്കാനാകില്ലെന്നു എംസിസി വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates