Premier League
Premier League

പെനാൽറ്റി കിട്ടിയിട്ടും ജയിക്കാത്ത മാഞ്ചസ്റ്റർ യുനൈറ്റഡ്; ​ഗണ്ണേഴ്സിന് കരുത്ത് കൂടുന്നു

സീസണിൽ തുടരെ രണ്ടാം മത്സരത്തിലും ജയമില്ലാതെ യുനൈറ്റഡ്
Published on

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മിന്നും ജയവുമായി തുടങ്ങിയ മാഞ്ചസ്റ്റർ സിറ്റിക്ക് രണ്ടാം മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ടോട്ടനം ഹോട്സ്പറിനോടു ഏൽക്കേണ്ടി വന്ന തോൽവി ഞെട്ടിക്കുന്നതായി. ആദ്യ മത്സരത്തിൽ നിറം മങ്ങി ജയിച്ചു തുടങ്ങിയ ആഴ്സണൽ രണ്ടാം പോരാട്ടത്തിൽ 5 ​ഗോളുകൾ എതിരാളിയുടെ വലയിൽ നിക്ഷേപിച്ച് സങ്കടം തീർക്കുന്നതും ഈ ആഴ്ച കണ്ടു. ആദ്യ മത്സരം തോറ്റു തുടങ്ങിയ മാഞ്ചസ്റ്റർ യുനൈറ്റഡിനു രണ്ടാം പോരാട്ടത്തിലും ജയമില്ല. സമനിലയുമായി അവർക്ക് നിൽക്കേണ്ടി വന്നു.

മാഞ്ചസ്റ്റർ സിറ്റി vs ടോട്ടനം

സിറ്റിയുടെ ഹോം മത്സരം ആയിരുന്നെങ്കിലും വിജയം രണ്ട് ഗോളിന് ടോട്ടനമിന്‌. ക്രമമായ സിറ്റിയുടെ മുന്നേറ്റങ്ങളുടെ മുനയൊടിക്കാൻ ടോട്ടനമിന്‌ കഴിഞ്ഞു. സിറ്റിയുടെ പരമ്പരാഗത ബിൽഡ് അപ്പ് ശൈലിയെ പ്രതിരോധ മേഖലയിൽ വച്ച് തന്നെ ഹൈ പ്രസ് ഉപയോഗിച്ച് നിഷ്പ്രഭമാക്കിയാണ് ടോട്ടനം ഗോളുകൾ നേടിയത്. ആദ്യ ഗോൾ 36ാം മിനുറ്റിൽ റീചാർലിസന്റെ സഹായത്താൽ ജോൺസൻ നേടിയത് ഓഫ്‌സൈഡ് ആയി വിധിച്ചെങ്കിലും വിഎആർ പരിശോധനയിൽ ഗോൾ ആയി അംഗീകരിച്ചു. രണ്ടാമത്തെ ഗോൾ പൂർണമായും സിറ്റിയുടെ ഗോൾകീപ്പർ ജെയിംസ് ട്രാഫൊർഡിന്റെ അബദ്ധജടിലമായ നീക്കത്തിൽ നിന്നുണ്ടായി. ആദ്യ അരമണിക്കൂർ സിറ്റിക്കു വേണ്ടി ഹാളണ്ടും മർമൗഷും മികച്ച നീക്കങ്ങൾ നടത്തി. രണ്ട് ഗോളിന് പിന്നിലായ ശേഷം രണ്ടാം പകുതിയിൽ സിറ്റി കിണഞ്ഞു ശ്രമിച്ചെങ്കിലും ടോട്ടനമിന്റെ ശക്‌തമായ പ്രതിരോധത്തിനെ മറികടക്കാനായില്ല. ഈ ജയത്തോടെ ടോട്ടനം ലീഗിൽ രണ്ടാം സ്ഥാനത്താണ്. പെപ് ​ഗ്വാർഡിയോള സിറ്റിയുടെ സ്റ്റാർട്ടിങ്ങിൽ യുവ നിരയെ പരീക്ഷിച്ചു. റോഡ്രി, ഫിൽഫോർഡൺ, ഡോകു, ബെർണാഡോ സിൽവ, നതാൻ അകെ എന്നിവർ പുറത്തിരുന്നു. രണ്ടാം പകുതിയിൽ ഇവരെല്ലാം എത്തിയെങ്കിലും കളി അപ്പോഴേക്കും കൈയിൽ നിന്നു പോയിരുന്നു.

ആഴ്സണൽ vs ലീഡ്സ്

5 ഗോളുകളുമായി ആഴ്സണലിന്റെ ആധികാരിക ജയം. ഡക്ലൻ റൈസിന്റെ കോർണർ സെറ്റ് പീസുകൾ ആഴ്സണലിന്റെ ബ്രഹ്മാസ്ത്രമായി തുടരുന്നു. ടിംബറിന്റെ രണ്ട് ഗോളുകളും പിറന്നത് കോർണറുകളിൽ നിന്ന്. 15 വയസ് മാത്രം പ്രായമുള്ള മാക്സ് ഡൗമാൻ 64ാം മിനുറ്റിൽ ഇറങ്ങി കളിയുടെ ശ്രദ്ധാകേന്ദ്രമായി. മാക്സിന്റെ പെനാൽറ്റിയിലൂടെയാണ് അഞ്ചാം ഗോൾ പിറന്നത്. അപാര വേഗതയും ഡ്രിബ്ലിങ്ങും കാഴ്ചവച്ച മാക്സ് ഭാവിയുടെ വാഗ്ദാനം തന്നെയാണ്. ദൃഢതയില്ലാത്ത പ്രതിരോധത്തിന് ലീഡ്‌സിന് വലിയ വില കൊടുക്കേണ്ടി വന്നു. ആഴ്സണലിന്റെ ഈ സീസണിലെ പുതുമുഖമായ ​ഗൊയികേരസ് രണ്ട് ഗോൾ അടിച്ചു ഫോമിലേക്ക് വന്നതും ഇപ്പോൾ ലീഗിന്റെ തലപ്പത്തിരിക്കുന്ന ടീമിന് ആത്മവിശ്വാസം കൂട്ടും. ഒരു ഗോൾ നേടി സാകയും തന്റെ ഫോം അറിയിച്ചു. എന്നാൽ ലിവർപൂളിനെതിരായ അടുത്ത മത്സരത്തിൽ സാകയും ഒഡേഗാഡും പരിക്ക് മൂലം പുറത്തിരിക്കും.

Premier League
അതുകൊണ്ടരിശം തീരാതെ... റാക്കറ്റ് തല്ലി പൊട്ടിച്ച് മെദ്‌വദേവ്; ആദ്യ റൗണ്ടില്‍ തോറ്റമ്പിയതിന്റെ കലിപ്പ്! (വിഡിയോ)

മാഞ്ചസ്റ്റർ യുനൈറ്റഡ് vs ഫുൾഹാം

വീണുകിട്ടിയ പെനാൽറ്റി അവസരം ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ആകാശത്തേക്ക് അടിച്ചു കളഞ്ഞപ്പോൾ അത് കാണാനുള്ള കെൽപ്പ് മുഖ്യ പരിശീലകൻ റുബൻ അമോറിമിന് ഇല്ലായിരുന്നു. അദ്ദേഹം ആ നിമിഷത്തിൽ താഴേക്ക് നോക്കിയിരിക്കുകയായിരുന്നു. ഇത് ഇപ്പോഴത്തെ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ അവസ്ഥ സൂചിപ്പിക്കുന്നു. ഫുൾഹാം അവരുടെ ഹോം മാച്ചിൽ ബോൾ പൊസഷനിൽ ആധിപത്യം പുലർത്തി. മാർക്കോ സിൽവയുടെ സൂപ്പർ സബ് തന്ത്രം പരിപൂർണ വിജയമായി. എമിലി സ്മിത്ത് റൗ കളിക്കളത്തിൽ ഇറങ്ങി ഒരു മിനിറ്റിനകം ഗോൾവല അനക്കി. കോടികൾ മുടക്കി മാഞ്ചസ്റ്റർ വാങ്ങിയ ബെഞ്ചമിൻ സെസ്‌കോ ഇപ്പോഴും ഫോമിലായില്ല. മാഞ്ചസ്റ്റർ നേടിയ ഗോൾ ആകട്ടെ യോറോയുടെ ഹെഡർ മുനിസിന്റെ പുറത്തുതട്ടി സെൽഫ് ഗോളായാണ് വന്നതും. 3 - 5 -1 -1 ഫോർമേഷനിലൂടെ ഫുൾഹാം എതിരാളികളുടെ ആക്രമണ ശൈലിയെ തകർത്തു. ഫോമിലാകാത്ത എംബൗമയ്ക്കും ഗോൾകീപ്പർ ബായിൻഡിയറിനും മാഞ്ചസ്റ്റർ പകരക്കാരെ ആലോചിക്കുന്നത് നന്നായിരിക്കും.

ലിവർപൂൾ രണ്ടാം പോരിന്

ലിവർപൂൾ ഇന്ന് സീസണിലെ രണ്ടാം പോരിനിറങ്ങുന്നു. ബേൺ മതിനെതിരെ ജയിച്ച ആത്മവിശ്വാസത്തിലാണ് അവർ. പ്രതിരോധത്തിലെ പാളിച്ചകൾ പരിഹരിച്ചില്ലെങ്കിൽ ലിവർപൂളിനു ന്യൂ കാസിലിന്റെ സ്വന്തം കളിക്കളമായ സെയ്ന്റ് ജെയിംസ് പാർക്കിൽ കാര്യങ്ങൾ ബുദ്ധിമുട്ടാകും. കായികമായും ശാരീരിക ക്ഷമതയിലും ന്യൂ കാസിൽ ഒരുപടി മുന്നിൽ തന്നെ. കർക്കശക്കാരനായ സൈമൺ ഹൂപ്പറാണ് മാച്ച് റഫറി. മിഡ് ഫീൽഡിലെ ആധിപത്യവും സ്വന്തം കാണികളുടെ ആവേശവും ന്യൂ കാസിലിനു ശക്തി പകരും. അലക്സാണ്ടർ ഇസാക് കളിക്കുന്നില്ലെങ്കിലും എലങ്കയും ബാർനെസും ശക്‌തമായ കൂട്ടുകെട്ട് ഒരുക്കുന്നു. ലിവർപൂളിന്റെ പ്രധാനികൾ എല്ലാവരും ഫോമിലാണ്. ​ഗ്രാവൻബെർ​ഹ് തിരികെ എത്തും. ഫ്രിംപോങും ബ്രാഡ്‌ലിയും പരിക്ക് കാരണം പുറത്തിരുന്നാൽ ഗോമസ് അല്ലെങ്കിൽ ഡൊമിനിക് സുബോസി ഇറങ്ങും. പ്രീമിയർ ലീഗ് ചരിത്രത്തിൽ ലിവർപൂൾ ന്യൂ കാസിലിനെ 35 തവണ തോല്പിച്ചു. ന്യൂ കാസിലിനു ജയം 9 തവണ മാത്രം.

(മുൻ സന്തോഷ് ട്രോഫി താരവും വാട്സൻ ഫുട്ബോൾ അക്കാദമി (Wattsun Football Academy) യുടെ കോച്ചിങ് തലവനും ഇന്ത്യൻ നേവി ടീം പരിശീലകനുമാണ് ലേഖകൻ)

Premier League
വീണ്ടും തകര്‍പ്പന്‍ ബാറ്റിങുമായി വിഷ്ണു വിനോദ്; അനായാസ വിജയവുമായി കൊല്ലം
Summary

Premier League: Tottenham Hotspur have stunned Manchester City, claiming a 2-0 victory in their blockbuster Premier League 2025-26 clash on Saturday. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com