

സിഡ്‌നി: ഓസ്ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിൽ നേടിയ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിൽ സീരീസിലെ മൂന്നാം മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിന് കരുത്തുപകരാൻ രോഹിത് ശർമ്മ എത്തി. ബംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാദമയിൽ നിന്ന് ഫിറ്റ്‌നസ് ടെസ്റ്റ് പാസായി ഓസ്‌ട്രേലിയയിലേക്കെത്തിയ രോഹിത് ക്വാറന്റെയ്‌നിലായിരുന്നു. 14 ദിവസത്തെ ക്വാറന്റെയ്ൻ പൂർത്തിയായതോടെ താരം നാളെ ടീമിനൊപ്പം ചേരും.
ജനുവരി ഏഴിന് സിഡ്‌നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിനായി നാളെ ഇന്ത്യൻ ടീം മെൽബണിൽ നിന്ന് പുറപ്പെടും. അതിന് മുന്നോടിയായി രോഹിത് ടീമിനൊപ്പം ചേരുമെന്നാണ് വിവരം. അതേസമയം സിഡ്‌നി ടെസ്റ്റിൽ പ്ലേയിങ് ഇലവനിൽ രോഹിതിന് അവസരം ലഭിക്കുമോയെന്ന് ഉറപ്പില്ല. രോഹിത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് മീന്നാം ടെസ്റ്റിൽ താരം ക്രീസിലെത്തും എന്ന സൂചന നൽകുന്നതാണ്. ബുധനാഴ്ച എന്നെഴുതിയ റിസ്റ്റ് ബാൻഡ് കൈയിൽ കെട്ടിയുള്ള ചിത്രമാണ് താരത്തിന്റെ സ്റ്റാറ്റസ്. ഇതോടൊപ്പം ഫൈനലി എന്ന് എഴുതിയിട്ടുമുണ്ട്.
ഓസീസിന് മികച്ച ബാറ്റിങ് റെക്കോഡുള്ള സിഡ്നിയിൽ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് കരുത്തേകാനായി രോഹിത് എത്തിയേക്കുമെന്ന സാധ്യത തള്ളിക്കളയാനാകില്ല. മോശം ഫോമിലുള്ള മായങ്ക് അഗർവാളിന് പകരമായി രോഹിത് ഓപ്പണറായി എത്തിയേക്കും.
നവംബർ 10ന് നടന്ന ഐപിഎൽ ഫൈനലിലാണ് രോഹിത് അവസാനമായി കളിച്ചത്. പരിക്കേറ്റതിനാൽ ഓസിസിനെതിരായ ഏകദിന, ടി20 ടീമകളിലേക്ക് രോഹിതിനെ പരിഗണിച്ചിരുന്നില്ല. എന്നാൽ നാല് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നത് പരിഗണിച്ചാണ് രോഹിതിനെ ടെസ്റ്റ് ടീമിലേക്ക് ഉൾപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates