

പല്ലക്കീല്‍: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ രണ്ടാം പോരില്‍ പാകിസ്ഥാനെ 2 വിക്കറ്റിനു വീഴ്ത്തി ഇംഗ്ലണ്ട് സെമി ഉറപ്പിച്ചതോടെ ഗ്രൂപ്പ് ബിയില്‍ ഒരു സെമി സ്ഥാനം മാത്രമേ ഇനി അറിയാനുള്ളു. ഇതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച സ്ഥിതിയാണ്. അടുത്ത മത്സരം ജയിച്ചാലും സെമിയിലെത്തുന്ന കാര്യം സംശയത്തില്‍.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് 19.1 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് അടിച്ചെടുത്താണ് വിജയം പിടിച്ചത്.
പാകിസ്ഥാന്‍ സെമി കാണണമെങ്കില്‍ ഇനി അത്ഭുതങ്ങള്‍ നടക്കേണ്ടി വരുമെന്ന നിലയാണ്. നിലവില്‍ ഈ ഗ്രൂപ്പില്‍ പാകിസ്ഥാനും ന്യൂസിലന്‍ഡിനും ഓരോ പോയിന്റാണുള്ളത്. ന്യൂസിലന്‍ഡിനു ഇനി മത്സരം ശ്രീലങ്കയും ഇംഗ്ലണ്ടുമായുമാണ്.
സാധ്യത ഒന്ന്
പാകിസ്ഥാന്റെ അടുത്ത പോരാട്ടം ശ്രീലങ്കയുമായാണ്. ഈ മത്സരം പാകിസ്ഥാന്‍ ജയിക്കണം. ശ്രീലങ്കയും ഇംഗ്ലണ്ടും ന്യൂസിന്‍ഡിനെ തോല്‍പ്പിക്കുകയും വേണം. അപ്പോള്‍ ന്യൂസിലന്‍ഡിനു ഒരു പോയിന്റും ശ്രീലങ്കയ്ക്ക് രണ്ട് പോയിന്റുമായിരിക്കും. അങ്ങനെ പാകിസ്ഥാന് സെമിയിലെത്താം.
സാധ്യത രണ്ട്
പാകിസ്ഥാന്‍ വലിയ മാര്‍ജനില്‍ ശ്രീലങ്കയെ വീഴ്ത്തണം. ന്യൂസിലന്‍ഡ് ശ്രീലങ്ക, ഇംഗ്ലണ്ട് പോരാട്ടത്തില്‍ ഒന്ന് ജയിക്കുകയും അവരുടെ നെറ്റ് റണ്‍റേറ്റ് താഴെ നില്‍ക്കുകയും ചെയ്യണം. അങ്ങനെ സംഭവിച്ചാല്‍ ന്യൂസിലന്‍ഡിനും പാകിസ്ഥാനും 3 പോയിന്റുകള്‍. നെറ്റ് റണ്‍റേറ്റ് ബലത്തില്‍ അപ്പോള്‍ പാകിസ്ഥാന് സെമി കാണാം.
പാകിസ്ഥാന് ന്യൂസിലന്‍ഡിന്റെ കളി നോക്കി അവസാന പോരാട്ടത്തില്‍ ശ്രീലങ്കയെ നേരിടാനുള്ള തന്ത്രം ആവിഷ്‌കരിക്കാന്‍ സമയം കിട്ടും എന്നതു മാത്രമാണ് നിലവില്‍ അവര്‍ക്ക് ആശ്വസിക്കാനുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates