

മെല്‍ബണ്‍: ടീമിനുള്ളിലെ പരിക്ക് വീണ്ടും ടി നടരാജന് തുണയാവുന്നു. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഉമേഷ് യാദവിന് പകരം ടി നടരാജന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും.
വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെയാണ് നടരാജന്‍ ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുന്നത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ നടരാജന്‍ ടീമിലേക്ക് എത്തി. ഏകദിനത്തിലും ടി20യിലും മികവ് കാണിച്ച് നടരാജന് ഇപ്പോള്‍ ടെസ്റ്റ് ടീമിലേക്കും വിളി എത്തുകയാണ്.
പരിക്കേറ്റ് പുറത്തായ മുഹമ്മദ് ഷമിക്ക് പകരം ഷര്‍ദുല്‍ താക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. നവ്ദീപ് സെയ്‌നിയും ടീമിലുണ്ട്. എന്നാല്‍ നടരാജന്റെ വേരിയേഷനുകളില്‍ പ്രതീക്ഷ വെച്ച് ഇന്ത്യ താരത്തെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നഥാന്‍ ലിയോണിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക് സൃഷ്ടിക്കുന്ന കാല്‍പാടുകള്‍ പോലെ, രവീന്ദ്ര ജഡേജയ്ക്കും അശ്വിനും സഹായകമാവുന്ന നിലയില്‍ നടരാജന് കണ്ടെത്താന്‍ കഴിയുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
നടരാജന് പുറമെ കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരും പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. മായങ്ക് അഗര്‍വാളിനും, ഹനുമാ വിഹാരിക്കുമായിരിക്കും പുറത്തേക്ക് പോവേണ്ടി വരിക. രണ്ട് ടെസ്റ്റില്‍ നിന്ന് 31 റണ്‍സ് ആണ് മായങ്ക് നേടിയത്.
വിഹാരി നേടിയത് 45 റണ്‍സും. രോഹിത് ശര്‍മ ഓപ്പണിങ്ങിലേക്ക് എത്താന്‍ തന്നെയാണ് സാധ്യത കൂടുതല്‍. അതല്ല മധ്യനിരയിലേക്ക് രോഹിത് ഇറങ്ങിയാല്‍ ഗില്ലിനൊപ്പം രാഹുല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ജനുവരി ഏഴിനാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates