

ഇസ്ലാമബാദ്: 29 വർഷങ്ങൾക്കു ശേഷം ഐസിസി പോരാട്ടത്തിനു ആതിഥേയത്വം വഹിച്ച പാകിസ്ഥാന് കളത്തിലും നടത്തിപ്പിലും നഷ്ടം മാത്രം. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിന്റെ നടത്തിപ്പ് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നു റിപ്പോർട്ടുകൾ. ഒരു ജയം പോലുമില്ലാതെ ആദ്യ റൗണ്ടിൽ തന്നെ നാണംകെട്ടു പുറത്തായ അവർക്ക് നടത്തിപ്പിനായി ചെലവാക്കിയ തുകയിൽ 869 കോടി രൂപയുടെ (85 ശതമാനം) നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ട് പറയുന്നത്.
ടൂർണമെന്റിൽ ഒരു മത്സരം മാത്രമാണ് അവർക്ക് സ്വന്തം നാട്ടിൽ കളിക്കാൻ സാധിച്ചത്. അതിൽ അവർ തോൽക്കുകയും ചെയ്തു. ന്യൂസിലൻഡുമായുള്ള ആദ്യ മത്സരമായിരുന്നു ഇത്. പിന്നാലെ ഇന്ത്യക്കെതിരായ പോരാട്ടം ദുബായിലാണ് പാക് ടീം കളിച്ചത്. മൂന്നാം പോരാട്ടം ബംഗ്ലാദേശിനെതിരെ. കളി മഴയെടുത്തതോടെ സ്വന്തം നാട്ടിൽ ഒരു പന്തു പോലും എറിയാതെ ഉപേക്ഷിക്കേണ്ടി വന്നു. അവർ പുറത്താകുകയും ചെയ്തു. ആരാധകരിൽ വലിയ രോഷത്തിനു ഇടയാക്കിയിരുന്നു ടീമിന്റെ പ്രകടനം. പിന്നാലെയാണ് നഷ്ട കണക്കുകളും പുറത്തു വന്നിരിക്കുന്നത്.
ദി ടെലഗ്രാഫാണ് കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. മൂന്ന് സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി പാക് ബോർഡ് 58 മില്ല്യൺ ഡോളറാണ് ചെലവിട്ടത്. റാവൽപിണ്ടി, കറാച്ചി, ലാഹോർ സ്റ്റേഡിയങ്ങളുടെ നവീകരണത്തിനു മാത്രമായി മൊത്തം ബജറ്റിന്റെ 50 ശതമാനം അവർ ചെലവാക്കി. 40 മില്ല്യൺ ഡോളർ സംഘാടനത്തിനായും ചെലവിട്ടു.
ടിക്കറ്റ് വിൽപ്പന, സ്പോൺസർഷിപ്പ് വരുമാനങ്ങളാണ് പിസിബിക്കു തിരിച്ചു കിട്ടിയത്. അതാകട്ടെ വെറും 6 മില്ല്യൺ ഡോളർ മാത്രം. 85 മില്ല്യൺ ഡോളർ അവർക്കു നഷ്ടമായെന്നു ചുരുക്കം.
പാക് ബോർഡിനു സംഭവിച്ച നഷ്ടം താരങ്ങളെയാണ് ബാധിക്കാൻ പോകുന്നത്. ഇതിനകം തന്നെ താരങ്ങളുടെ മാച്ച് ഫീയും മറ്റ് ആനുകൂല്യങ്ങളും ബോർഡ് വെട്ടിക്കുറച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. താരങ്ങൾക്കു ഫൈവ് സ്റ്റാർ ഹോട്ടൽ സൗകര്യങ്ങളൊന്നും ഇനി നൽകില്ല. ടി20 ചാംപ്യൻഷിപ്പിനുള്ള മാച്ച് ഫീയുടെ 90 ശതമാനം കുറയ്ക്കും. റിസർവ് താരങ്ങളുടെ പെയ്മെന്റുകളിൽ 87.5 ശതമാനം കുറയ്ക്കാനും പാക് ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates