

സാവോ പോളോ: കോപ്പ അമേരിക്ക പോരിനുള്ള 24 അംഗ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ച് കോച്ച് ടിറ്റേ. നെയ്മർ ബ്രസീൽ ആക്രമണത്തിന് നേതൃത്വം നൽകുമ്പോൾ പ്രതിരോധഝ നിരക്ക് കരുത്ത് കൂട്ടാൻ തിയാഗോ സിൽവയും ടീമിലേക്കെത്തി. സൗത്ത് അമേരിക്കൻ യോഗ്യതാ മത്സരങ്ങൾക്കിറങ്ങിയ ടീമിൽ വലിയ മാറ്റങ്ങളില്ലാതെയാണ് കോപ്പ അമേരിക്കയ്ക്കുള്ള സംഘത്തേയും ബ്രസീൽ പ്രഖ്യാപിച്ചിരിക്കുന്നത്.
പരിക്കിനെ തുടർന്ന് ചെൽസി പ്രതിരോധ നിര താരം തിയാഗോ സിൽവയ്ക്ക് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നഷ്ടമായിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരിന് ഇടയിലാണ് തിയാഗോ സിൽവയ്ക്ക് പരിക്കേറ്റത്. ഡാനി ആൽവ്സിന് പകരം ബാഴ്സ താരം എമേഴ്സൻ ടീമിലേക്ക് എത്തി.
ഈ വർഷം നടക്കുന്ന ടോക്യോ ഒളിംപിക്സിലും ബ്രസീലിന് വേണ്ടി കളിക്കാൻ ഇറങ്ങാൻ നെയ്മർ താത്പര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ടോക്യോ ഒളിംപിക്സ് തിയതിയും ഫ്രഞ്ച് ലീഗ് ആരംഭിക്കുന്ന സമയവും ഒരുമിച്ച് വരുന്നതിനാൽ നെയ്മർക്ക് ബ്രസീൽ ടീമിനൊപ്പം ചേരാനാവുമോ എന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്. ഫിഫയുടെ ഇന്റർനാഷണൽ മാച്ച് കലണ്ടറിൽ ടോക്യോ ഒളിംപിക്സ് ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ നെയ്മറെ പിഎസ്ജി ബ്രസീലിനായി കളിക്കാൻ വിട്ടേക്കില്ല.
ജൂലൈ 10നാണ് കോപ്പ അമേരിക്ക ഫൈനൽ. ടോക്യോ ഒളിംപിക്സിലെ ബ്രസീലിന്റെ ആദ്യ മത്സരം ജൂലൈ 22നാണ്. ഫൈനൽ ഓഗസ്റ്റ് ഏഴിനും. ഓഗസ്റ്റ് ഏഴിനാണ് ഫ്രഞ്ച് ലീഗ് ആരംഭിക്കുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഒളിംപിക്സ് സാധ്യമാവുമോ എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates