

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ടീമിൽ അഴിച്ചുപണികളുണ്ടാവുമെന്ന സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ് ലി. ഓരോ ഇടത്തും വരേണ്ട ശരിയായ ചിന്താഗതിയുള്ള താരങ്ങളെ കൊണ്ടുവരേണ്ടതുണ്ട്. കൂടുതൽ വിലയിരുത്തലുകളും ചർച്ചകളും നടത്തി എവിടെയെല്ലാമാണോ ശക്തിപ്പെടുത്തൽ വേണ്ടത് എന്ന് കണ്ടെത്തുമെന്ന് കോഹ് ലി പറഞ്ഞു.
ഇതിനായി ഒരു വർഷമോ മറ്റുമൊന്നും കാത്തിരിക്കില്ല. മുൻപോട്ടുള്ള പദ്ധതികൾ തയ്യാറാക്കേണ്ടതുണ്ട്. വൈറ്റ്ബോൾ ടീം നോക്കിയാൽ കളിക്കാർ തയ്യാറാണെന്ന് കാണാം. ആത്മവിശ്വാസത്തിലാണ് അവർ. ടെസ്റ്റ് ക്രിക്കറ്റിലും അങ്ങനെയാവണം. ടീമിന് എന്താണ് ബലം നൽകുന്നത് എന്നത് വിലയിരുത്തലുകളിലൂടെ കണ്ടെത്തണം. എങ്ങനെ നമുക്ക് നിർഭയമായ ടീമായി മാറാമെന്നും കണ്ടെത്തണം.
റൺസ് സ്കോർ ചെയ്യുന്നതിൽ നമ്മൾ വഴികൾ കണ്ടെത്തേണ്ടതുണ്ട്. കളിയെ നമ്മുടെ കൈകളിൽ നിന്നും ഏറെ അകന്ന് പോവാൻ ഒരു സമയത്തും അനുവദിക്കരുത്. ബൗളർമാരെ സമ്മർദത്തിലാക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഒരു ഏരിയയിൽ തന്നെ കൂടുതൽ സമയം പന്തെറിയാൻ ബൗളർമാരെ അനുവദിക്കരുത്, കോഹ് ലി പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള പ്ലേയിങ് ഇലവൻ തെരഞ്ഞെടുപ്പിൽ കുറ്റബോധമില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ് ലി. ഫൈനലിൽ ന്യൂസിലാൻഡിനോട് എട്ട് വിക്കറ്റ് തോൽവി നേരിട്ടതിന് പിന്നാലെയാണ് കോഹ് ലിയുടെ വാക്കുകൾ.
നമുക്കവിടെ ഒരു ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടർ വേണമായിരുന്നു. ഈ കോമ്പിനേഷനുമായി വ്യത്യസ്ത സാഹചര്യങ്ങളിൽ നമ്മൾ മികവ് കാണിച്ചിട്ടുണ്ട്. ഇതാണ് നമ്മുടെ മികച്ച കോമ്പിനേഷൻ എന്ന് കരുതി. ബാറ്റിങ് വിഭാഗത്തിൽ വേണ്ട ആഴവും ഉണ്ടായിരുന്നു. കൂടുതൽ സമയം ലഭിച്ചിരുന്നു എങ്കിൽ കളിയിലേക്ക് കൂടുതൽ നന്നായി ഇറങ്ങിച്ചെല്ലാൻ സ്പിന്നർമാർക്ക് സാധിച്ചാനെ, കോഹ് ലി പറഞ്ഞു.
ഹർദിക് പാണ്ഡ്യയുടെ അഭാവമാണ് ഇവിടെ ഇന്ത്യയെ കുഴക്കുന്നത്. ഓസ്ട്രേലിയൻ പര്യടനത്തിൽ ശർദുൽ താക്കൂർ തന്റെ ബാറ്റിങ് മികവ് പുറത്തെടുത്തിരുന്നു. എന്നാൽ ശർദുലിനെ ഫൈനലിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. രണ്ട് സ്പിന്നർമാരുമായി ഇന്ത്യ ഇറങ്ങിയപ്പോൾ ഒരു സ്പിന്നറെ പോലും ഫീൽഡിൽ ഇറക്കാതെയാണ് ന്യൂസിലാൻഡ് ഫൈനൽ കളിച്ചത്.
ആദ്യ ദിനം മഴയെ തുടർന്ന് നഷ്ടമായിരുന്നു. കളി പുനരാരംഭിച്ചപ്പോൾ പ്രയാസം നേരിട്ടു. ആദ്യം നമ്മുടെ മൂന്ന് വിക്കറ്റ് മാത്രമാണ് വീണത്. തടസങ്ങൾ വരാതെ കളി മുൻപോട്ട് പോയിരുന്നു എങ്കിൽ ഇതിലും കൂടുതൽ റൺസ് കണ്ടെത്താൻ സാധിക്കുമായിരുന്നു എന്നും കോഹ് ലി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates