

ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരികയാണ്. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മത്സരം ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങൾ ഉയരുന്നതിനിടെയാണ് പോരാട്ടം. മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കുമെന്നു ഇതിഹാസ പാക് പേസർ ഷൊയ്ബ് അക്തർ. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യ നിവിലെ ടി20 ലോക ജേതാക്കളും ലോക ഒന്നാം നമ്പർ ടീമുമാണ്. മറുവശത്ത് പാകിസ്ഥാൻ തകർച്ചയിൽ നിന്നു കരകയറാനുള്ള ശ്രമത്തിലാണ്. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം മിന്നും ഫോമിലാണ്. ഈ ഘട്ടത്തിലാണ് അക്തറിന്റെ മുന്നറിയിപ്പ്.
'മത്സരത്തിൽ ഇന്ത്യയ്ക്കായിരിക്കും ആധിപത്യം. അക്കാര്യം വ്യക്തമാണ്. ഒരു സംശയവും വേണ്ട. അവർ പാകിസ്ഥാനെ നല്ല പ്രഹരമേൽപ്പിക്കും. അതു വളരെ എളുപ്പം സാധ്യമാണ്. ഏഷ്യാ കപ്പ് ഫൈനലിൽ അഫ്ഗാനിസ്ഥാൻ വരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്'- ഒരു സ്പോർട്സ് മാധ്യമ ചർച്ചയ്ക്കിടെ പ്രതികരിക്കവേയാണ് അക്തർ പാകിസ്ഥാനെ പാടെ തള്ളിയത്.
എന്നാൽ മുൻ നായകൻ മിസ്ബ ഉൾ ഹഖ് പാക് ടീമിൽ പ്രതീക്ഷ വയ്ക്കുന്നു. പുതുമുഖങ്ങളുമായി പരീക്ഷണത്തിനിറങ്ങിയ പാകിസ്ഥാന് ഇത് മികച്ച അവസരമാണെന്നു പറയുകയാണ് മിസ്ബ ഉൾ ഹഖ്.
'പാകിസ്ഥാന് ഇതു നല്ല അവസരമാണ്. വിരാട് കോഹ്‍ലി ഇല്ലാത്ത ബാറ്റിങ് നിര വ്യത്യസ്തമായിരിക്കും. ഇന്ത്യയുടെ പുതിയ താരങ്ങൾക്ക് പാകിസ്ഥാൻ ബൗളർമാരെ നേരിട്ടു പരിചയമില്ല. ഇന്ത്യയുടെ ടോപ് ഓർഡറിൽ വിള്ളൽ വീഴ്ത്തിയാൽ പാകിസ്ഥാന് സാധ്യതകളുണ്ട്. ബൗളർമാരാണ് അതിനു ശ്രമിക്കേണ്ടത്'- മിസ്ബ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates