കട്ടക്കലിപ്പ്! വിക്കറ്റിൽ ചവിട്ടിയും സ്റ്റംപുകൾ ഊരി എറിഞ്ഞും അമ്പയറോട് കയർത്ത് ഷാക്കിബ്; ഒടുവിൽ മാപ്പ് (വീഡിയോ)

കട്ടക്കലിപ്പ്! വിക്കറ്റിൽ ചവിട്ടിയും സ്റ്റംപുകൾ ഊരി എറിഞ്ഞും അമ്പയറോട് കയർത്ത് ഷാക്കിബ്; ഒടുവിൽ മാപ്പ് (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

ധാക്ക: അമ്പയർ ഔട്ട് വിളിക്കാത്തതിൽ പ്രതിഷേധിച്ച് ​ഗ്രൗണ്ടിൽ മോശമായി പെരുമാറി ബം​ഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. ബംഗ്ലാദേശിലെ പ്രാദേശിക ടി20 ലീഗ് മത്സരത്തിനിടെയാണ് ഷാക്കിബ് അമ്പയറോട് മോശമായി പെരുമാറിയത്. ഇതിന്റെ വീഡിയോ വലിയ തോതിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി. പിന്നാലെ താരം മാപ്പ് പറഞ്ഞ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു. 

ധാക്ക ടി20 ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മുഹമ്മദൻ സ്‌പോർടിങ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ രണ്ട് തവണയാണ് ഷാക്കിബിന്റെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായത്. ആദ്യം ബാറ്റ് ചെയ്ത ഷാക്കിബിന്റെ ടീം മുഹമ്മദൻ സ്‌പോർടിങ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തു. 

അബഹാനി ലിമിറ്റഡ് ബാറ്റിങ് തുടങ്ങിയ ഉടൻ തന്നെയായിരുന്നു ആദ്യ സംഭവം. ബംഗ്ലാദേശ് താരമായ മുഷ്ഫിഖർ റഹീമിനെതിരായ എൽബിഡബ്ല്യു അപ്പീൽ അമ്പയർ നിരസിച്ചതോടെ പ്രകോപിതനായ ഷാക്കിബ് നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിലെ ബെയ്ൽസ് ചവിട്ടിത്തെറിപ്പിക്കുകയും അമ്പയറോട് കയർക്കുകയും ചെയ്തു. 

പിന്നീട് മത്സരം 5.5 ഓവർ എത്തിയപ്പോൾ മഴ കാരണം അമ്പയർമാർ മത്സരം നിർത്തിവെയ്ക്കാൻ തീരുമാനിച്ചതോടെയാണ് ഷാക്കിബ് വീണ്ടും മോശം പെരുമാറ്റത്തിന് മുതിർന്നത്. ഇത്തവണ അമ്പയറോട് കയർത്ത താരം വിക്കറ്റുകൾ വലിച്ചൂരി എറിയുകയായിരുന്നു. ആ ഘട്ടത്തിൽ അബഹാനി മൂന്നിന് 31 റൺസ് എന്ന നിലയിൽ ആയിരുന്നു. 

മത്സരം ഷാക്കിബിന്റെ ടീം 31 റൺസിന് ജയിച്ചു. ഡെക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം അബഹാനിക്ക് ഒമ്പത് ഓവറിൽ 76 റൺസായി വിജയ ലക്ഷ്യം പുനർനിശ്ചയിക്കപ്പെട്ടു. പക്ഷേ അവർക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 44 റൺസെടുക്കാനേ സാധിച്ചുള്ളൂ.

അതേസമയം താരത്തിനെതിരേ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com