

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 180 റണ്‍സിന്റെ നിര്‍ണായക ലീഡ് പിടിച്ചെടുത്ത് ഇന്ത്യ. 84 റണ്‍സ് ചേര്‍ക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയ ഇംഗ്ലണ്ടിനെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹാരി ബ്രൂക്ക്- ജാമി സ്മിത്ത് സഖ്യം അവിശ്വസനീയമാം വിധം കരകയറ്റുകയായിരുന്നു. ഇരുവരും സെഞ്ച്വറി നേടി ഇന്ത്യന്‍ ബൗളര്‍മാരെ ഏറെനേരം വശംകെടുത്തി. ഈ കൂട്ടുകെട്ട് പൊളിച്ചതിനു പിന്നാലെ ശേഷിച്ച നാല് വിക്കറ്റുകള്‍ ഇന്ത്യ അതിവേഗം വീഴ്ത്തി ഇംഗ്ലണ്ടിനെ 407 റണ്‍സില്‍ പുറത്താക്കി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 587 റണ്‍സെടുത്തിരുന്നു.
ജസ്പ്രിത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജാണ് പോരാട്ടം ഏറ്റെടുത്തത്. ഒപ്പം ബുംറയുടെ പകരം പ്ലെയിങ് ഇലവനില്‍ എത്തിയ ആകാശ് ദീപും ചേര്‍ന്നതോടെ ഇംഗ്ലണ്ടിന്റെ കൗണ്ടര്‍ അറ്റാക്ക് മൂന്നാം ദിനത്തില്‍ മൂന്നാം സെഷനില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കായി. സിറാജ് 6 വിക്കറ്റുകളും ആകാശ് ദീപ് 4 വിക്കറ്റുകളും സ്വന്തമാക്കി.
184 റണ്‍സുമായി പുറത്താകാതെ നിന്നു പോരാട്ടം ഇന്ത്യന്‍ ക്യാംപിലേക്ക് നയിച്ച ജാമി സ്മിത്തിന് പിന്തുണയ്ക്കാന്‍ ആളില്ലാതെ കന്നി ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാകാത്ത സ്വപ്‌നമായി അവശേഷിപ്പിക്കേണ്ടി വന്നു. എങ്കിലും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഇന്നിങ്‌സാണ് താരം എഡ്ജ്ബാസ്റ്റണില്‍ കളിച്ചത്. കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് 24കാരന്‍ കുറിച്ചത്.
207 പന്തില്‍ 21 ഫോറും 4 സിക്‌സും സഹിതം സ്മിത്ത് 184 റണ്‍സെടുത്തു. ബ്രൂക്ക് 234 പന്തില്‍ 17 ഫോറും ഒരു സിക്സും സഹിതം 158 റണ്‍സും കണ്ടെത്തി. ഇരുവരും ചേര്‍ന്നു ആറാം വിക്കറ്റില്‍ 303 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. ഒടുവില്‍ ഹാരി ബ്രൂക്കിനെ ക്ലീന്‍ ബൗള്‍ഡാക്കി ആകാശ് ദീപാണ് ഇന്ത്യക്ക് ബ്രെയ്ക്ക് ത്രൂ നല്‍കിയത്. പിന്നാലെ താരം ക്രിസ് വോക്‌സിനേയും (5) മടക്കി. അവസാന മൂന്ന് ബാറ്റര്‍മാരായ ബ്രയ്ഡന്‍ കര്‍സ്, ജോഷ് ടോംഗ്, ഷൊയ്ബ് ബഷീര്‍ എന്നിവരെ സിറാജ് റണ്ണെടുക്കാന്‍ പോലും അനുവദിക്കാതെ കൂടാരം കയറ്റി ഇംഗ്ലീഷ് ഇന്നിങ്‌സിനു തിരശ്ശീലയിട്ടു.
വന്‍ തകര്‍ച്ചയില്‍ നിന്നു കൂറ്റനടികളുമായി ജാമി സ്മിത്ത് കളി ഇംഗ്ലണ്ടിന്റെ വരുതിയിലേക്ക് കൊണ്ടുവരികയായിരുന്നു. 80 പന്തില്‍ 14 ഫോറും 3 സിക്സും പറത്തി സ്മിത്ത് 101 റണ്‍സെടുത്താണ് രണ്ടാം ടെസ്റ്റ് സെഞ്ച്വറിയിലെത്തിയത്.
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയതിനു പിന്നാലെ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ആകാശ് ദീപ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചെങ്കില്‍ മൂന്നാം ദിനത്തില്‍ മുഹമ്മദ് സിറാജായിരുന്നു തുടരെ രണ്ട് പേരെ മടക്കി അവരെ വന്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിട്ടത്. 3 വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിന് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീടാണ് ബ്രൂക്കും സ്മിത്തും ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്.
മൂന്നാം ദിനം തുടക്കത്തില്‍ തന്നെ ജോ റൂട്ടിനെയാണ് സിറാജ് മടക്കിയത്. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പിടിനല്‍കിയാണ് റൂട്ടിന്റെ മടക്കം. റൂട്ട് 22 റണ്‍സെടുത്തു. പിന്നാലെ വന്ന ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ഗോള്‍ഡന്‍ ഡക്ക്. താരവും സിറാജിന്റെ പന്തില്‍ ഋഷഭ് പന്തിനു ക്യാച്ച് നല്‍കി പുറത്തായി.
രണ്ടാം ദിനമായ ഇന്നലെ ഇംഗ്ലണ്ടിനു മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. 19 റണ്‍സെടുത്ത സാക് ക്രൗളിയെ മുഹമ്മദ് സിറാജ് മടക്കി. ആദ്യം ബെന്‍ ഡക്കറ്റിനേയും (0), പിന്നാലെ ഒലി പോപ്പിനേയുമാണ് ആകാശ് ദീപ് തുടരെ മടക്കിയത്. താരം ഗോള്‍ഡന്‍ ഡക്കായിരുന്നു.
ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഐതിഹാസിക ഇന്നിങ്‌സാണ് ഒന്നാം ഇന്നിങ്‌സിലെ ഇന്ത്യന്‍ ബാറ്റിങിന്റെ ഹൈലൈറ്റ്. അവിസ്മരണീയ ബാറ്റിങുമായി കളം വാണ ക്യാപ്റ്റന്‍ ഗില്‍ കന്നി ഇരട്ട സെഞ്ച്വറി നേട്ടത്തോടെയാണ് ക്രീസ് വിട്ടത്. താരം 387 പന്തുകള്‍ നേരിട്ട് 30 ഫോറും 3 സിക്‌സും സഹിതം 269 റണ്‍സെടുത്തു മടങ്ങി. ഒരുവേള ട്രിപ്പിള്‍ സെഞ്ച്വറി നേട്ടത്തിലേക്ക് ക്യാപ്റ്റന്‍ എത്തുമെന്നു തോന്നിച്ചു. എന്നാല്‍ ജോഷ് ടോംഗ് ഗില്ലിനെ ഒലി പോപ്പിന്റെ കൈകളില്‍ എത്തിച്ചു. ഒന്നാം ദിനം ക്രീസിലെത്തിയ ഗില്‍ രണ്ടാം ദിനത്തില്‍ ഒന്‍പതാമനായാണ് മടങ്ങിയത്.
ക്യാപ്റ്റന്‍ പുറത്തായതിനു പിന്നാലെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സും അധികം നീണ്ടില്ല. ഇന്ത്യയുടെ പോരാട്ടം 587 റണ്‍സില്‍ അവസാനിച്ചു. ഒന്നാം ടെസ്റ്റില്‍ നിന്നു വിഭിന്നമായി ഇത്തവണ ഇന്ത്യന്‍ വാലറ്റം പിടിച്ചു നില്‍ക്കാന്‍ ആര്‍ജവം കാണിച്ചതോടെയാണ് 587 എന്ന മികച്ച സ്‌കോറിലെത്തിയത്.
കന്നി ഇരട്ട സെഞ്ച്വറിയുമായി ഗില്‍ ഇന്ത്യയെ മുന്നില്‍ നിന്നു നയിച്ചു. 311 പന്തുകള്‍ നേരിട്ട് 21 ഫോറും 2 സിക്‌സും സഹിതമാണ് താരം കന്നി ഇരട്ട സെഞ്ച്വറി കുറിച്ചത്. ഇംഗ്ലീഷ് മണ്ണില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന ആദ്യ ഇരട്ട സെഞ്ച്വറി കൂടിയാണിത്. ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇംഗ്ലീഷ് മണ്ണിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതുതന്നെ. മുഹമ്മദ് അസ്ഹറുദ്ദീന്‍ നേടിയ 179 റണ്‍സാണ് ഗില്‍ മറികടന്നത്.
മികച്ച ലീഡിനായി രണ്ടാം ദിനം കരുതലോടെയാണ് ഇന്ത്യ തുടങ്ങിയത്. 5 വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. അര്‍ധ സെഞ്ച്വറിക്കു പിന്നാലെ ജഡേജ അതിവേഗം സ്‌കോര്‍ ചെയ്തു. ഒപ്പം ഗില്ലും കൂടിയതോടെ ഇന്ത്യ രണ്ടാം സെഷന്റെ തുടക്കത്തില്‍ തന്നെ 400 കടന്നു. പിന്നാലെയാണ് ജഡേജ മടങ്ങിയത്. താരത്തെ ജോഷ് ടോംഗാണ് മടക്കിയത്. അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ജഡേജ 89 റണ്‍സില്‍ പുറത്തായി. ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഗില്ലിനൊപ്പം 203 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുയര്‍ത്തിയാണ് ജഡേജ മടങ്ങിയത്. 137 പന്തുകള്‍ നേരിട്ട് 10 ഫോറും ഒരു സിക്സും സഹിതം ജഡേജ 89 റണ്‍സെടുത്തു.
ജഡേജയ്ക്കു പിന്നാലെ രണ്ടാം ടെസ്റ്റില്‍ അവസരം കിട്ടിയ വാഷിങ്ടന്‍ സുന്ദര്‍ എത്തി. താരവും ക്യാപ്റ്റനു ഉറച്ച പിന്തുണ നല്‍കിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 500 കടന്നത്. വാഷിങ്ടന്‍ 3 ഫോറും ഒരു സിക്സും സഹിതം 42 റണ്‍സെടുത്തു. പിന്നീട് വന്ന ആകാശ് ദീപ് 6 റണ്‍സുമായി പുറത്തായി. മുഹമ്മദ് സിറാജ് 8 റണ്‍സെടുത്ത് അവസാന വിക്കറ്റായി പുറത്തായതോടെ ഇന്ത്യന്‍ ഇന്നിങ്‌സും അവസാനിച്ചു. പ്രസിദ്ധ് കൃഷ്ണ 5 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ സെഞ്ച്വറി വക്കില്‍ വീണു. ജയ്സ്വാള്‍ 107 പന്തില്‍ 13 ഫോറുകളോടെ 87 റണ്‍സെടുത്താണ് പുറത്തായത്. ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ ജാമി സ്മിത്തിന് ക്യാച്ച് സമ്മാനിച്ചാണ് ജയ്സ്വാള്‍ പുറത്തായത്. ഓപ്പണര്‍ കെഎല്‍ രാഹുല്‍ (26 പന്തില്‍ രണ്ട്), കരുണ്‍ നായര്‍ (50 പന്തില്‍ 31), ഋഷഭ് പന്ത് (42 പന്തില്‍ 25), നിതീഷ് കുമാര്‍ റെഡ്ഡി (6 പന്തില്‍ 1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.
ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ 3 വിക്കറ്റുകള്‍ നേടി. ക്രിസ് വോക്‌സ്, ജോഷ് ടോംഗ് എന്നിവര്‍ രണ്ടും, ബെന്‍ സ്റ്റോക്‌സ്, ബ്രൈഡന്‍ കര്‍സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Mohammed Siraj makes it six and hands India a sizeable 180-run lead. The visitors have 18 overs left in the day and will be aiming to make the most of it and extend the lead further.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates