

മുംബൈ: ഒറ്റയ്ക്ക് കുഞ്ഞിനെ വളർത്തുമ്പോഴുള്ള വെല്ലുവിളികൾ തുറന്നു പറഞ്ഞ് ഇന്ത്യൻ വനിതാ ടെന്നീസ് സൂപ്പർ താരം സാനിയ മിർസ. വിവിധ ജോലികൾ ചെയ്യാനുള്ളപ്പോൾ തന്നെ സംബന്ധിച്ചു സിംഗിൾ പാരന്റിങ് എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും സാനിയ പറയുന്നു. കരൺ ജോഹറുമൊത്തുള്ള ഒരു പരിപാടിയിൽ സംസാരിക്കവേയാണ് സാനിയയുടെ തുറന്നുപറച്ചിൽ.
2010ലാണ് സാനിയ മിർസ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് 2018ലാണ് ആദ്യ കുഞ്ഞ് ജനിച്ചത്. എന്നാൽ പിന്നീട് ആരാധകരെ ഞെട്ടിച്ച് ഇരുവരും വേർപിരിഞ്ഞു. 2023ലാണ് വിവാഹമോചന വാർത്ത പുറത്തു വന്നത്. നിലവിൽ സാനിയ മകനുമൊത്ത് ദുബൈയിലാണ് താമസം. വിവാഹ മോചനത്തിനു ശേഷമുള്ള തന്റെ ജീവിതമാണ് അഭിമുഖത്തിൽ സാനിയ വ്യക്തമാക്കുന്നത്.
'ജോലിക്കായി ഇന്ത്യയിലേക്ക് വരുമ്പോഴെല്ലാം മകനെ ദുബായിൽ തനിച്ചാക്കിയാണ് വരുന്നത്. ഏറെ ബുദ്ധിമുട്ടുള്ള സംഗതിയാണിത്. ഒരാഴ്ചത്തേയ്ക്കൊക്കെ മാറി നിൽക്കേണ്ടി വരറുണ്ട്. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ താത്പര്യം ഇല്ലാത്തതിനാൽ രാത്രി ഭക്ഷണം ഒഴിവാക്കാറുണ്ട്. അത് ശരീര ഭാരം കുറയ്ക്കാൻ സഹായിച്ചു'- സാനിയ വ്യക്തമാക്കി.
2003ൽ 17ാം വയസിൽ ഇന്ത്യൻ വനിതാ ടെന്നീസിലേക്ക് വിപ്ലവം തീർത്താണ് സാനിയയുടെ വരവ്. ഇന്ത്യൻ വനിതാ താരങ്ങൾ അധികം ഇല്ലാതിരുന്ന ഒരു മേഖലയിലേക്കാണ് താരത്തിന്റെ വരവ്. പിന്നീട് ഇന്ത്യയ്ക്കായി അഭിമാനകരമായ ഒട്ടേറെ നേട്ടങ്ങൾ താരം സ്വന്തമാക്കി. 2015ൽ ഡബിൾസിൽ ലോക ഒന്നാം നമ്പറായിരുന്നു സാനിയ. 2003 മുതൽ 2013ൽ സിംഗിൾസ് പോരാട്ടങ്ങളിൽ നിന്നു വിരമിക്കുന്നതു വരെ ഡബ്ല്യുടിഎ റാങ്കിങിൽ സാനിയ ഇന്ത്യയുടെ ഒന്നാം നമ്പർ താരമായിരുന്നു.
ഡബിള്‍സില്‍ മൂന്ന് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും മിക്‌സഡ് ഡബിള്‍സില്‍ രണ്ട് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും താരം നേടിയിട്ടുണ്ട്. ഡബിള്‍സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ കിരീട നേട്ടങ്ങള്‍. മിക്‌സഡ് ഡബിള്‍സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളുമാണ് സമ്പാദ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates