

ലഖ്‌നൗ: ഐപിഎല്‍ പോരാട്ടം പടിവാതില്‍ക്കല്‍ നില്‍ക്കെ ലഖ്‌നൗ സൂപ്പര്‍ ജയന്റസ് ടീമില്‍ നിര്‍ണായക ബാറ്റിങ് ഓര്‍ഡര്‍ മാറ്റം. ക്യാപ്റ്റന്‍ ഋഷഭ് പന്ത് മൂന്നാം നമ്പറില്‍ ബാറ്റിങിനു ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ വിന്‍ഡീസ് താരം നിക്കോളാസ് പൂരാനെ മാറ്റിയാണ് പന്ത് മൂന്നാം സ്ഥാനത്തേക്ക് വരുന്നത്.
ഐപിഎല്ലില്‍ സര്‍വകാല റെക്കോര്‍ഡിട്ട് 27 കോടിയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെത്തിയ പന്തിന് ആദ്യ സീസണ്‍ അത്ര മികച്ചതല്ല. ക്യാപ്റ്റനെന്ന നിലയിലും ബാറ്റിങിലും കാര്യമായ സംഭാവന നല്‍കാന്‍ താരത്തിനു സാധിച്ചില്ല. ഇത്തവണ മികവിലേക്ക് തിരിച്ചെത്താനുള്ള വഴി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് മാറ്റം.
പന്ത് മൂന്നാം നമ്പറിലേക്ക് വരുന്നതോടെ കഴിഞ്ഞ സീസണില്‍ തിളങ്ങിയ പൂരാന്‍ 4, 5, 6 സ്ഥാനങ്ങളിലൊന്നിലായിരിക്കും ഈ സീസണില്‍ ബാറ്റ് വീശുക. നേരത്തെ പന്ത് 5, 6 സ്ഥാനങ്ങളിലാണ് ബാറ്റ് ചെയ്തിരുന്നത്.
എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ് ഓപ്പണിങ്, പിന്നാലെ പന്ത് എന്നതാണ് ഇത്തവണത്തെ മുന്‍നിര ബാറ്റിങ് ലൈനപ്പെന്നു പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി. ഈ സ്ഥാനങ്ങളില്‍ മാറ്റമുണ്ടാകില്ല. മധ്യനിര, കളിയുടെ സാഹചര്യമനുസരിച്ച് വ്യത്യാസപ്പെടുമെന്നും അദ്ദേഹം വെളിപ്പെടുത്തി. പൂരാന്‍, ആയുഷ് ബദോനി, അബ്ദുല്‍ സമദ്, ഷഹബാസ് അഹമദ് എന്നിവരാണ് മധ്യനിരയില്‍ കളിക്കുന്നത്.
കഴിഞ്ഞ സീസണില്‍ ഒരു കളിയില്‍ സെഞ്ച്വറി നേടിയത് മാറ്റി നിര്‍ത്തിയാല്‍ പന്തിനു കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. 133.17ആയിരുന്നു കഴിഞ്ഞ സീസണിലെ സ്‌ട്രൈക്ക് റേറ്റ്.
നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് പന്തിന് സ്ഥാനമുള്ളത്. ഏകദിന ടീമില്‍ കെഎല്‍ രാഹുലിനു പിന്നില്‍ രണ്ടാം വിക്കറ്റ് കീപ്പറാണ്. ടി20 ടീമില്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനും മിന്നും പ്രകടനവുമായി നില്‍ക്കുന്നതിനാല്‍ ഇത്തവണത്തെ ലോകകപ്പ് ടീമില്‍ പോലും പന്തിനു സ്ഥാനമുണ്ടായിരുന്നില്ല. പുതിയ ഐപിഎല്‍ സീസണില്‍ മിന്നും ഫോമില്‍ കളിച്ച് ഇന്ത്യയുടെ പരിമിത ഓവര്‍ പദ്ധതിയിലേക്ക് ശക്തമായി തിരിച്ചെത്താനുള്ള ആഗ്രവും പന്തിനുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates