

ബ്രിസ്റ്റോൾ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ സ്മൃതി മന്ദാനയ്ക്കൊപ്പം ഓപ്പണിങ്ങിൽ മികവ് കാണിച്ച് റെക്കോർഡുകൾ പിഴുത് ഇന്ത്യൻ യുവ താരം ഷഫലി വർമ. 152 പന്തിൽ നിന്ന് 13 ഫോറും രണ്ട് സിക്സും പറത്തിയ ഷഫലിക്ക് തലനാരിഴയ്ക്കാണ് അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ചുറി നഷ്ടമായത്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 396 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് മന്ദാനയും ഷഫലിയും ചേർന്ന് നൽകിയത്. ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണത് സ്കോർ 167ലേക്ക് എത്തിയപ്പോൾ. മൂന്നക്കം കടന്നില്ലെങ്കിലും റെക്കോർഡുകളിൽ പലതും ഈ പതിനേഴുകാരിക്ക് മുൻപിൽ വഴിമാറി.
അരങ്ങേറ്റ ടെസ്റ്റിലെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ വനിതാ താരമായി ഷഫലി. 1995ൽ അരങ്ങേറ്റ ടെസ്റ്റിൽ 75 റൺസ് നേടിയ ചന്ദർകാന്ത കൗളിന്റെ റെക്കോർഡ് ആണ് ഇവിടെ ഷഫലി തിരുത്തി എഴുതിയത്. നിലവിൽ ഏഴ് ഇന്ത്യൻ വനിതാ താരങ്ങളാണ് ടെസ്റ്റിൽ സെഞ്ചുറി കുറിച്ചിട്ടുള്ളത്. ടെസ്റ്റിൽ ഒന്നിൽ കൂടുതൽ സെഞ്ചുറികൾ എന്നതിലേക്ക് വരുമ്പോൾ വരുന്നത് രണ്ട് ഇന്ത്യൻ വനിതാ താരങ്ങളുടെ പേരുകൾ മാത്രം, സന്ധ്യ അഗർവാൾ, ഹേമലത കല.
ആക്രമിച്ച് കളിക്കുന്ന തന്റെ ശൈലി ടെസ്റ്റിലേക്ക് എത്തിയിട്ടും ഷഫലി മാറ്റിയില്ല. അരങ്ങേറ്റ ടെസ്റ്റിൽ സിക്സ് പറത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് ഷഫലി. ഒരു ടെസ്റ്റ് ഇന്നിങ്സിൽ കൂടുതൽ സിക്സ് പറത്തിയ വനിതാ ക്രിക്കറ്റ് താരങ്ങളുടെ ലിസ്റ്റിൽ ഓസീസ് താരം ഹീലിക്കും ഇംഗ്ലണ്ട് താരം വിൻഫീൽഡിനും ഒപ്പം ഷഫലി ഒന്നാം സ്ഥാനം പങ്കിടുന്നു.
അരങ്ങേറ്റ ടെസ്റ്റിൽ അർധ ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഷഫലി. 14 വയസിൽ ടെസ്റ്റിൽ അർധ ശതകം നേടിയ സൗത്ത് ആഫ്രിക്കയുടെ ജോഹ്മറി ലോങ്ടൻബർഗിന്റെ പേരിലാണ് ഈ റെക്കോർഡ്. ഇംഗ്ലണ്ടിനെതിരെ ഷഫലിയും മന്ദാനയും മടങ്ങിയതിന് പിന്നാലെ ഇന്ത്യയുടെ വിക്കറ്റുകൾ തുടരെ വീണു. രണ്ടാം ദിനം കളി നിർത്തുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എന്ന നിലയിവാണ് ഇന്ത്യ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates