400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി; എംപി ജാബിർ ടോക്യോയിലേക്ക്
ന്യൂഡൽഹി: 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം എംപി ജാബിറിന് ഒളിംപിക്സ് യോഗ്യത. ഹർഡിൽസിൽ ഒളിംപിക് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായും ഇതോടെ ജാബിർ മാറി. മലപ്പുറം ആനക്കയം മുടിക്കോട് സ്വദേശിയാണ് ഈ 25 കാരൻ.
ജാവലിൻ ത്രോ താരം അന്നു റാണി, സ്പ്രിന്റർ ദ്യുതി ചന്ദ് എന്നിവരും യോഗ്യത സ്വന്തമാക്കിയിട്ടുണ്ട്. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേർക്കും യോഗ്യത ലഭിച്ചത്. ഒളിമ്പിക്സിനുള്ള യോഗ്യതാ മത്സരങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. യോഗ്യതാ മാർക്ക് മറികടന്നവരെ ഒഴിച്ചുനിർത്തി ശേഷിക്കുന്ന റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് മൂവരും ടോക്യോ ടിക്കറ്റ് ഉറപ്പിച്ചത്.
4x400 മീറ്റർ മിക്സഡ് റിലേ ടീം, പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പ്ൾചേസിൽ അവിനാശ് സാബ്ലെ, പുരുഷൻമാരുടെ ഷോട്ട് പുട്ടിൽ തജീന്ദർപാൽ സിങ, പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ ശിവ്പാൽ സിങ, നീരജ് ചോപ്ര, പുരുഷൻമാരുടെ ലോങ് ജമ്പിൽ എം ശ്രീശങ്കർ, വനിതകളുടെ ഡിസ്കസ് ത്രോയിൽ കമൽപ്രീത് കൗർ, നടത്ത മത്സരത്തിൽ കെടി ഇർഫാൻ, സന്ദീപ് കുമാർ, രാഹുൽ രോഹില, ഭാവ്ന ജത്, പ്രിയങ്ക ഗോസ്വാമി എന്നവിരും ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടുണ്ട്.
2017ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ ജാബിർ വെങ്കലം നേടിയിരുന്നു. 2019-ൽ ദോഹയിൽ സ്ഥാപിച്ച 49.13 സെക്കന്റാണ് 400 മീറ്റർ ഹർഡിൽസിലെ ജാബിറിന്റെ മികച്ച സമയം.
100 മീറ്ററിലും 200 മീറ്ററിലും ഇന്ത്യയുടെ പ്രതീക്ഷയായ ദ്യുതി ചന്ദ് രണ്ടാം തവണയാണ് ഒളിമ്പിക്സിന് യോഗ്യത നേടുന്നത്. റിയോ ഒളിമ്പിക്സിലും താരം ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. വനിതാ ജാവലിൻ ത്രോയിൽ ദേശീയ റെക്കോഡിനുടമയായ അന്നു റാണിയുടെ ആദ്യ ഒളിമ്പിക്സാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
