

ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ബാറ്റ് ചെയ്യുമ്പോൾ ഗജിനിയുടെ മനസോടെ ക്രീസിൽ നിൽക്കാൻ ഇന്ത്യൻ താരങ്ങളോട് മുൻ ഓപ്പണർ വസീം ജാഫർ. ഇംഗ്ലണ്ടിലെ ബാറ്റിങ് സാഹചര്യം ചൂണ്ടിയാണ് ജാഫറുടെ വാക്കുകൾ.
ബൗളർമാരുടെ നല്ല ഡെലിവറികൾ മറന്നു കളയാനാണ് ഇവിടെ ജാഫർ ബാറ്റ്സ്മാന്മാരോട് പറയുന്നത്. ഷോർട്ട് ടേം മെമ്മറി നഷ്ടപ്പെടുന്നതിലൂന്നിയായിരുന്നു ഗജനി സിനിമ. 'ഗജിനിയുടേത് പോലെയാവണം അവരുടെ ചിന്ത. തൊട്ടുമുൻപിലത്തെ ഡെലിവറി മറന്നു കളയണം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ നല്ല ഡെലിവറിയിൽ വേണ്ടവിധം നിങ്ങൾക്ക് കളിക്കാനായേക്കില്ല. രഹാനേയും കോഹ് ലിയും ക്രീസിൽ നിന്നപ്പോൾ നമ്മളത് കണ്ടു കഴിഞ്ഞു', ജാഫർ പറയുന്നു.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ കടന്നു പോയ ഡെലിവറി മറന്നു കളയുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കഴിഞ്ഞ ഡെലിവറി മറന്നു കളയുകയും വരാൻ പോകുന്ന ഡെലിവറിയിലേക്ക് എല്ലാ ശ്രദ്ധയും കൊടുക്കുന്ന മനസാണ് നിങ്ങൾക്ക് വേണ്ടത്, തന്റെ യൂട്യൂബ് ചാനലിൽ വസീം ജാഫർ പറഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ഫൈനലിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം വലിയ തിരിച്ചടികളില്ലാതെ പിടിച്ചു നിന്നു. രണ്ടാം ദിനം നേരത്തെ കളി അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എന്ന നിലയിലാണ് ഇന്ത്യ. മൂന്നാം ദിനം തുടക്കത്തിൽ തന്നെ ഇന്ത്യൻ ബാറ്റിങ് നിരയെ തകർക്കുകയായും കിവീസിന്റെ ലക്ഷ്യം. 124 പന്തിൽ നിന്ന് 44 റൺസുമായി കോഹ് ലിയും 29 റൺസുമായി രഹാനെയുമാണ് ക്രീസിൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates