

ജയ്പുർ: ഐപിഎൽ തുടങ്ങാൻ ദിവസങ്ങൾ മാത്രം നിൽക്കെ ടീമുകൾ പരിക്കിന്റെ വേവലാതികളിൽ നട്ടം തിരിയുകയാണ്. മിക്ക ടീമുകളുടേയും പേസർമാരാണ് പരിക്കേറ്റ് പുറത്താകുന്നത്. പരിക്കിന്റെ പട്ടികയിലേക്ക് പുതിയതായി എത്തിയത് ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറനാണ്. രാജസ്ഥാൻ റോയൽസ് താരമായ സാം കറനു ഈ സീസണിലെ എല്ലാ ഐപിഎൽ മത്സരങ്ങളും നഷ്ടമാകുമെന്നാണ് വിവരം. അടി വയറിനേറ്റ പരിക്കാണ് താരത്തിനു വിനയായത്.
മലയാളി താരവും നായകനുമായ സഞ്ജു സാംസണ് പകരമായി ചെന്നൈ സൂപ്പർ കിങ്സ് മെഗാ ലേലത്തിനു മുൻപ് രാജസ്ഥാന് വിട്ടുകൊടുത്ത താരമാണ് സാം കറൻ. രവീന്ദ്ര ജഡേജയ്ക്കൊപ്പമാണ് സാം കറനേയും ചെന്നൈ സഞ്ജുവിനായി കൈവിട്ടത്. എന്നാൽ താരത്തിന്റെ പരിക്ക് രാജസ്ഥാന്റെ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ചു.
അതിനിടെ പഞ്ചാബ് കിങ്സിനും ഒരു വിദേശ താരത്തിന്റെ നഷ്ടം തുടക്കത്തിലെ ഏഴ് മത്സരങ്ങളിലുണ്ടാകും. ന്യൂസിലൻഡ് പേസർ ലോക്കി ഫെർഗൂസനാണ് തുടക്കത്തിലെ ഏഴ് മത്സരങ്ങൾക്കുണ്ടാകില്ലെന്നു വ്യക്തമാക്കിയത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് താരം വിട്ടുനിൽക്കുന്നത്.
ടി20 ലോകകപ്പിന്റെ ഫൈനലിലെത്തിയ ന്യൂസിലൻഡ‍് ടീമിൽ ലോക്കി ഫെർഗൂസനുണ്ടായിരുന്നു. പ്രാഥമിക മത്സരങ്ങൾക്കു പിന്നാലെ താരം നാട്ടിലേക്ക് മടങ്ങി. പിന്നീട് സൂപ്പർ എട്ട് പോരാട്ടങ്ങൾക്കായി നാല് ദിവസത്തിനു ശേഷം താരം തിരിച്ചെത്തി. ലോകകപ്പിനു ശേഷം നിലവിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലും ലോക്കി ഫെർഗൂസൻ കളിക്കുന്നുണ്ട്. മൂന്നാം പോരാട്ടം കളിച്ചതിനു പിന്നാലെയാണ് താരം ഐപിഎല്ലിൽ നിന്നു അവധി എടുക്കുന്ന കാര്യം വ്യക്തമാക്കിയത്. ലോക്കി ഫെർഗൂസനു പകരം ഓസ്ട്രേലിയൻ താരം ബെൻ ഡ്വാർഷുയിസ് പഞ്ചാബിനായി കളിക്കും.
ഓസ്ട്രേലിയൻ പേസ് സൂപ്പർ ത്രയങ്ങളായ സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ്, നിലവിലെ ചാംപ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ജോഷ് ഹെയ്സൽവുഡ്, ഡൽഹി ക്യാപിറ്റൽസ് താരം മിച്ചൽ സ്റ്റാർക്ക് എന്നിവർ നേരത്തെ തന്നെ പരിക്കേറ്റ് വിശ്രമത്തിലാണ്. മൂവരുടേയും ഐപിഎൽ പങ്കാളിത്തം ഇതുവരെ ഉറപ്പായിട്ടില്ല.
മറ്റൊരു ഓസീസ് താരം ചെന്നൈ സൂപ്പർ കിങ്സ് ടീം അംഗം നതാൻ എല്ലിസും പരിക്കേറ്റ് പുറത്തായി. താരവും ഇത്തവണ കളിക്കില്ലെന്നാണ് നിലവിലെ വിവരം. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് പേസർ ഹർഷിത് റാണ അടക്കമുള്ള താരങ്ങളും ഇത്തവണ ഐപിഎൽ കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കൻ പേസർ മതീഷ പതിരന നിലവിൽ പരിക്കേറ്റ് വിശ്രമത്തിലാണ്. താരം ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾക്കുണ്ടാകില്ലെങ്കിലും പിന്നീട് കെകെആർ ടീമിനൊപ്പം ചേരുമെന്നാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates