

റായ്പുര്‍: ഛത്തീസ്ഗഢിലെ മഡഗോണ്‍ ഗ്രാമത്തിലുള്ള മനീഷ് ബിസി എന്ന യുവാവ് നാട്ടിലെ ഒരു മൊബൈല്‍ ഷോപ്പില്‍ നിന്നു പുതിയ സിം കാര്‍ഡ് എടുക്കുന്നു. പിന്നീട് സംഭവിച്ചത് സിനിമ കഥയെ വെല്ലുന്ന കാര്യങ്ങളായിരുന്നു. പുതിയ സിം ഫോണിലിട്ടതിനു ശേഷം മനീഷിന്റെ ഫോണിലേക്ക് നിരന്തരം വിളികള്‍ വരുന്നു. വിളിച്ചുകൊണ്ടിരുന്ന ആളുകള്‍ സ്വയം പരിചയപ്പെടുത്തിയപ്പോള്‍ മനീഷ് പോലും പ്രാങ്കാണെന്നു കരുതി. ഇതിഹാസ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ എബി ഡിവില്ല്യേഴ്‌സ്, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സൂപ്പര്‍ ബാറ്ററുമായ വിരാട് കോഹ്‌ലി, രജത് പടിദാര്‍ അടക്കമുള്ളവരാണ് മനീഷിനെ വിളിച്ചു കൊണ്ടിരുന്നത്.
നേരം ഇരുട്ടി വെളുത്തപ്പോള്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുടെ കോള്‍ ലിസ്റ്റില്‍ ഇടംപിടിച്ചതിന്റെ ഞെട്ടല്‍ മനീഷിനെ വിട്ടുമാറിയിട്ടില്ല. പക്ഷേ കര്യങ്ങള്‍ അറിഞ്ഞു വന്നപ്പോഴേക്കും എലീറ്റ് കോള്‍ ലിസ്റ്റില്‍ നിന്നു മനീഷ് പുറത്തായി.
സൂപ്പര്‍ താരങ്ങളാണെന്നു പറഞ്ഞ് തന്റെ ഫോണിലേക്ക് വരുന്ന കോളുകള്‍ പ്രാങ്കാണെന്നു കരുതി മനീഷ് പുച്ഛത്തോടെ സംസാരിച്ചിരുന്നു. സ്ഥിരം ഇത്തരത്തില്‍ വിളി വന്നപ്പോള്‍ സഹികെട്ട് താന്‍ എംഎസ് ധോനിയാണെന്നു വരെ മനീഷ് പറഞ്ഞു. ഒരു ദിവസം വീട്ടില്‍ പൊലീസ് എത്തിയതോടെയാണ് കാര്യങ്ങളുടെ കിടപ്പ് മനീഷിനു മനസിലായത്.
ഇക്കഴിഞ്ഞ ജൂണ്‍ 28 മുതലാണ് മനീഷിന്റെ ജീവിതത്തിലെ അമ്പരപ്പിക്കുന്ന ദിവസങ്ങള്‍ ആരംഭിച്ചത്. കൃത്യം പറഞ്ഞാല്‍ ജിയോയുടെ സിം മൊബൈല്‍ ഷോപ്പില്‍ നിന്നു എടുത്തതു മുതലാണ് അത് തുടങ്ങിയത്.
മനീഷും സുഹൃത്ത് ഖേംരാജും ചേര്‍ന്നാണ് കടയില്‍ നിന്നു സിം വാങ്ങിയത്. പിന്നാലെ സിം ഫോണിലിട്ട് വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ പ്രൊഫൈല്‍ ചിത്രമായി തെളിഞ്ഞത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ക്യാപ്റ്റന്‍ രജത് പടിദാറിന്റെ പടമാണ്. ആദ്യം ഞെട്ടിയെങ്കിലും പിന്നീട് അതൊരു തമശയായി മാത്രമാണ് അവര്‍ അപ്പോള്‍ കണ്ടത്.
അധികം വൈകാതെ തമാശ കാര്യമായി തുടങ്ങി. നമ്പറിലേക്ക് തുടരെ വിളികള്‍ വന്നു തുടങ്ങി. ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുടെ പേരിലാണ് വിളികള്‍ വന്നത്. കോഹ്‌ലി, ഡിവില്ല്യേഴ്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര താരങ്ങളുടേയും പ്രാദേശിക താരങ്ങളുടെ പല കോളുകള്‍ ഫോണിലേക്ക് തുരുതുരെ വന്നു. സുഹൃത്തുക്കള്‍ വിളിച്ച് പറ്റിക്കുകയാണെന്നായിരുന്നു മനീഷ് കരുതിയത്.
പിന്നീട് കോഹ്‌ലിയാണ് വിളിക്കുന്നതെന്നു പറയുമ്പോള്‍ ധോനിയാണെന്ന മറുപടിയാണ് മനീഷ് പറഞ്ഞി കൊണ്ടിരുന്നത്. കാര്യങ്ങള്‍ തമാശയായി പോകുന്നതിനിടെ ജൂലൈ 15നു മനീഷിന്റെ ഫോണിലേക്ക് രജത് പടിദാര്‍ തന്നെ വിളിച്ചു. അദ്ദേഹം തന്റെ പേര് രജത് പടിദാറാണെന്നും മറ്റും മാന്യമായി തന്നെ വ്യക്തമാക്കി. മനീഷ് ഉപയോഗിക്കുന്ന നമ്പര്‍ മുന്‍പ് താന്‍ ഉപയോഗിച്ചതാണെന്നും അതു തിരിച്ചു നല്‍കണമെന്നും രജത് മനീഷിനോടു വ്യക്തമാക്കി. ഇത്തരമുള്ള വിളികള്‍ പതിവായതിനാല്‍ മനീഷ് താന്‍ ധോനിയാണെന്ന മറുപടിയാണ് നല്‍കിയത്.
എന്നാല്‍ നമ്പര്‍ നഷ്ടപ്പെട്ടത് തനിക്കു വലിയ ബുദ്ധിമുട്ടായിട്ടുണ്ടെന്നു പടിദാര്‍ മനീഷിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അടുത്ത സുഹൃത്തുക്കളുടേയും പരിശീലകരുടേയും കൈവശമുള്ളത് ഈ നമ്പറാണെന്നും അതു തിരിച്ചു കിട്ടിയാല്‍ വലിയ ഉപകാരമായിരിക്കുമെന്നും പടിദാര്‍ മനീഷിനോടു പറയുന്നുണ്ടെങ്കിലും അപ്പോഴും തമാശയായി മാത്രമായാണ് മനീഷ് കാര്യങ്ങളെ എടുത്തത്.
പക്ഷേ ഫോണിന്റെ മറുഭാഗത്തുള്ള ആളുടെ ശബ്ദം പിന്നീടു മാറി. പൊലീസിനെ അയയ്ക്കുമെന്നു പറഞ്ഞാണ് മനീഷിനെ വിളിച്ച ആള്‍ ഫോണ്‍ കട്ടാക്കിയത്. തൊട്ടുപിന്നാലെ പൊലീസ് വീടിന്റെ മുന്നില്‍ വന്നു നിന്നപ്പോള്‍ മാത്രമാണ് മനീഷിനു കാര്യങ്ങളുടെ ഗൗരവം മനസിലായത്. മനീഷ് അത്രയും ദിവസം സംസാരിച്ചത് കോഹ്‌ലി, ഡിവില്ല്യേഴ്‌സ്, രജത് പടിദാര്‍ ഉള്‍പ്പെടെയുള്ള താരങ്ങളോടു തന്നെയായിരുന്നു.
കാര്യങ്ങള്‍ അറിഞ്ഞതോടെ മനീഷ് സിം കാര്‍ഡ് പൊലീസിനു മടക്കി നല്‍കി. രജത് പടിദാര്‍ ഉപയോഗിച്ച ഈ നമ്പര്‍ കുറച്ചു മാസമായി ഉപയോഗത്തിലുണ്ടായിരുന്നില്ല. ഇതോടെയാണ് കമ്പനി സിം റദ്ദാക്കി മറ്റൊരു ഉപയോക്താവിനു നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
