

മുംബൈ: വനിതാ പ്രീമിയർ ലീഗിലെ ആദ്യ പോരാട്ടം തന്നെ സൂപ്പർ ത്രില്ലർ. കരുത്തർ നേർക്കുനേർ വന്ന ബ്ലോക്ക്ബസ്റ്റർ പോരാട്ടം ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വിജയിച്ചു കയറി. നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനെ അവർ 3 വിക്കറ്റിനാണ് വീഴ്ത്തിയത്. അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്നപ്പോൾ വനിതാ പ്രീമിയർ ലീഗിന് മിന്നും തുടക്കം.
അർധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ദക്ഷിണാഫ്രിക്ക ഓൾറൗണ്ടർ നാദിൻ ഡി ക്ലർക്കിന്റെ പ്രകടനമാണ് ആര്‍സിബിക്ക് ത്രില്ലർ വിജയം സമ്മാനിച്ചത്. 44 പന്തുകൾ നേരിട്ട താരം രണ്ട് സിക്സും ഏഴ് ഫോറുകളുമുൾപ്പടെ 63 റൺസ് സ്വന്തമാക്കി. മുംബൈ ആദ്യം ബാറ്റ് ചെയ്തപ്പോൾ താരം 4 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. മത്സരത്തിൽ മിന്നും ഓൾ റൗണ്ട് മികവ് പുറത്തെടുത്ത നാദിൻ കളിയിലെ താരവുമായി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് അടിച്ചത്. ആര്‍സിബി 7 വിക്കറ്റ് നഷ്ടത്തില്‍ 157 അടിച്ചെടുത്താണ് വിജയിച്ചത്.
19ാം ഓവര്‍ അവസാനിക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ ആര്‍സിബി 7 വിക്കറ്റിന് 137 റണ്‍സ് എന്ന നിലയിലായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 18 റണ്‍സ്. മുംബൈക്കായി നാറ്റ് സീവറാണ് പന്തെറിഞ്ഞത്. ആര്‍സിബിക്കായി നാദിന്‍ ക്ലാര്‍ക്കാണ് ക്രീസിലുണ്ടായിരുന്നത്. താരം ഈ ഘട്ടത്തില്‍ 38 പന്തില്‍ 43 റണ്‍സെന്ന നിലയിലായിരുന്നു.
20ാം ഓവറിലെ ആദ്യ രണ്ട് പന്തിലും റണ്ണില്ല. ഇതോടെ ലക്ഷ്യം 4 പന്തില്‍ 18 ആയി. എന്നാല്‍ അതിവേഗമാണ് നാദിന്‍ ഗിയര്‍ ചെയ്ഞ്ചാക്കിയത്. മൂന്നാം പന്ത് സിക്‌സ്, നാലാം പന്ത് ഫോര്‍, അഞ്ചാം പന്ത് സിക്‌സ്, ആറാം പന്തില്‍ ഫോറും തൂക്കി താരം ആര്‍സിബിക്ക് സ്വപ്‌ന സമാന വിജയവും തുടക്കവുമാണ് നല്‍കിയത്.
ടീമിനെ ജയത്തിലെത്തിച്ച നദിൻ ഈ നാല് പന്തുകൾക്കിടയിലാണ് തന്റെ അർധ സെഞ്ച്വറിയും പൂർത്തിയാക്കിയത്. ഗ്രേസ് ഹാരിസ് (12 പന്തിൽ 25), അരുന്ധതി റെഡ്ഡി (25 പന്തിൽ 20), സ്മൃതി മന്ധാന (13 പന്തിൽ 18) എന്നിവരും ആർസിബിക്കായി ബാറ്റിങ്ങില്‍ തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണു നേടിയത്. മലയാളി ഓൾറൗണ്ടർ സജനാ സജീവനാണ് മുംബൈ ഇന്ത്യൻസിന്റെ ടോപ് സ്കോറർ. 25 പന്തുകൾ നേരിട്ട സജന 45 റൺസെടുത്തു പുറത്തായി. ഒരു സിക്സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു സജനയുടെ ഇന്നിങ്സ്.
നിക്കോള കാരി (29 പന്തിൽ 40), ഗുണാലൻ കമാലിനി (28 പന്തിൽ 32), ഹർമൻപ്രീത് കൗർ (17 പന്തിൽ 20) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്കോറർമാർ. 67 റൺസടിക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായ മുംബൈയെ നിക്കോള– സജന സഖ്യമാണ് സുരക്ഷിതമായ സ്കോറിലേക്കെത്തിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates