

ലഖ്‌നൗ: പിതാവിന്റെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്. ഉത്തർപ്രദേശിലെ മഹുവ ഖേരയിലുള്ള ശ്മശാനത്തിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിയോടെയാണ് പിതാവ് ഖന്‍ചന്ദ്ര സിങിന്റെ സംസ്കാരം നടന്നത്. ചടങ്ങിനിടെ പിതാവിന്റെ ചിതയ്ക്കരികെ നിന്ന് റിങ്കു സിങ് പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. റിങ്കുവിന്റെ മൂത്ത സഹോദരൻ സോനുവാണ് പിതാവിന്റെ ചിതയ്ക്ക് തീകൊളുത്തിയത്.
ചെറുപ്പകാലത്ത് ക്രിക്കറ്റിനോടുള്ള മകന്റെ ഇഷ്ടം തിരിച്ചറിഞ്ഞ പിതാവ് ഖന്‍ചന്ദ്ര വലിയ പിന്തുണയാണ് റിങ്കുവിന് നൽകിയത്. ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരന്‍ ആയിരുന്ന ഖന്‍ചന്ദ് സിങ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും റിങ്കുവിന് പരിശീലനത്തിനുള്ള പണം കണ്ടെത്തി നൽകിയിരുന്നു.
പിതാവിന്റെ കഷ്ടപ്പാടിനെക്കുറിച്ചു റിങ്കു നിരവധി അഭിമുഖത്തിൽ പറഞ്ഞിരുന്നു. റിങ്കു സിങ് ഇന്ത്യൻ ടീമിലെത്തിയശേഷവും പിതാവ് ഇതേ ജോലി തന്നെ ആണ് ചെയ്തിരുന്നത്.
കരളിനു ബാധിച്ചിരിക്കുന്ന അര്‍ബുദം നാലാം സ്റ്റേജിലെത്തിയതിനെ തുടര്‍ന്ന് ഏറെ നാളായി ഖാന്‍ചന്ദ് സിങ് ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് കരളിന് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിന് ശേഷമാണ് റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ച വിവരം ടീം മാനേജ്‍മെന്റ് താരത്തെ അറിയിച്ചത്.
ഉടൻ തന്നെ താരം ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കു തിരിച്ചിരുന്നു. മരണാന്തര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം റിങ്കു ഇന്ന് ഇന്ത്യൻ ടീമിനൊപ്പം ചേർന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates