

തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര സഞ്ജുവിനെ സംബന്ധിച്ച് മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. ടൂർണമെന്റിലെ ഒരു മത്സരത്തിൽ പോലും താരത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല. അവസാന മത്സരത്തിൽ വിക്കറ്റ് കീപ്പർ സ്ഥാനവും കൂടി താരത്തിന് നഷ്ടപ്പെട്ടതോടെ ലോകകപ്പ് മത്സരങ്ങളിലെ സ്ഥാനവും ഇപ്പോൾ സംശയത്തിലാണ്.
തിരുവനന്തപുരം ഗ്രീൻ ഫീൽഡ് മത്സരത്തിൽ ഇഷാൻ കിഷനാണ് സഞ്ജുവിന് പകരം വിക്കറ്റ് കീപ്പർ ആയി കളത്തിലിറങ്ങിയത്. ആദ്യ മൂന്ന് മത്സരങ്ങൾ സഞ്ജുവും ശേഷമുള്ള രണ്ട് മത്സരങ്ങൾ ഇഷാനും വിക്കറ്റ് കീപ്പർ ആയി കളത്തിലിറങ്ങണം എന്ന് ഞങ്ങൾ മുൻകൂട്ടി തീരുമാനിച്ചിരുന്നു എന്നായിരുന്നു സഞ്ജുവിനെ കീപ്പർ സ്ഥാനത്ത് നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ മറുപടി
പക്ഷെ,ഈ തീരുമാനം സഞ്ജു അറിഞ്ഞില്ലെന്ന് വേണം കരുതാൻ. ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ മത്സരത്തിൽ ഇന്ത്യൻ ടീം ഫീൽഡ് ചെയ്യാൻ ഇറങ്ങുമ്പോൾ കീപ്പിങ് പാഡും ഗ്ലൗസും ധരിച്ച് താരം ഗ്രൗണ്ടിൽ ഇറങ്ങിയിരുന്നു. എന്നാൽ അവസാന നിമിഷം പരിശീലകൻ ഗൗതം ഗംഭീറിന്റെ നിർദേശപ്രകാരം ഇഷാൻ കിഷൻ കീപ്പർ ആയി ഗ്രൗണ്ടിൽ എത്തുക ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സഞ്ജു നിരാശനായി കീപ്പിങ് പാഡുമായി മൈതാനം വിടുന്ന ഒരു വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിട്ടുണ്ട്.
അതേ സമയം, സഞ്ജുവിന് പിന്തുണയുമായി ഭാര്യ ചാരുലത രമേഷ് രംഗത്ത് എത്തി. “എല്ലാം അവസാനിക്കുമ്പോൾ, ഉത്തരങ്ങൾ മാഞ്ഞു പോകുമ്പോൾ, തല കുനിച്ച് മുന്നോട്ട് പോകുക. ചില കാര്യങ്ങൾ വിശദീകരിക്കേണ്ടതില്ല, അംഗീകരിച്ചാൽ മതി” എന്ന ക്യാപ്ഷനോടെയായിരുന്നു ചാരുലത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്ക് വെച്ചത്.
തിരുവനന്തപുരത്ത് നടന്ന കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിന്റെ മോശം പ്രകടനത്തെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി ആണ് ആരാധകർ ചാരുലതയുടെ ഈ പോസ്റ്റിനെ വിലയിരുത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates