

ഇന്റർനാഷണൽ ബ്രെയ്ക്കിനു ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് വീണ്ടും പോരാട്ട ചൂടിലേക്ക്. നോട്ടിങ്ഹാം ഫോറസ്റ്റ്- ആഴ്സണൽ, വെസ്റ്റ് ഹാം യുനൈറ്റഡ്- ടോട്ടനം ഹോട്സ്പർ പോരാട്ടങ്ങളാണ് നാളെ അരങ്ങേറുന്ന ശ്രദ്ധേയ മത്സരങ്ങൾ.
ആഴ്‌സണൽ vs നോട്ടിങ്ഹാം ഫോറസ്റ്റ്
നോട്ടിങ്ഹാം ഫോറസ്റ്റ് എവേ പോരാട്ടത്തിൽ എമിറൈറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്‌സണലിനെ നേരിടുകയാണ്. കഴിഞ്ഞ മത്സരത്തിൽ ആൻഫീൽഡിൽ ലിവർപൂളുമായി 1- 0 തോറ്റതിനുശേഷം മൂന്നാം സ്ഥാനത്തുള്ള ആഴ്സണലിനു സ്വന്തം ആരാധകർക്കു മുന്നിൽ ജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാൻ സാധിക്കില്ല.
ആഴ്‌സണലിനു തലവേദനയാകുന്നത് അവരുടെ മെയിൻ പ്ലയേഴ്സിൽ പലരും പരിക്കിന്റെ പിടിയിലാണ് എന്നതാണ്. ബുക്കയോ സക, വില്യം സാലീബ, ഗബ്രിയേൽ ജെസുസ്, കെയ് ഹവെർട്സ് എന്നിവരാണ് പരിക്കേറ്റ് പുറത്തു നിൽക്കുന്നത്. ഒഡേഗാർഡ് കഴിഞ്ഞ മത്സരത്തിൽ തിരിച്ചു വന്നത് അവർക്കു ആശ്വാസമേകും.
നോട്ടിങ്ഹാം ഫോറസ്റ്റ് ന്യൂനോ എസ്പിരിറ്റോ സാന്റോയെ പരിശീലക സ്ഥാനത്തു നിന്നു മാറ്റി പുതിയ കോച്ചായി മുൻ ടോട്ടനം ആശാൻ ആൻജെ പോസ്റ്റഗോഗ്ലുവിനെ ഡഗൗട്ടിൽ നിർത്തിയാണ് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഹാം യുനൈറ്റഡിനോടു 3 -0 സ്വന്തം തട്ടകത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ന്യൂനോയെ മാറ്റി പോസ്റ്റഗോഗ്ലുവിനെ എത്തിച്ചത്.
വെസ്റ്റ് ഹാം യുനൈറ്റഡ് vs ടോട്ടനം
വെസ്റ്റ് ഹാം യുനൈറ്റഡിന്റെ ലണ്ടൻ സ്റ്റേഡിയത്തിൽ കനത്ത സുരക്ഷയിലാണ് ടോട്ടനത്തിനെതിരായ പോരാട്ടം. വാട്ടർ ബോട്ടിലുകൾ ഉൾപ്പെടെയുള്ളവയ്ക്ക് സ്റ്റേഡിയത്തിൽ വിലക്കുണ്ട്. ആദ്യ രണ്ട് മത്സരങ്ങളും തേറ്റ ശേഷം മൂന്നാം പോരാട്ടത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ വീഴ്ത്തി സീസണിലെ ആദ്യ ജയവുമായാണ് അവർ സ്വന്തം തട്ടകത്തിൽ നിൽക്കുന്നത്.
ലുക്കാസ് പക്വേറ്റ മിന്നും ഫോമിലായത് ഗ്രാഹാം പോട്ടർക്ക് ആശ്വാസമാകുന്ന ഘടകമാണ്. നിക്കലാസ് ഫുൾക്രുഗ്, ജോർജ് എയർത്തി, ലൂയീസ് ഗൈൽഹെർമി എന്നിവർ പരിക്കിന്റെ പിടിയിലാണ്. കാലും വിൽസൻ സ്റ്റാർട്ടിങ് ലൈനപ്പിലുണ്ടാകും. മാത്യു ഫെർണാഡ്സ് കന്നി മത്സരത്തിനു ഇറങ്ങുമെന്നു പ്രതീക്ഷിക്കുന്നു.
മറുഭാഗത്ത് ടോട്ടനം മികവിലാണ്. തോമസ് ഫ്രാങ്കിനു കീഴിൽ അവർ മികച്ച ഫുട്ബോൾ കളിക്കുന്നു. അവസാന മത്സരത്തിൽ ബേൺമതുമായി അവർ തോറ്റെങ്കിലും ടീം ശക്തമായി തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. റിച്ചാർലിസനൊപ്പം അറ്റാക്കിങിൽ ശക്തിപകരാൻ പിഎസ്ജിയിൽ നിന്നു പുതിയ സ്‌ട്രൈക്കർ കോലോ മുവാനി എത്തിയിട്ടുണ്ട്.
പരിക്കാണ് ടോട്ടനത്തേയും ആശങ്കപ്പെടുത്തുന്നത്. ജെയിംസ് മാഡിസൻ, ഡീജൻ കുലുസെവ്സ്കി, ഡ്രഗ്‌സിൻ എന്നിവർക്ക് കളിക്കാൻ കഴിയില്ല. വെസ്റ്റ് ഹാം വിജയം തുടരാനും ടോട്ടനം വിജയ വഴിയിൽ എത്താനുമുള്ള ശ്രമത്തിലാണ് നേർക്കുനേർ വരുന്നത്.
(മുൻ സന്തോഷ് ട്രോഫി താരവും വാട്സൻ ഫുട്ബോൾ അക്കാദമി (Wattsun Football Academy) യുടെ കോച്ചിങ് തലവനും ഇന്ത്യൻ നേവി ടീം പരിശീലകനുമാണ് ലേഖകൻ)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
