

ചെന്നൈ: മലയാളി താരവും ക്യാപ്റ്റനുമായ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ പടിയിറങ്ങുന്നതായുള്ള റിപ്പോർട്ടുകൾ വലിയ ചർച്ചകൾക്കാണ് വഴി തുറന്നത്. വിഷയത്തിൽ ഇപ്പോൾ ശ്രദ്ധേയ നിരീക്ഷണവുമായി മുൻ ഇന്ത്യൻ താരം എസ് ബദരീനാഥ് രംഗത്തെത്തി. സഞ്ജു രാജസ്ഥാൻ വിടാൻ കാരണക്കാരൻ സഹ താരമായ റിയാൻ പരാഗണെന്ന വാദമാണ് മുൻ താരം ഉന്നയിക്കുന്നത്. യുട്യൂബ് വിഡിയോയിലാണ് വെളിപ്പെടുത്തൽ.
ഇക്കഴിഞ്ഞ സീസണിൽ സഞ്ജുവിനു പരിക്കേറ്റതിനെ തുടർന്നു ടീമിനെ ചില മത്സരങ്ങളിൽ നയിച്ചത് റിയാൻ പരാഗായിരുന്നു. പരിക്കു മാറി സഞ്ജുവിനെ ഇംപാക്ട് പ്ലെയറായി നിലനിർത്തിയപ്പോഴും ടീം ക്യാപ്റ്റൻ റിയാൻ പരാഗായിരുന്നു.
'സഞ്ജു പുറത്തു പോകുന്നതിന്റെ കാരണക്കാരൻ റിയാൻ പരാഗാണ് എന്നാണ് എനിക്കു തോന്നുന്നത്. റിയാൻ പരാഗിനെ ക്യാപ്റ്റനായി പരിഗണിച്ചാൽ സഞ്ജു എങ്ങനെ ടീമിൽ തുടരും'- ബദരീനാഥ് ചോദിക്കുന്നു.
'സഞ്ജു രാജസ്ഥാൻ വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോകുമെന്നാണ് അഭ്യൂഹങ്ങൾ. ധോനിയുടെ പകരക്കാരനായി വിക്കറ്റ് കീപ്പർ നായകനായി ചെന്നൈ സഞ്ജുവിനെ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ വന്നത്. ഇക്കാര്യത്തിലുള്ള തന്റെ നിഗമനങ്ങളും ബദരീനാഥ് വിഡിയോയിൽ പങ്കിടുന്നുണ്ട്. മുൻ സിഎസ്കെ താരം കൂടിയായ ബദരീനാഥ് പറയുന്നത് സഞ്ജു ടീമിലേക്ക് വന്നാലും പ്ലെയിങ് ഇലവനിൽ സ്ഥാനമുണ്ടാകില്ല എന്നാണ്.'
'സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് വന്നാൽ ധോനിക്ക് ഒത്ത പകരക്കാരനാകും തീർച്ച. ബാറ്റിങ് ഓർഡറിൽ 3, 4 സ്ഥാനങ്ങളിൽ അനുയോജ്യനാണ് താരം. അഞ്ച്, ആറ് സ്ഥാനത്ത് പരീക്ഷിക്കാൻ സാധിക്കുന്ന ആളല്ല സഞ്ജു. നിലവിൽ ചെന്നൈ പ്ലെയിങ് ഇലവനിൽ ഈ സ്ഥാനത്തൊക്കെ മികച്ച താരങ്ങളുണ്ട്. ഋതുരാജ് ഗെയ്ക്‌വാദ്, ആയുഷ് മാത്രെ, ഡെവാൾഡ് ബ്രവിസ് തുടങ്ങിയവരൊക്കെ ഈ സ്ഥാനങ്ങളിൽ ഇടമുറപ്പിച്ചവരാണ്. ഗുജറാത്ത് ടൈറ്റൻസിൽ നിന്നു മുംബൈ ഇന്ത്യൻസ് ഹർദിക് പാണ്ഡ്യയെ തിരിച്ചെത്തിച്ചതു പോലെ ചെന്നൈ സഞ്ജുവിന്റെ കാര്യത്തിൽ ശ്രമിക്കുമോ എന്നൊന്നും പറയാൻ എനിക്കാവില്ല. സഞ്ജു ഇനി ടീമിലെത്തിയാലും പ്ലെയിങ് ഇലവനിൽ അദ്ദേഹത്തെ എവിടെ ഉൾകൊള്ളിക്കും?'
ഋതുരാജിനെ പോലെ ഒരു താരത്തെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റി സഞ്ജുവിനെ ആ സ്ഥാനത്തേക്ക് ചെന്നൈ പോലൊരു ടീം പരിഗണിക്കുമോ എന്നതും ഉറപ്പില്ലാത്ത സംഗതിയാണെന്ന് ബദരീനാഥ്.
'സഞ്ജു ടീമിലേക്ക് വരുമ്പോൾ ശ്രദ്ധയമാകുന്ന മറ്റൊന്നു നായക സ്ഥാനമാണ്. ധോനി ടീമിനെ നയിക്കാൻ തയ്യാറായാലും ഇല്ലെങ്കിലും ഔദ്യോഗിക ക്യാപ്റ്റൻ നിലവിൽ ഋതുരാജാണ്. അദ്ദേഹം ഒരു സീസണിലാണ് ടീമിനെ നയിച്ചത്. സഞ്ജുവിനെ എത്തിച്ച് അദ്ദേഹത്തിനു ക്യാപ്റ്റൻ സ്ഥാനം നൽകിയാൽ ഋതുരാജിന്റെ അവസ്ഥ എന്തായിരിക്കും എന്നതും നോക്കേണ്ടതല്ലേ. സഞ്ജുവിന്റെ കാര്യത്തിൽ ചെന്നൈ തീരുമാനം എടുക്കും മുൻപ് ഈ ഘടകങ്ങളെല്ലാം പരിഗണിച്ചേക്കും'- ബദരീനാഥ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
