

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ 50 പന്തില്‍ 97 റണ്‍സടിച്ച് പുറത്താകാതെ നിന്നു ഇന്ത്യയെ സെമിയിലേക്ക് അനായാസം എത്തിച്ച സഞ്ജു സാംസന്റെ ഇന്നിങ്‌സ് വലിയ ആവേശമാണ് ആരാധകരിലുണ്ടാക്കിയത്. താരത്തിന്റെ മോശം ഫോമില്‍ നിന്നുള്ള തിരിച്ചു വരവ് കൂടിയായിരുന്നു ഈ ഇന്നിങ്‌സ്.
പിന്നാലെ രോഹിത് ശര്‍മയും സഞ്ജു സാംസണും തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ വിഡിയോ വൈറലായി മാറിയിരുന്നു. ടി20 ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ അവസരം കിട്ടാതെ ബഞ്ചലിരിക്കുന്ന സമയത്താണ് രോഹിത് സഞ്ജുവിനു മോട്ടിവേഷന്‍ നല്‍കുന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് വൈറലായത്.
ലോകകപ്പില്‍ കുറേ ദൂരം സഞ്ചരിക്കാനുണ്ടെന്നും മികവ് തെളിയിക്കാന്‍ ഒരു ദിവസം തീര്‍ച്ചയായും അവസരം കിട്ടുമെന്നും അതിനായി കാത്തിരിക്കാനുമായിരുന്നു രോഹിത് സഞ്ജുവിനു നല്‍കിയ ഉപദേശം. സഞ്ജുവിനെ കെട്ടിപ്പിടിച്ചാണ് രോഹിത് ഇതു പറയുന്നത്. പിന്നാലെയാണ് സഞ്ജു വിന്‍ഡീസിനെതിരെ 97 അടിച്ച് ടീമിനെ സെമിയിലെത്തിച്ചതും ഇംഗ്ലണ്ടിനെതിരെ 89 അടിച്ച് ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതും.
ഇപ്പോള്‍ സഞ്ജുവിനെ അന്നു നേരില്‍ കണ്ട് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതില്‍ വ്യക്തത വരുത്തുകയാണ് ഹിറ്റ്മാന്‍.
'ചിലപ്പൊഴൊക്കെ ഒരു താരത്തിന്റെ സ്പന്ദനം ഞാന്‍ കളിക്കുന്നില്ലെങ്കിലും എനിക്ക് അനുഭവപ്പെടും. ലോകകപ്പ് പോലെയുള്ള ഒരു ടൂര്‍ണമെന്റില്‍ പങ്കെടുത്തിട്ടും കളിക്കാന്‍ അവസരം കിട്ടാതെയിരിക്കുമ്പോള്‍ ഒട്ടും നിരാശ വരാതെ നോക്കേണ്ടത് പ്രധാനമാണെന്നു എനിക്കറിയാം. ശ്രദ്ധ പതറാതെ കാര്യങ്ങളെ ശരിയാം വണ്ണം ഉള്‍ക്കൊണ്ട് മുന്നോട്ടു പോകേണ്ടത് അനിവാര്യമാണ്. ആ വികാരം അനുഭവിച്ച ആളാണ് ഞാന്‍. അതുകൊണ്ടാണ് സഞ്ജുവിനോട് സംസാരിക്കണമെന്നു എനിക്കു തോന്നിയത്.'
'അദ്ദേഹം ഇന്ത്യക്കു വേണ്ടി സ്ഥിരമായി കളിക്കുന്നതിനിടെയാണ് ലോകകപ്പിനു ഇറങ്ങുമ്പോള്‍ ഇലവനില്‍ നിന്നു തഴയപ്പെടുന്നത്. ആ ഘട്ടത്തില്‍ ഇതൊരു നീണ്ട പോരാട്ടമാണെന്നും രസകരമായ കാര്യങ്ങള്‍ വരുമെന്നും അദ്ദേഹത്തോടു പറണമെന്നു എനിക്കു തോന്നി. നിങ്ങളുടെ അവസരം തീര്‍ച്ചയായും മുന്നിലെത്തുമെന്നു പറഞ്ഞ് ആശ്വസിപ്പിക്കാനും എനിക്ക് ആഗ്രഹമുണ്ടായി. ഇന്ത്യക്കു നിര്‍ണായകമായ പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ തിരിച്ചു വരവ് അങ്ങനെ സംഭവിച്ചു. സഞ്ജു ഭയരഹിതനായി ബാറ്റ് വീശി'- രോഹിത് ആ സംഭാഷണത്തെക്കുറിച്ച് വ്യക്തമാക്കി.
ലോകകപ്പിനു തൊട്ടു മുന്‍പ് നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും സഞ്ജു ദയനീയമായി ബാറ്റിങില്‍ പരാജയപ്പെട്ടു. അതോടെ ലോകകപ്പ് ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്ന സ്ഥാനം പോലും അദ്ദേഹത്തിനു നഷ്ടമായി. പിന്നീട് ആദ്യ രണ്ട് മത്സരങ്ങളിലും ബഞ്ചിലായിരുന്നു സ്ഥാനം. അഭിഷേകിന്റെ അനാരോഗ്യം കാരണം പിന്നീട് രണ്ട് കളിയില്‍ അവസരം കിട്ടിയ സഞ്ജു ഫോമിലേക്ക് മടങ്ങി വരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു.
സൂപ്പര്‍ എട്ടില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് ദയനീയ തോല്‍വി ഏറ്റുവാങ്ങിയതാണ് പിന്നീടുണ്ടായ വഴിത്തിരിവ്. ടീം ഘടനയില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തീരുമാനിച്ചതോടെ സഞ്ജു ഇലവനിലേക്ക് മടങ്ങിയെത്തി. അതിനു ശേഷം സംഭവിച്ച സഞ്ജുവിന്റെ രണ്ട് ഉജ്ജ്വല ഇന്നിങ്‌സുകള്‍ക്ക് പിന്നില്‍ വാക്ക് കൊണ്ടു ശക്തി പകര്‍ന്നു രോഹിതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates