

ന്യൂഡല്‍ഹി:കോടികള്‍ മറിയുന്ന ഐപിഎല്ലില്‍ താരങ്ങളെ പോലെ തന്നെ ഫ്രാഞ്ചൈസികളുടെ ബ്രാന്‍ഡ് മൂല്യത്തിലും വാന്‍മാറ്റങ്ങളുണ്ടാകാറുണ്ട്. കളി ജയിക്കുമ്പോഴും തോല്‍ക്കുമ്പോഴും പുതിയ താരങ്ങള്‍ വരുമ്പോഴും പോകുമ്പോഴും ടീമുകളുടെ ബ്രാന്‍ഡ് വാല്യുവും മാറുന്നു.
ടൂര്‍ണമെന്റ് തുടങ്ങാന്‍ എട്ടുദിവസം മാത്രം ശേഷിക്കേ, നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് ബ്രാന്‍ഡ് വാല്യുവില്‍ മുന്നില്‍നില്‍ക്കുന്നത്. ലോകപ്രശസ്ത ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ 'ബ്രാന്‍ഡ് ഫിനാന്‍സ്' പുറത്തുവിട്ട പുതിയ കണക്കനുസരിച്ച് 2486 കോടി രൂപയാണ് ബംഗളൂരു ടീമിന്റെ ബ്രാന്‍ഡ് മൂല്യം. സ്പിരിറ്റ് നിര്‍മാണ കമ്പനിയായ ഡിയാജിയോയുടെ കീഴിലുള്ള യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഉടമസ്ഥതയിലുള്ള ടീമിനെ വില്‍ക്കാനുള്ള ശ്രമം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുന്നതിനിടെയാണ് ബ്രാന്‍ഡ് വാല്യുവില്‍ നേട്ടമുണ്ടായിരിക്കുന്നത്.
മുംബൈ ഇന്ത്യന്‍സ്: 2238 കോടി
അഞ്ചുതവണ ഐപിഎല്‍. കിരീടം നേടിയ മുംബൈ ഇന്ത്യന്‍സാണ് മൂല്യത്തില്‍ രണ്ടാമത്, 2238 കോടി രൂപ. വ്യവസായഭീമന്മാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥയിലുള്ള ടീമിന് ലോകത്തെ മറ്റു ടി20 ടൂര്‍ണമെന്റുകളിലും ടീമുകളുണ്ട്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങി ഒട്ടേറെ ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യവും സച്ചിന്‍ തെണ്ടുല്‍ക്കറുടെ മുന്‍ ടീമാണെന്നതും മുംബൈയുടെ ആരാധകപിന്തുണ കൂട്ടുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സ്: 2172 കോടി
അഞ്ചുതവണ ഐപിഎല്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് മൂല്യത്തില്‍ മൂന്നാമത്, 2172 കോടി രൂപ. ഇന്ത്യയുടെ മുന്‍നായകനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ എംഎസ്. ധോനിയാണ് ചെന്നൈയുടെ മൂല്യം ഉയര്‍ത്തുന്ന പ്രധാനഘടകം. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്രിക്കറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ടീം രണ്ടുതവണ ചാംപ്യന്‍സ് ലീഗ് ടി20 കിരീടവും നേടിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെത്തിയതും ടീമിന്റെ മൂല്യം ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്: 2053 കോടി
ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, മുംബൈ ആസ്ഥാനമായ ബിസിനസ് സ്ഥാപനമായ മേത്ത ഗ്രൂപ്പ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത പട്ടികയില്‍ നാലാമതുണ്ട് (2053 കോടി). മൂന്നുതവണ കിരീടം നേടിയ കൊല്‍ക്കത്തയില്‍ മുന്‍പ് സൗരവ് ഗാംഗുലി, ബ്രണ്ടന്‍ മക്കല്ലം, ഗൗതം ഗംഭീര്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയവര്‍ കളിച്ചിരുന്നു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് :1424 കോടി
സണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം 1424 കോടി രൂപയുടെ മൂല്യവുമായി പട്ടികയില്‍ അഞ്ചാമതാണ്. 2016-ല്‍ കിരീടം നേടിയ ടീമിന്റെ ക്യാപ്റ്റന്‍ ഓസ്‌ട്രേലിയക്കാരനായ പാറ്റ് കമിന്‍സാണ്. ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസന്‍ തുടങ്ങിയ വന്‍ താരനിരയുണ്ട് ടീമില്‍
ഡല്‍ഹി ക്യാപിറ്റല്‍സ്: 1405 കോടി
ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത ഡല്‍ഹി ക്യാപിറ്റല്‍സിന് 1405 കോടി മൂല്യമുണ്ട്. സഞ്ജു സാംസണ്‍ ടീം വിട്ടതോടെ ആരാധക പിന്തുണ കുറഞ്ഞ രാജസ്ഥാന്‍ റോയല്‍സ് (1350), കളിച്ച ആദ്യസീസണില്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സ് (1313), ഇതുവരെ ജേതാക്കളാകാത്ത പഞ്ചാബ് കിങ്‌സ് (1304), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (1128) എന്നീ ടീമുകളുടെ പട്ടികയില്‍ യഥാക്രമം അവസാനസ്ഥാനങ്ങളില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates