

ദുബായ്: അവസാന ബോൾ വരെ ആവേശം നിറഞ്ഞ പഞ്ചാബ് കിങ്‌സ് രാജസ്ഥാൻ റോയൽസ് മത്സരത്തിൽ ജയം സഞ്ജുവും സംഘവും സ്വന്തമാക്കി. പഞ്ചാബ് കിങ്‌സിനെ രണ്ട് റൺസിന് കീഴടക്കി രാജസ്ഥാൻ റോയൽസ് കളം നിറഞ്ഞു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 185 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് അവസാന ഓവർ വരെ വിജയമുറപ്പിച്ചിരുന്നെങ്കിലും നാലുവിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുക്കാനേ കഴിഞ്ഞൊള്ളൂ.
ഓവറിൽ വേണ്ടത് വെറും നാല് റൺസ് മാത്രം വേണ്ടിയിരുന്ന പഞ്ചാബിനെ യുവതാരം കാർത്തിക് ത്യാഗിയാണ് ഞെട്ടിച്ചത്. നിക്കോളാസ് പൂരാനും എയ്ഡൻ മാർക്രവുമായിരുന്നു ക്രീസിൽ. അവസാന ഓവറിലെ ആദ്യ പന്തിൽ മാർക്രത്തിന് റൺസ് നേടാനായില്ല, രണ്ടാം പന്ത് സിംഗിൾ, മൂന്നാം പന്തിൽ പൂരൻ ഔട്ട്. നാലാം പന്തും ഡോട്ട് ബോൾ, ഇതോടെ രണ്ട് പന്തിൽ മൂന്ന് റൺസ് വേണമെന്ന നിലയിലായി പഞ്ചാബ്. അഞ്ചാം പന്തിൽ ദീപക് ഹൂഡിയെയും ത്യാഗി പുറത്താക്കി. ഒടുവിൽ പഞ്ചാബിന് വിജയിക്കാൻ ഒരു ബോളിൽ മൂന്ന് റൺസ് എന്നായി. പക്ഷെ ആറാം പന്തും ഡോട്ട് ബോളാക്കി ത്യാഗി അത്ഭുതം തീർത്തു.
പഞ്ചാബ് കിങ്‌സിന് വേണ്ടി നായകൻ കെ എൽ രാഹുലും മായങ്ക് അഗർവാളും ചേർന്നാണ് ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. ആദ്യ പത്തോവറിൽ 106 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ഇതിനിടയിൽ രാഹുൽ ഐ പി എല്ലിൽ 3000 റൺസ് തികയ്ക്കുകയും ചെയ്തു. മായങ്ക് ഐ പി എല്ലിൽ 2000 റൺസും പൂർത്തിയാക്കി. സ്‌കോർ 120-ൽ നിൽക്കെയാണ് 49 റൺസെടുത്ത രാഹുൽ പുറത്തായത്. 33 പന്തുകളിൽ നിന്ന് നാല് ബൗണ്ടറികളുടെയും രണ്ട് സിക്‌സുകളും നിറഞ്ഞതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. പിന്നാലെ മായങ്കും പുറത്തായി. 43 പന്തുകളിൽ നിന്ന് 67 റൺസാണ് മായങ്ക് സ്കോർ ബോർഡിൽ ചേർത്തത്. ഏഴ് ബൗണ്ടറികളും രണ്ട് സിക്‌സുകളും നിറഞ്ഞതായിരുന്നു മായങ്കിന്റെ പ്രകടനം.
നിക്കോളാസ് പൂരൻ 32 റൺസും എയ്ഡൻ മാർക്രം 26 റൺസും നേടി. രാജസ്ഥാന് വേണ്ടി ത്യാഗി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ചേതൻ സക്കറിയയും രാഹുൽ തെവാത്തിയയും ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ എവിൻ ലൂയിസും യശസ്വി ജയ്‌സ്വാളും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് 5.3 ഓവറിൽ 54 റൺസ് നേടി. 49 റൺസെടുത്ത യശസ്വി ജയ്‌സ്‌വാളിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 43 റൺസെടുത്ത മഹിപാൽ ലോംറോറിന്റെയും മികച്ച പ്രകടനത്തിലാണ് രാജസ്ഥാൻ മികച്ച സ്‌കോർ കണ്ടെത്തിയത്. ബാറ്റിങ് പവർപ്ലേയിൽ രാജസ്ഥാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റൺസെടുത്തു. സഞ്ജു നാല് റൺസ് എടുത്ത് മടങ്ങി.
11 ഓവറിൽ ടീം സ്‌കോർ 100 കടന്നു. 17 പന്തുകളിൽ നിന്ന് 25 റൺസെടുത്ത ലിവിങ്സ്റ്റണെ അർഷ്ദീപ് ഫാബിയൻ അലന്റെ കൈയ്യിലെത്തിച്ചു. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും പതറാതെ പിടിച്ചുനിന്ന ജയ്‌സ്വാൾ ടീം സ്‌കോർ ഉയർത്തി. എന്നാൽ അർധസെഞ്ചുറിയ്ക്ക് ഒരു റൺ അകലെ യശസ്വി ജയ്‌സ്വാളും വീണു. പിന്നീട് മഹിപാൽ ലോംറോറിന്റെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു. തുടർച്ചയായി സിക്‌സുകൾ പായിച്ചുകൊണ്ട് ലോംറോർ ടീം സ്‌കോർ 150 കടത്തി. ദീപക് ഹൂഡയെറിഞ്ഞ 16ാം ഓവറിൽ രണ്ട് സിക്‌സും രണ്ട് ഫോറും സഹിതം 24 റൺസാണ് ലോംറോർ അടിച്ചെടുത്തത്.
പഞ്ചാബിനായി അർഷ്ദീപ് അഞ്ചുവിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ഹർപ്രീത് ബ്രാർ, ഇഷാൻ പോറെൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates