ചെന്നൈ: ഐ എസ് എൽ മത്സരങ്ങൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ സ്റ്റേഡിയം സംബന്ധിച്ച് പല ക്ലബ്ബുകൾക്കും ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോടേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും ഇത് വരെ സ്റ്റേഡിയം ക്ലബിന് കൈമാറിയിട്ടില്ല. കോർപ്പറേഷൻ സ്റ്റേഡിയത്തിലെ പണി പൂർത്തിയാക്കാൻ ഇനിയും സമയം ആവശ്യമായി വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇതേ സാഹചര്യത്തിലൂടെയാണ് ചെന്നൈയിൻ എഫ് സിയും കടന്ന് പോകുന്നത്. ഐ എസ് എൽ ആരംഭിച്ചത് മുതൽ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായിരുന്ന ചെന്നൈ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെയും അവസ്ഥയും മോശമാണെന്നാണ് പുറത്ത് വന്ന ചിത്രങ്ങൾ പറയുന്നത്.
ഈ സീസണിന്റെ ഉദ്‌ഘാടന ദിവസമായ ഫെബ്രുവരി 14 ന് തന്നെ സ്റ്റേഡിയത്തിൽ വെച്ച് എ ആർ റഹ്മാന്റെ സംഗീത പരിപാടി നടക്കുമെന്നാണ് അധികൃതർ പറയുന്നത്. ഒരു കാർ കമ്പനിയുടെ ലോഞ്ചിങ് പരിപാടി ജനുവരി 26ന് ആണ് സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഒരുക്കങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുമുണ്ട്.
ഈ രണ്ട് പ്രോഗ്രാമുകളും കഴിയുമ്പോൾ മൈതാനത്തിന്റെ അവസ്ഥ എന്താകുമെന്നാണ് ക്ലബ് അധികൃതരുടെ ആശങ്ക. ടൂർണമെന്റ് എത്രയും വൈകിയത് കാരണം പല ക്ലബ്ബുകൾക്കും അവരുടെ ഹോം ഗ്രൗണ്ടുകളുടെ പ്രവർത്തനം പൂർണ്ണ സജ്ജമാക്കാൻ സാധിച്ചിട്ടില്ല.
ഈ അവസ്ഥ തുടരുകയാണെങ്കിൽ ഐ എസ് എല്ലിന്റെ മത്സരക്രമം പുറത്തിറക്കാൻ ഇനിയും വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates