അമ്പരപ്പിക്കും ക്രിക്കറ്റ് പോര്! ഒന്ന്, രണ്ട് സൂപ്പർ ഓവറുകളിലും കളി തീർന്നില്ല, ഒടുവിൽ...

നെതര്‍ലന്‍ഡ്‌സ്- നേപ്പാള്‍ ടി20 പോരാട്ടം ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി
Netherlands beat Nepal in third Super Over, first time in history of T20 cricket
നെതർലൻഡ്സ്- നേപ്പാൾ മത്സരത്തിൽ നിന്ന് (Netherlands beat Nepal)x
Updated on
2 min read

ഗ്ലാസ്‌ഗോ: ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി 3 സൂപ്പര്‍ ഓവര്‍ പോരാട്ടങ്ങള്‍! നെതര്‍ലന്‍ഡ്‌സും നേപ്പാളും (Netherlands beat Nepal) തമ്മിലുള്ള പോരാട്ടമാണ് ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചത്. സ്‌കോട്‌ലന്‍ഡ് ത്രിരാഷ്ട്ര ടി20 മത്സരമാണ് നാടകീയ പോരാട്ടത്തിനു വേദിയായത്.

മത്സരത്തിന്റെ നിശ്ചിത ഓവറില്‍ ഇരു ടീമുകളും എടുത്ത റണ്‍സുകള്‍ സമനിലയില്‍ അവസാനിച്ചു. പിന്നാലെ ആദ്യ സൂപ്പര്‍ ഓവറും രണ്ടാമത്തെ സൂപ്പര്‍ ഓവറും ഒപ്പത്തിനൊപ്പം തന്നെ നിന്നു. ഒടുവില്‍ ഫലം നിര്‍ണയിക്കപ്പെട്ടത് മൂന്നാം സൂപ്പര്‍ ഓവറില്‍. മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് വിജയം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് എടുത്തത്. 153 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ നേപ്പാള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് തന്നെ കണ്ടെത്തി.

ഒന്നാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്തത് നേപ്പാളായിരുന്നു. അവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെടുത്തു. മറുപടി പറഞ്ഞ നെതര്‍ലന്‍ഡ്‌സ് 18 റണ്‍സാണ് ബാറ്റ് ചെയ്ത് സ്വന്തമാക്കിയത്. ഒരു റണ്‍സ് എക്‌സ്ട്രാ ഇനത്തിലായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ അവരുടെ സ്‌കോറും 19 റണ്‍സില്‍ അവസാനിച്ചു.

രണ്ടാം സൂപ്പര്‍ ഓവറില്‍ നെതര്‍ലന്‍ഡ്‌സാണ് ആദ്യം ബാറ്റ് ചെയ്തത്. അവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സെടുത്തു. നേപ്പാള്‍ വിക്കറ്റ് നഷ്ടമില്ലാതെ എടുത്തത് 17 റണ്‍സ്.

മൂന്നാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാളിന് 4 പന്തിനിടെ 2 വിക്കറ്റുകള്‍ നഷ്ടമായി. റണ്ണൊന്നും എടുക്കാനും സാധിച്ചില്ല. നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെ എറിഞ്ഞ ആദ്യ പന്ത് തന്നെ സിക്‌സര്‍ തൂക്കി മിഷേല്‍ ലെവിറ്റ് നെതര്‍ലന്‍ഡ്‌സിനു വിജയവും സമ്മാനിച്ചു. അങ്ങനെ അപൂര്‍വമയൊരു പോരാട്ടത്തിനു ഒടുവില്‍ ഫലമുണ്ടായി.

നിശ്ചിത ഓവറില്‍ നെതര്‍ലന്‍ഡ്‌സിനായി തേജ നിദമനുരുവാണ് ബാറ്റിങില്‍ തിളങ്ങിയത്. താരം 35 റണ്‍സെടുത്തു. വിക്രംജിത് സിങ് 30 റണ്‍സും കണ്ടെത്തി. 12 പന്തില്‍ പുറത്താകാതെ 25 റണ്‍സ് അടിച്ചെടുത്ത സഖിബ് സുല്‍ഫിഖറാണ് സ്‌കോര്‍ 150 കടത്തിയത്.

നേപ്പാളിനായി സന്ദീപ് ലാമിച്ചാനെ 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. നന്ദന്‍ യാദവ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

ജയം തേടിയിറങ്ങിയ നേപ്പാളിനായി ക്യാപ്റ്റന്‍ രോഹിത് പൗഡല്‍ 35 പന്തില്‍ 48 റണ്‍സ് കണ്ടെത്തി. ഓപ്പണര്‍ കുശാല്‍ ഭുര്‍ടല്‍ 23 പന്തില്‍ 34 റണ്‍സും വാരി. രുപേഷ് സിങ് 14 പന്തില്‍ 19 റണ്‍സും കണ്ടെത്തി. എന്നാല്‍ മറ്റാരും തിളങ്ങിയില്ല. ഇതോടെയാണ് നേപ്പാളിന്റെ പോരാട്ടവും 152ല്‍ തന്നെ അവസാനിച്ചത്.

നെതര്‍ലന്‍ഡ്‌സിനായി ഡാനിയല്‍ ഡോറം 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ സ്വന്തമാക്കി. വിക്രംജിത് സിങ് ബൗളിങിലും തിളങ്ങി. താരം 2 വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com