

ന്യൂഡൽഹി: കാറപകടത്തിലേറ്റ് പരിക്കിനെ തുടർന്ന് ഏതാണ്ട് ഒരു വർഷത്തിനടുത്തായി ക്രിക്കറ്റ് മൈതനത്തു നിന്നു വിട്ടുനിൽക്കുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് തിരിച്ചെത്തുന്നു. വരുന്ന ഐപിഎൽ സീസണിൽ താരം ഡൽഹി ക്യാപിറ്റൽസിനെ നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐപിഎല്ലിലൂടെയായിരിക്കും കളത്തിലേക്കുള്ള മടങ്ങി വരവ്.
സീസൺ ആരംഭിക്കുമ്പോഴേക്കും താരം കായിക ക്ഷമത പൂർണമായും തിരിച്ചുപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 19നു മിനി താര ലേലം ദുബൈയിൽ നടക്കാനിരിക്കുകയാണ്. ഇതിനു മുന്നോടിയായി ടീം നടത്തിയ ചർച്ചകളിൽ പന്തും സജീവമായുണ്ടായിരുന്നു.
ഈയടുത്ത് കൊൽക്കത്തയിൽ ടീമിന്റെ ക്യാമ്പ് സംഘടിപ്പിച്ചപ്പോഴും ടീമിലുണ്ടായിരുന്നു. ടീം ഡയറക്ടർ സൗരവ് ഗാംഗുലി, പരിശീലകരായ റിക്കി പോണ്ടിങ്, പ്രവീൺ ആംബ്രെ എന്നിവരടക്കമുള്ളവരുടെ നിരീക്ഷണത്തിൽ താരം പരിശീലനവും നടത്തി.
ഡൽഹി- ഡെറാഡൂൺ ഹൈവേയിൽ വച്ചാണ് കഴിഞ്ഞ വർഷം പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ താരത്തിനു വിദഗ്ധ ചികിത്സ നൽകിയിരുന്നു. ശസ്ത്രക്രിയയും നടത്തി. അപകടത്തെ തുടർന്നു താരത്തിനു ഐപിഎൽ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ലോകകപ്പ് മത്സരങ്ങൾ നഷ്ടമായി.
2016ലാണ് പന്ത് ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്. ടീമിനായി 98 മത്സരങ്ങൾ കളിച്ച താരം 2,838 റൺസ് നേടിയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
