

കൊളംബോ: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ താരമായി പതും നിസ്സങ്ക. താരം ഇരട്ട സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. ഇതോടെ ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന ശ്രീലങ്കന്‍ റെക്കോര്‍ഡും താരത്തിന്റെ പേരിലായി. മാത്രമല്ല ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കന്‍ താരമായും നിസ്സങ്ക മാറി.
139 പന്തുകള്‍ നേരിട്ട് 210 റണ്‍സാണ് താരം വാരിയത്. 20 ഫോറുകളും എട്ട് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ബാറ്റിങ്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ 12ാം ഇരട്ട സെഞ്ച്വറി കൂടിയാണ് പല്ലെകീലില്‍ താരം നേടിയത്. ഏകദിനത്തില്‍ താരം നേടുന്ന നാലാം സെഞ്ച്വറിയാണിത്.
ഇതിഹാസ ഓപ്പണര്‍ സനത് ജയസൂര്യയുടെ പേരിലായിരുന്നു ഏകദിനത്തില്‍ ഒരു ശ്രീലങ്കന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ്. ഈ നേട്ടമാണ് നിസ്സങ്ക പിന്തള്ളിയത്. ഇന്ത്യക്കെതിരെ 2000ത്തില്‍ ഷാര്‍ജയിലാണ് ജയസൂര്യ ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയത്. 189 റണ്‍സാണ് ജയസൂര്യ അന്നു നേടിയത്. 24 വര്‍ഷമായി തകരാതെ നിന്ന നേട്ടമാണ് പതും നിസ്സങ്ക വ്യക്തിഗത സ്‌കോര്‍ 210ല്‍ എത്തിച്ച് മറികടന്നത്. തന്റെ റെക്കോര്‍ഡ് മറികടന്ന നിസ്സങ്കയെ ഇതിഹാസ താരം അഭിനന്ദിച്ചു.
ഏകദിനത്തില്‍ ഇതു 12ാം തവണയാണ് ഇരട്ട സെഞ്ച്വറി പിറക്കുന്നത്. അതില്‍ തന്നെ രോഹിത് ശര്‍മ മൂന്ന് തവണ ഇരട്ട സെഞ്ച്വറി നേടി. ഈ പട്ടികയില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും രോഹിതിന്റെ പേരില്‍ തന്നെ 264 റണ്‍സ്.
ഒന്നാം ഏകദിനത്തില്‍ ശ്രീലങ്ക 42 റണ്‍സിന്റെ വിജയമാണ് പിടിച്ചത്. നിസ്സങ്കയുടെ കരുത്തില്‍ ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു പൊരുതി വീണു. അവരുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സില്‍ അവസാനിച്ചു.
55 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ സ്ഥലത്തു നിന്നാണ് അവര്‍ പോരുതിയത്. ഒരുവേള അട്ടിമറി വിജയം വരെ അവര്‍ മുന്നില്‍ കണ്ടു. അഫ്ഗാനു വേണ്ടി അസ്തുല്ല ഒമര്‍സായ് (149*), മുഹമ്മദ് നബി (136) എന്നിവര്‍ സെഞ്ച്വറിയുമായി പൊരുതിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല.
ഏകദിനത്തിലെ ഇരട്ട സെഞ്ച്വറികള്‍
രോഹിത് ശര്‍മ- 264
മാര്‍ട്ടിന്‍ ഗപ്റ്റില്‍- 237*
വീരേന്ദര്‍ സെവാഗ്- 219
ക്രിസ് ഗെയില്‍- 215
ഫഖര്‍ സമാന്‍- 210*
പതും നിസ്സങ്ക- 210*
ഇഷാന്‍ കിഷന്‍- 209
രോഹിത് ശര്‍മ- 209
രോഹിത് ശര്‍മ- 208*
ശുഭ്മാന്‍ ഗില്‍- 208
ഗ്ലെന്‍ മാക്‌സ്‌വെല്‍- 201*
സച്ചിന്‍ ടെണ്ടുല്‍ക്കര്‍- 200*
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates