

ഇന്ത്യൻ ക്രിക്കറ്റിലെ സവിശേഷമായ ഒരു ക്യാപ്റ്റൻസി കാലത്തിനു കൂടി രോഹിത് ശർമയുടെ ഏകദിന നായക സ്ഥാനത്തു നിന്നുള്ള പടിയിറക്കം വിരാമം കുറിച്ചിരിക്കുന്നു. 17 വർഷങ്ങൾക്കു ശേഷം ടി20 ലോകകപ്പ് സമ്മാനിച്ച, ഒരു ഐസിസി ഏകദിന കിരീടത്തിനായുള്ള ഇന്ത്യയുടെ 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച നായകൻ. തുടങ്ങി ഒട്ടേറെ നേട്ടങ്ങൾ കിരീടത്തിൽ പൊൻതൂവലാക്കി വച്ചാണ് രോഹിതിന്റെ പടിയിറക്കം.
2017 ഡിസംബറിലാണ് രോഹിത് ആദ്യമായി ക്യാപ്റ്റന്റെ ആംബാൻഡുമായി ഏകദിനം കളിക്കുന്നത്. 2022 മുതൽ 50 ഓവർ ഫോർമാറ്റിലെ സ്ഥിരം ക്യാപ്റ്റനുമായി.
ടി20, ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ അവിസ്മരണീയ നേട്ടങ്ങൾ സമ്മാനിച്ച ക്യാപ്റ്റനെന്ന ഖ്യാതി ഇനി രോഹിതിനൊപ്പവുമുണ്ടാകും. മൂന്ന് ഫോർമാറ്റിലും ടീമിനെ നയിച്ച രോഹിത് ഇനി ഏകദിന ടീമിൽ ഓപ്പണർ റോളിൽ മാത്രം. ക്യാപ്റ്റൻസിയുടെ ഭാരങ്ങളില്ലാതെ. ഏകദിന മത്സരങ്ങളിൽ ക്യാപ്റ്റനെന്ന നിലയിൽ 17 അർധ സെഞ്ച്വറികളും 5 സെഞ്ച്വറികളും രോഹിത് നേടിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ടി20 ലോകകപ്പിനു പിന്നാലെ കുഞ്ഞൻ ഫോർമാറ്റിൽ നിന്നു വിരമിച്ച രോഹിത് സമീപ കാലത്താണ് ടെസ്റ്റ് ക്രിക്കറ്റും അവസാനിപ്പിച്ചത്. നായകനെന്ന നിലയിൽ ഏകദിന ടീമിനൊപ്പം ചാംപ്യൻസ് ട്രോഫി നേടിയാണ് അവിസ്മരണീയ യാത്രയ്ക്ക് അദ്ദേഹം തിരശ്ശീലയിട്ടത്. ഐസിസിയുടെ മൂന്ന് പരിമിത ഓവർ ടൂർണമെന്റുകളിൽ രോഹിതിനു കീഴിൽ ഇന്ത്യ 24 മത്സരങ്ങളാണ് കളിച്ചത്. 23 മത്സരങ്ങളും ജയിച്ചു. ഒരേയൊരു തോൽവി മാത്രമാണ് അദ്ദേഹത്തിനുള്ളത്. 2023ലെ ഐസിസി ഏകദിന ലോകകപ്പ് ഫൈനലിലാണ് ആ ഒറ്റ തോൽവി!
56 ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ചു. 42 മത്സരങ്ങളും വിജയിച്ചു. ഏകദിന വിജയ ശതമാനത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ക്യാപ്റ്റൻ. ലോക ക്രിക്കറ്റിൽ ഈ റെക്കോർഡിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡിനു പിന്നിൽ രണ്ടാമത്. രോഹിതിന് 76 ശതമാനം വിജയം. ലോയ്ഡിന് 76.19 ശതമാനവും.
ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും മികച്ച വിജയ ശതമാനമുള്ള നായകനും രോഹിതാണ്. ഐസിസിയുടെ 3 ഫോർമാറ്റിലുള്ള പോരാട്ടങ്ങളുടെ ഫൈനൽ കളിച്ച ഏക നായകനും രോഹിത് തന്നെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
