

മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കുന്നത്. സൂപ്പർ താരങ്ങളായ രോഹിത് ശർമയുടെയും എം എസ് ധോനിയുടെയും പരിക്ക് ഭേദമായെന്നാണ് റിപ്പോർട്ടുകൾ.
ഇന്നത്തെ മത്സരത്തിൽ ഇരുവരും കളത്തിലിറങ്ങിയേക്കും. ഇരു ടീമുകൾക്കും നാല് വീതം പോയിന്റുകളാണ് ഉള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ച് ടൂർണമെന്റിലെ മുന്നോട്ടുള്ള യാത്ര സുഗമമാക്കുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം.
അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിന് പരാജപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ന് കളത്തിലിറങ്ങുന്നത്. ജസ്പ്രിത് ബുംറ,തിലക് വർമ എന്നിവർ ഫോമിലെത്തിയത് ടീമിന് കരുത്താകും. അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയ തിലക് വർമ അതേ ഫോമിൽ ബാറ്റ് വീശിയാൽ മുംബൈക്ക് വലിയ സ്കോർ കണ്ടെത്താൻ കഴിയും.
ഡാനിഷ് മലേവര്‍, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാർ യാദവ് എന്നിവർക്കും ഇതുവരെ ഫോമിൽ എത്താൻ കഴിയാത്തതാണ് ടീം നേരിടുന്ന പ്രധാന വെല്ലുവിളി.
അതേസമയം, ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ചെന്നൈയ്ക്ക് കഴിഞ്ഞിട്ടില്ല. പരിക്കും താരങ്ങൾ തിളങ്ങാത്തതുമാണ് പ്രധാന പ്രശ്‌നം. യുവ താരം ആയുഷ് മാത്രെ പരിക്കേറ്റ് പുറത്തായതോടെ പകരം ആരെ കളത്തിലിറക്കും എന്നതാണ് ടീം മാനേജ്‍മെന്റ് നേരിടുന്ന പ്രധാന വെല്ലുവിളി. സഞ്ജുവിലാണ് ആരാധകർ പ്രതീക്ഷ മുഴുവൻ.
വെടിക്കെട്ട് പ്രകടനം താരത്തിൽ നിന്നുണ്ടായാൽ മാത്രമേ കരുത്തന്മാരായ മുംബൈയെ കീഴടക്കാൻ കഴിയുകയുള്ളു. പ്ലേ ഓഫ് പ്രതീക്ഷ നില നിർത്താൻ ഇരു ടീമുകളും ശ്രമിക്കുമ്പോൾ വാശിയേറിയ ഒരു മത്സരം തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates