

ലഖ്നൗ: ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍ പിറന്ന പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തി പോയിന്റ് പട്ടികയില്‍ മുന്നോട്ടു കയറി. സൂപ്പര്‍ ഓവറില്‍ ലഖ്‌നൗവിനായി ബാറ്റിങിനു ഇറങ്ങിയത് നിക്കോളാസ് പൂരാനും എയ്ഡന്‍ മാര്‍ക്രവുമായിരുന്നു. സൂപ്പര്‍ ഓവറില്‍ പൂരാനെപ്പോലെ ഒട്ടും ഫോം ഇല്ലാത്ത താരത്തെ ഇറക്കാനുള്ള ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറും ഇതിഹാസ താരവുമായ ഡെയ്ല്‍ സ്റ്റെയ്ന്‍.
പൂരാനെ ഇറക്കാനുള്ള പന്തിന്റെ തന്ത്രത്തെ ക്രിമിനല്‍ തീരുമാനം എന്നാണ് സ്റ്റെയ്ന്‍ വിശേഷിപ്പിച്ചത്. ഒട്ടും ഫോം അല്ലാത്ത ഐപിഎല്‍ സൂപ്പര്‍ ഓവറുകളില്‍ മോശം റെക്കോര്‍ഡുള്ള പൂരാനെ ഇറക്കിയതാണ് സ്റ്റെയ്ന്‍ ചോദ്യ ചിഹ്നത്തില്‍ നിര്‍ത്തുന്നത്. മത്സര ശേഷം ജിയോ ഹോട്‌സ്റ്റാറില്‍ നടന്ന ചര്‍ച്ചയിലാണ് സ്‌റ്റെയ്ന്‍ തന്റെ അമ്പരപ്പ് തുറന്നു പറഞ്ഞത്.
'ഐപിഎല്ലില്‍ നിക്കോളാസ് പൂരാന് മൂന്ന് സൂപ്പര്‍ ഓവറുകള്‍ ലഭിച്ചിട്ടുണ്ട്. മൂന്നിലും അദ്ദേഹം പൂജ്യം റണ്‍സിനാണ് പുറത്തായത്. അദ്ദേഹത്തിനു പകരം മറ്റൊരാളെ അയക്കേണ്ടിയിരുന്നില്ലേ എന്നു സ്വാഭാവികമായും ചോദ്യം ഉയരും. അതെ എന്നു തന്നെയാണ് എന്റെ ഉത്തരം. മിച്ചല്‍ മാര്‍ഷ്, ഋഷഭ് പന്ത്, മുകുള്‍ ചൗധരി തുടങ്ങിയ ഹിറ്റര്‍മാര്‍ ടീമിലുണ്ട്. പൂരാന്റെ സമീപകാല ഫോം പരിഗണിക്കുമ്പോള്‍ മറ്റ് ഓപ്ഷനുകള്‍ ടീമിലുണ്ടായിരുന്നു.'
'കൃത്യമായ കണക്ക് എനിക്കറിയില്ല, എങ്കിലും ഈ സീസണില്‍ അദ്ദേഹം 30, 40 സ്‌കോറുകളിലേക്ക് ഇതുവരെ എത്തിയിട്ടില്ല. എന്നിട്ടും മികച്ച റണ്‍സ് ലക്ഷ്യമിട്ട് അദ്ദേഹത്തെ ബാറ്റിങിനു അയയ്ക്കുന്നത് ഏതാണ്ട് ക്രിമിനല്‍ കുറ്റത്തിനു തുല്യമായ തീരുമാനമാണ്. ഒരുപക്ഷേ തിരിച്ചും സംഭവിക്കാമായിരുന്നു. അതു ശരിയാണ്. പക്ഷേ സീസണിന്റെ ഈ ഘട്ടത്തില്‍ വിജയം അനിവാര്യമായ അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ഇതുവരെ ഫോമില്‍ എത്താത്ത ഒരു ബാറ്ററെ അയക്കരുത്.'
'പന്ത് നന്നായി അടിക്കാന്‍ കഴിയുന്ന, അതിര്‍ത്തി കടത്തും എന്നു നിങ്ങള്‍ക്കു വിശ്വാസമുള്ള ആല്ലെങ്കില്‍ ആ ജോലി കൃത്യമായി ചെയ്യുമെന്നു ഉറപ്പുള്ള കളിക്കാരനെയാണ് ഇറക്കേണ്ടത്. നിക്കോളാസ് പൂരാന് പോലും ഇപ്പോള്‍ തനിക്ക് അതു ചെയ്യാന്‍ കഴിയുമെന്നു വിശ്വാസമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. അത്രയും മോശം ഫോമിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അദ്ദേഹം ഒരു മോശം ബാറ്ററല്ല. മികച്ച റെക്കോര്‍ഡുകളുള്ള താരം തന്നെയാണ്. എന്നാല്‍ സീസണില്‍ ടീം തിരിച്ചു വരവിനു ശ്രമിക്കുമ്പോള്‍ ഈ തലത്തിലുള്ള മത്സരങ്ങളില്‍ ഇമ്മാതിരി അബദ്ധങ്ങള്‍ കാണിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല'- സ്‌റ്റെയ്ന്‍ വ്യക്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. ലഖ്നൗവിന്റെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ തന്നെ അവസാനിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. അവസാന ഓവറിലെ അവസാന പന്തില്‍ 7 റണ്‍സായിരുന്നു ലഖ്നൗവിന് വേണ്ടിയിരുന്നത്. ഈ പന്ത് മുഹമ്മദ് ഷമി സിക്സിലേക്ക് പറത്തിയതോടെ വിജയികളെ തീരുമാനിക്കാന്‍ സൂപ്പര്‍ ഓവര്‍ വേണ്ടി വന്നു. സൂപ്പര്‍ ഓവറില്‍ ലഖ്നൗ 2 വിക്കറ്റ് നഷ്ടത്തില്‍ 1 റണ്‍ മാത്രമാണ് ബോര്‍ഡില്‍ ചേര്‍ത്തത്. കൊല്‍ക്കത്ത ആദ്യ പന്തില്‍ തന്നെ 4 റണ്‍സടിച്ച് നാടകീയ മത്സരത്തിനു വിജയത്തോടെ വിരാമമിട്ടു.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ വെറും മൂന്ന് പന്തിനിടെ ഒരു റണ്‍സ് മാത്രം ചേര്‍ത്ത് 2 വിക്കറ്റ് നഷ്ടത്തില്‍ ഇന്നിങ്സ് അവസാനിപ്പിച്ചു. കൊല്‍ക്കത്ത അനായാസം 4 റണ്‍സ് അടിച്ച് വിജയം സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates