ലോങ് ജംപില്‍ മുരളി ശ്രീശങ്കറിന് തുടര്‍ച്ചയായ രണ്ടാം വെള്ളി; സ്വര്‍ണം നഷ്ടമായത് നേരിയ വ്യത്യാസത്തില്‍, ചരിത്രം കുറിച്ച് മലയാളി താരം

പാരാ അത്‌ലറ്റിക്സില്‍ ഇന്ത്യക്ക് ഇരട്ടനേട്ടം
Murali Sreeshankar
മുരളി ശ്രീശങ്കര്‍ ലോങ് ജംപ് ഫൈനലില്‍PTI Photo
Updated on
2 min read

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്സില്‍ ഇന്ത്യയുടെ മുന്നേറ്റം തുടരുന്നു. പുരുഷന്മാരുടെ ലോങ് ജംപില്‍ മലയാളി താരം മുരളി ശ്രീശങ്കര്‍ വെള്ളി മെഡല്‍ നേടി. തുടര്‍ച്ചയായ രണ്ടാം കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ശ്രീശങ്കര്‍ പോഡിയത്തില്‍ ഇടംപിടിക്കുന്നത്. 2022ല്‍ ബര്‍മിങ്ഹാം ഗെയിംസിലും ശ്രീശങ്കര്‍ വെള്ളി നേടിയിരുന്നു.

സ്‌കോട്ട്സ്റ്റൗണ്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ 8.09 മീറ്റര്‍ ദൂരം ചാടിയാണ് 27കാരനായ ശ്രീശങ്കര്‍ രണ്ടാമതെത്തിയത്. 8.15 മീറ്റര്‍ ചാടിയ മുന്‍ ലോക ചാംപ്യന്‍ ജമൈക്കയുടെ താജെ ഗെയ്ല്‍ സ്വര്‍ണം നേടി. മത്സരത്തിന്റെ പകുതി ഘട്ടം വരെ ശ്രീശങ്കര്‍ തന്നെയായിരുന്നു മുന്നില്‍. എന്നാല്‍ നാലാം ശ്രമത്തില്‍ ഗെയ്ല്‍ മികച്ച ദൂരം കണ്ടെത്തി സ്വര്‍ണം ഉറപ്പിച്ചു. കേവലം 6 സെ.മീ വ്യത്യാസത്തിലാണ് ശ്രീശങ്കറിന് സ്വര്‍ണം നഷ്ടമായത്.

സ്‌കോട്ട്ലന്‍ഡിന്റെ സ്റ്റീഫന്‍ മക്കെന്‍സി (8.08 മീറ്റര്‍) വെങ്കലം നേടി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ലോങ് ജംപ് താരമാണ് ശ്രീശങ്കര്‍. കാല്‍മുട്ടിനേറ്റ പരിക്ക് മൂലം 2024ലെ പാരിസ് ഒളിംപിക്സ് നഷ്ടമായതിന് ശേഷമുള്ള ശ്രീശങ്കറിന്റെ മികച്ച തിരിച്ചുവരവ് കൂടിയാണിത്. മത്സരത്തില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യന്‍ താരം ലോകേഷ് സത്യനാഥന്‍ 7.97 മീറ്റര്‍ ദൂരത്തോടെ അഞ്ചാം സ്ഥാനത്തെത്തി.

പാരാ അത്‌ലറ്റിക്സില്‍ ഇന്ത്യയുടെ മിന്നും പ്രകടനം

പാരാ അത്‌ലറ്റിക്സ് വിഭാഗത്തിലും ഇന്ത്യ വന്‍ നേട്ടം കൊയ്തു. പുരുഷന്മാരുടെ 100 മീറ്റര്‍ ടി47 ഫൈനലില്‍ ദിലീപ് ഗവിത് സ്വര്‍ണവും മുഹമ്മദ് ബാസില്‍ വെള്ളിയും നേടി ഇരട്ടനേട്ടം സ്വന്തമാക്കി. 10.71 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ദിലീപ് ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണത്തിലേക്ക് കുതിച്ചെത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ അത്ലറ്റിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന ചരിത്രനേട്ടവും ദിലീപ് സ്വന്തമാക്കി. 10.83 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മുഹമ്മദ് ബാസില്‍ വെള്ളി നേടിയത്.

മറ്റു പ്രകടനങ്ങള്‍:

  • വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ്: ദേശീയ റെക്കോര്‍ഡ് ഉടമ പരുള്‍ ചൗധരി 9:26.75 സമയം കുറിച്ച് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വ്യാഴാഴ്ച നടക്കുന്ന 5000 മീറ്ററില്‍ പരുള്‍ വീണ്ടും മത്സരത്തിനിറങ്ങും.

  • വനിതകളുടെ ഷോട്ട്പുട്ട്: ഇന്ത്യയുടെ മന്‍പ്രീത് കൗര്‍ 17.49 മീറ്റര്‍ എറിഞ്ഞ് നാലാം സ്ഥാനത്തായി. അവസാന ഘട്ടം വരെ മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും നേരിയ വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്.

  • പുരുഷന്മാരുടെ ഷോട്ട്പുട്ട്: തജീന്ദര്‍പാല്‍ സിങ് തൂര്‍ (20.14 മീറ്റര്‍), സമര്‍ദീപ് സിങ് ഗില്‍ (19.95 മീറ്റര്‍) എന്നിവര്‍ ഫൈനലിലേക്ക് യോഗ്യത നേടി.

  • പുരുഷന്മാരുടെ 200 മീറ്റര്‍: അനിമേഷ് കുജൂര്‍ സീസണിലെ മികച്ച സമയത്തോടെ (20.46 സെക്കന്‍ഡ്) സെമിഫൈനലിലേക്ക് യോഗ്യത നേടി.

  • 400 മീറ്റര്‍ ഹര്‍ഡില്‍സ്: സന്തോഷ് കുമാര്‍ തമിഴരശന്‍, യാഷസ് പാലാക്ഷ എന്നിവര്‍ പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ ഇടം നേടി.

Murali Sreeshankar
ഗ്ലാസ്‌ഗോയില്‍ ചരിത്രം കുറിച്ച് ഗുല്‍വീര്‍ സിങ്; 10,000 മീറ്ററില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം
Murali Sreeshankar
സീചെം ട്രോഫിയിൽ കേരളത്തിന് ആദ്യ തോൽവി: ഹിമാചൽ പ്രദേശിന്റെ വിജയം ഏഴ് വിക്കറ്റിന്
Murali Sreeshankar
ശുഭ്മന്‍ ഗില്‍ ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്; ടി20യില്‍ വൈഭവ് സൂര്യവംശിക്ക് വന്‍കുതിപ്പ്
Summary

Commonwealth Games 2026: Murali Sreeshankar wins second straight long jump silver medal at CWG

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com