7 ടീമുകള്‍ 4 സ്ഥാനം; ഐപിഎല്‍ ആവേശം പരകോടിയിൽ, ആരെത്തും പ്ലേ ഓഫില്‍; ടീമുകളുടെ സാധ്യതകള്‍ ഇങ്ങനെ

ബംഗളൂരു, പഞ്ചാബ്, മുംബൈ, ഗുജറാത്ത് ടീമുകള്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. നേരിയ പ്രതീക്ഷകളുമായി ഡല്‍ഹി, കൊല്‍ക്കത്ത, ലഖ്‌നൗ
Royal Challengers Bengaluru Favourties- IPL Playoffs  Scenario
റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുഎക്സ്
Updated on
2 min read

ബംഗളൂരു: ഐപിഎല്‍ അതിന്റെ അവസാന ഭാഗത്തേക്ക് കടന്നതോടെ ടീമുകള്‍ പ്ലേ ഓഫ് സാധ്യതകളുടെ കണക്കു കൂട്ടലുകളിലാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ പ്ലേ ഓഫ് കാണില്ലെന്നു ഉറപ്പായി കഴിഞ്ഞു. ശേഷിച്ച 7 ടീമുകളാണ് നാല് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത്.

16 പോയിന്റുമായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഏതാണ്ട് സ്ഥാനം ഉറപ്പിച്ച മട്ടില്‍ നില്‍ക്കുന്നുണ്ട്. അവരാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ളത്. 15 പോയിന്റുമായി പഞ്ചാബ് കിങ്‌സ് രണ്ടാമതും 14 വീതം പോയിന്റുകളുമായി മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ മൂന്നും നാലും സ്ഥാനങ്ങളിലും നില്‍ക്കുന്നു. ഈ നാല് ടീമുകള്‍ക്കാണ് നിലവില്‍ അടുത്ത ഘട്ടത്തിലേക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷ നിലനില്‍ക്കുന്നത്.

13 പോയിന്റുമായി ഡല്‍ഹി ക്യാപിറ്റല്‍സ് അഞ്ചാമതും 11 പോയിന്റുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആറാമതുമുണ്ട്. 10 പോയിന്റോടെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ഏഴാമതും നില്‍ക്കുന്നു. മൂന്ന് ടീമുകള്‍ക്കും നേരിയ പ്രതീക്ഷ ബാക്കിയുണ്ട്.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

നിലവില്‍ പ്ലേ ഓഫിലെത്താനുള്ള 16 പോയിന്റുകള്‍ സ്വന്തമാക്കി സുരക്ഷിതമായി നില്‍ക്കുന്ന ടീമാണ് ആര്‍സിബി. ശേഷിക്കുന്നത് 3 മത്സരങ്ങള്‍. ഇതില്‍ ഒരു മത്സരം ജയിച്ചാല്‍ തന്നെ ആദ്യ നാലിലൊന്നായി ടീമിനു മുന്നേറാം. മൂന്നില്‍ രണ്ടെണ്ണം ജയിച്ചാല്‍ അവര്‍ക്ക് രണ്ടാം സ്ഥാനക്കാരായും പ്ലേ ഓഫിലെത്താം.

പഞ്ചാബ് കിങ്‌സ്

ലഖ്‌നൗവിനെതിരായ ജയത്തോടെ പഞ്ചാബ് പ്ലേ ഓഫിന്റെ വക്കിലുണ്ട്. അവര്‍ക്ക് 15 പോയിന്റുകള്‍. ശേഷിക്കുന്നത് 3 മത്സരങ്ങളില്‍. ഇതില്‍ രണ്ടെണ്ണം ജയിച്ചാല്‍ ആദ്യ നാലില്‍ ഒരു ടീമായി മുന്നേറം. മൂന്നില്‍ ഒന്നാണ് ജയിക്കുന്നതെങ്കില്‍ പഞ്ചാബിന് നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാകും. മറ്റ് ടീമുകളുടെ ഫലങ്ങളും കാക്കേണ്ടി വരും.

മുംബൈ ഇന്ത്യന്‍സ്

തുടക്കത്തില്‍ പതറിയ മുംബൈ തുടരെ ആറ് ജയങ്ങളുമായി കത്തും ഫോമിലേക്ക് മടങ്ങിയെത്തിയാണ് നില്‍ക്കുന്നത്. നിലവില്‍ അവര്‍ക്ക് 14 പോയിന്റുകള്‍. ശേഷിക്കുന്നത് 3 മത്സരങ്ങള്‍. മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചാല്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കും സംഘത്തിനും പ്ലേ ഓഫിലെത്താം. ഒന്നാണ് ജയിക്കുന്നതെങ്കില്‍ നെറ്റ് റണ്‍റേറ്റും മറ്റ് ടീമുകളുടെ ഫലവും അവരുടെ വഴി നിര്‍ണയിക്കും.

ഗുജറാത്ത് ടൈറ്റന്‍സ്

10 കളിയില്‍ നിന്നു 14 പോയിന്റുമായി ഗുജറാത്ത് നില്‍ക്കുന്നു. നാല് കളികളാണ് അവര്‍ക്ക് ശേഷിക്കുന്നത്. ഇതില്‍ രണ്ട് ജയം മതി അടുത്ത ഘട്ടത്തിലേക്ക്. നാലില്‍ മൂന്ന് കളി തോറ്റാല്‍ പോലും ഗുജറാത്തിനു നേരിയ പ്രതീക്ഷ നിലനിര്‍ത്താമെന്ന ആനുകൂല്യവുമുണ്ട്. അങ്ങനെ സംഭവിക്കാന്‍ നിലവില്‍ സാധ്യത ഇല്ല. എന്നാല്‍ ടി20 ആയതിനാല്‍ പ്രവചനം അസാധ്യം. അങ്ങനെ സംഭവിച്ചാല്‍ നെറ്റ് റണ്‍റേറ്റും മറ്റ് ടീം ഫലങ്ങളും ഗതി നിര്‍ണയിക്കും.

ഡല്‍ഹി ക്യാപിറ്റല്‍സ്

തുടക്കത്തില്‍ വന്‍ മുന്നേറ്റം നടത്തിയ ഡല്‍ഹി ഇടയ്ക്ക് തളര്‍ന്നത് തിരിച്ചടിയായി. എങ്കിലും പ്രതീക്ഷ ബാക്കിയുണ്ട് അവര്‍ക്കിപ്പോഴും. നിലവില്‍ 13 പോയിന്റുള്ള ഡല്‍ഹിക്ക് ശേഷിക്കുന്ന മൂന്ന് കളികളില്‍ രണ്ട് ജയം അനിവാര്യമാണ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

നിലവിലെ ചാംപ്യന്‍മാര്‍ക്കും ഇനിയുള്ള 3 കളികള്‍ നിര്‍ണായകം. മൂന്ന് കളികളും ജയിച്ചാലും പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധിക്കില്ല. നെറ്റ് റണ്‍റേറ്റും മറ്റ് ടീമുകളുടെ ഫലവും അവര്‍ നോക്കേണ്ടി വരും.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്

ലഖ്‌നൗവിന് അത്ര എളുപ്പമല്ല. നിലവില്‍ 10 പോയിന്റുള്ള എല്‍എസ്ജി അടുത്ത മൂന്ന് മത്സരങ്ങളും ജയിക്കണം. കൊല്‍ക്കത്തയെ പോലെ മറ്റ് ടീമുകളുടെ ഫലങ്ങളും നെറ്റ് റണ്‍റേറ്റും ലഖ്‌നൗ നോക്കിയിരിക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com