

മാഡ്രിഡ്: ഇന്ത്യന്‍ ഫുട്‌ബോള്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഉറങ്ങുന്ന സിംഹം എന്നു പഴയ ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്ററുടെ കമന്റ് വന്നിട്ടു തന്നെ ഏറെ വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇപ്പോഴും സിംഹം ഉറക്കം വിട്ട് ഉണര്‍ന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അനിശ്ചിതത്വവും ഘടനാപരമായ പ്രശ്‌നങ്ങളുമടക്കം നിരവധി വിഷയങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ ഗ്രസിച്ചിട്ടുണ്ട്.
ഈ നെഗറ്റീവ് വാര്‍ത്തകള്‍ക്കിടെ ഇതാ പ്രതീക്ഷയുടെ ജീവന്‍ പൊടിക്കുന്നതിനു ആരാധകര്‍ ഇപ്പോള്‍ സാക്ഷി നില്‍ക്കുന്നു. മിനര്‍വ അക്കാദമി എഫ്‌സിയിലെ കൗമാര താരങ്ങള്‍ മെഡിറ്ററേനിയന്‍ അന്താരാഷ്ട്ര കപ്പ് (എംഐസി കപ്പ്) പോരാട്ടത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ലിവര്‍പൂളിന്റെ കൗമാരപ്പടയെ അടപടലം തകര്‍ത്തെറിഞ്ഞതിന്റെ വാര്‍ത്തകളാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
അണ്ടര്‍ 15 പോരാട്ടത്തില്‍ ലിവര്‍പൂള്‍ ടീമിനെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് മിനര്‍വ അണ്ടര്‍ 15 ടീം തകര്‍ത്തെറിഞ്ഞത്. അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമുകള്‍ പൊതുവേ പ്രകടിപ്പിക്കാത്ത പോരാട്ട വീര്യവും വ്യക്തതയും ഘടനാപരമായ മികവും ഈ ടീം മൈതാനത്ത് പുറത്തെടുത്തു എന്നതാണ് മത്സരത്തിന്റെ സവിശേഷത. ലോക ഫുട്‌ബോള്‍ കൗമാര പോരാട്ടങ്ങളിലെ വലിയ വേദികളിലൊന്നാണ് എംഐസി കപ്പ്.
ടാക്ടിക്കല്‍ മികവും ആക്രമണാത്മകതയും ഒരുമയും ഒരുപോലെ പുറത്തെടുത്താണ് ടീം മിന്നും ജയം സ്വന്തമാക്കിയത്. ഒന്നാം പകുതിയില്‍ മൂന്നും രണ്ടാം പകുതില്‍ മൂന്നും തവണയാണ് ടീം ലിവര്‍പൂള്‍ വലയില്‍ പന്തെത്തിച്ചത്. മിനര്‍വയ്ക്കായി രാജ് സിങ് ഹാട്രിക്ക് നേടി. അസം ഖാന്‍ ഇരട്ട ഗോളുകളും വലയിലാക്കി. ശേഷിച്ച ഒരു ഗോള്‍ ലിഷാം അമര്‍സന്‍ സിങ് നേടി.
സ്‌പെയിനിലെ കോസ്റ്റ ബ്രാവ പ്രവിശ്യയിലാണ് വര്‍ഷങ്ങളായി ഈ പോരാട്ടം അരങ്ങേറുന്നത്. ലോക ക്ലബ് ഫുട്‌ബോളിലെ അതികായന്‍മാരായ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍ അടക്കമുള്ള ടീമുകള്‍ തങ്ങളുടെ കൗമാരപ്പടയെ ഇവിടെ കളിക്കാനിറക്കുന്നു. ഭാവിയിലെ താരങ്ങളെ വാര്‍ത്തെടുക്കാനുള്ള വേദിയിലാണ് ഇന്ത്യയുടെ അഭിമാന താരങ്ങള്‍ വമ്പന്‍ ജയം സ്വന്തമാക്കി ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചത്.
മിനര്‍വ ടീമിലെ നിലവിലെ ഈ സ്‌ക്വാഡ് കഴിഞ്ഞ വര്‍ഷവും യൂറോപ്പിനെ ഞെട്ടിച്ച സംഘമാണ്. ഈ ടീമിലെ മിക്ക താരങ്ങളും അണ്ടര്‍ 14 ടീമില്‍ കളിച്ചവരാണ്. കഴിഞ്ഞ സീസണില്‍ അണ്ടര്‍ 14 വിഭാഗത്തില്‍ നിലവിലെ സംഘം ഗോടിയ കപ്പ്, ഡാന കപ്പ്, നോര്‍വെ കപ്പ് എന്നിവ സ്വന്തമാക്കിയിരുന്നു. ആ മികവിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates