

ലഖ്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ദീപിന് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലും നിര്‍ബന്ധിത ഹൈ-സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റ് ഉപയോഗിക്കാത്തതിനാലും പുതുതായി വാങ്ങിയ എസ്യുവി പൊതുനിരത്തില്‍ ഇറക്കുന്നത് വിലക്കി കൊണ്ടാണ് ലഖ്‌നൗവിലെ റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ക്രിക്കറ്റ് താരത്തിന് നോട്ടീസ് നല്‍കിയത്. പൊതുനിരത്തില്‍ ഇറക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളുമായി ഹാജരാകുന്നതിന് ആകാശ് ദീപിന് ആര്‍ടിഒ 72 മണിക്കൂര്‍ സമയം അനുവദിച്ചു.
ഓഗസ്റ്റ് 7ന് ആണ് താരം വാഹനം വാങ്ങിയത്. ഓഗസ്റ്റ് 8ന് ഇന്‍ഷുറന്‍സ് ലഭിച്ചു. ഓഗസ്റ്റ് 9ന് ഫാന്‍സി രജിസ്‌ട്രേഷന്‍ നമ്പറും (UP32 QW 0041) ലഭിച്ചു. എന്നിരുന്നാലും വാഹന്‍ പോര്‍ട്ടലില്‍ താല്‍ക്കാലിക രജിസ്‌ട്രേഷനും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രക്രിയയും അപൂര്‍ണ്ണമായി തുടരുന്നതായി ആര്‍ടിഒ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
വാഹനത്തില്‍ നിര്‍ബന്ധിത ഹൈ-സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റും തേര്‍ഡ് രജിസ്‌ട്രേഷന്‍ മാര്‍ക്കും ഇല്ലെന്നും അധികൃതര്‍ കണ്ടെത്തി. ഇത് 1988 ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 39, 41(6), 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിലെ റൂള്‍ 50 എന്നിവയുടെ ലംഘനമാണ് എന്ന് വിലയിരുത്തിയാണ് ആര്‍ടിഒയുടെ നടപടി. നിലവിലെ അവസ്ഥയില്‍ വാഹനം ഓടിക്കുന്നത് മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 192 പ്രകാരം കുറ്റകൃത്യമാണെന്നും സെക്ഷന്‍ 207 പ്രകാരം വാഹനം പിടിച്ചെടുക്കാനോ തടങ്കലില്‍ വയ്ക്കാനോ അധികാരികളെ അധികാരപ്പെടുത്തുന്നുവെന്നും നോട്ടീസ് മുന്നറിയിപ്പ് നല്‍കുന്നു.
രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്, നികുതി പേയ്മെന്റ് രേഖകള്‍ എന്നിവയുള്‍പ്പെടെ ആവശ്യമായ എല്ലാ രേഖകളുമായി നിശ്ചിത സമയപരിധിക്കുള്ളില്‍ നേരിട്ടോ അംഗീകൃത പ്രതിനിധി മുഖേനയോ ഹാജരാകാന്‍ ആര്‍ടിഒ ആകാശ് ദീപിനോട് നിര്‍ദ്ദേശിച്ചു. ആവശ്യമായ ഹൈ-സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റും തേര്‍ഡ് രജിസ്‌ട്രേഷന്‍ മാര്‍ക്കും ഇല്ലാതെ ആകാശ് ദീപിന് വാഹനം നല്‍കിയ ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിട്ടുണ്ട്. 'മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 192, 207 പ്രകാരം വീഴ്ച വരുത്തിയ ഡീലര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
'സ്വപ്‌നം യാഥാര്‍ഥ്യമായി, താക്കോലുകള്‍ ലഭിച്ചു. ഏറ്റവും പ്രധാനപ്പെട്ടവരോടൊപ്പം,'- കാര്‍ വാങ്ങിയ ശേഷം തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ആകാശ് ദീപ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വരികളാണിവ. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പര്യടനം 2-2 ന് അവസാനിച്ച് ഒരാഴ്ച കഴിഞ്ഞാണ് ആകാശ് ദീപ് കാര്‍ വാങ്ങിയത്. അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണം കളിച്ച ആകാശ് ദീപ് 13 വിക്കറ്റുകളാണ് വീഴ്ത്തിയത്. എഡ്ജ്ബാസ്റ്റണില്‍ 10 വിക്കറ്റുകള്‍ വീഴ്ത്തിയ മത്സരമാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates