

അബുദാബി: കുട്ടിക്കാലത്ത് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനത്തിനായി എത്തിയ കുഞ്ഞ് ശുഭ്മാന്‍ ഗില്ലിനെ ഓര്‍മിച്ച് യുഎഇ ടീമിലെ ഇന്ത്യന്‍ വംശജനായ താരം സിമ്രന്‍ജീത് സിങ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഏഷ്യാ കപ്പ് പോരാട്ടം നാളെ തുടങ്ങാനിരിക്കെയാണ് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനും ടി20 വൈസ് ക്യാപ്റ്റനുമായ ശുഭ്മാന്‍ ഗില്ലിനെ പണ്ട് കാണാറുള്ള കാര്യം സിമ്രന്‍ജീത് ഓര്‍മിച്ചത്. തനിക്കിപ്പോഴും ഗില്ലിനെ ഓര്‍മയുണ്ടെന്നും എന്നാല്‍ തന്നെ അദ്ദേഹത്തിനു ഓര്‍മ കാണില്ലെന്നും ഇടം കൈയന്‍ സ്പിന്നറായ സിമ്രന്‍ജീത് പറയുന്നു.
'ശുഭ്മാനെ കുട്ടിക്കാലം മുതല്‍ എനിക്ക് അറിയാം, പക്ഷേ അവന്‍ എന്നെ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല'- ലുധിയാനയില്‍ ജനിച്ച സിമ്രന്‍ജീത് പറയുന്നു.
'2011-12 കാലഘട്ടത്തിലാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ശുഭ്മാന് പരമാവധി 11 അല്ലെങ്കില്‍ 12 വയസ് പ്രായമുണ്ടാകും. ഞങ്ങള്‍ രാവിലെ 6 മുതല്‍ 11 വരെ മൊഹാലിയിലെ പിസിഎ അക്കാദമിയില്‍ പരിശീലനം നടത്തിയിരുന്നു. രാവിലെ 11 മണിയോടെ ശുഭ്മാന്‍ അച്ഛനോടൊപ്പം എത്തും. ഞങ്ങളുടെ പരിശീലനം കഴിഞ്ഞാലും അദ്ദേഹത്തിനു ഞാന്‍ ധാരാളം പന്തെറിഞ്ഞു കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിനു അതെല്ലാം ഇപ്പോള്‍ ഓര്‍മയുണ്ടോ എന്നറിയില്ല.
യുഎഇ ടീമില്‍ കരിയറിന്റെ സായാഹ്നത്തിലാണ് സിമ്രന്‍ജീത് അരങ്ങേറിയത്. നിലവില്‍ 35കാരനായ താരം ഈ വര്‍ഷമാണ് രാജ്യാന്തര ക്രിക്കറ്റില്‍ യുഎഇ ടീമിനായി കളിക്കാനിറങ്ങിയത്. ഇന്ത്യക്കെതിരായ പോരാട്ടം താരത്തിനു സവിശേഷമാകുന്നത് അതുകൊണ്ടു കൂടിയാണ്. മത്സരത്തിനൊരുങ്ങുന്നതിനിടെയാണ് താരം ഗില്ലിനെ ഓര്‍മിച്ചത്. യുഎഇ ടീമിന്റെ പരിശീലകനും ഇന്ത്യക്കാരനാണ്. മുന്‍ ഇന്ത്യന്‍ കോച്ചായിരുന്നു ലാല്‍ചന്ദ് രജപുതാണ് ടീമിനെ 2024 മുതല്‍ പരിശീലിപ്പിക്കുന്നത്.
'കോവിഡ് വരുന്നതു വരെ ഞാന്‍ ഇന്ത്യയില്‍ തന്നെയായിരുന്നു. പഞ്ചാബില്‍ നിരവധി ജില്ലാ ക്രിക്കറ്റ് പോരാട്ടങ്ങള്‍ കളിച്ചിട്ടുണ്ട്. 2017ല്‍ രഞ്ജി ട്രോഫിക്കുള്ള പ്രാഥമിക പഞ്ചാബ് ടീം പട്ടികയിലും ഇടംപിടിച്ചിരുന്നു. ഇന്ത്യക്കു വേണ്ടി കളിക്കാനുള്ള മോഹം പക്ഷേ നടന്നില്ല. പിന്നീട് കോവിഡ് വന്നതോടെ ജീവിതം മാറി. അങ്ങനെയിരിക്കെ 2021ല്‍ ദുബൈയില്‍ പരിശീലനം നടത്താനുള്ള ഓഫര്‍ കിട്ടി. അതോടെ ഇങ്ങോട്ടു പോന്നു. ആദ്യ ഘട്ടത്തില്‍ 20 ദിവസ പരിശീലനത്തിനാണ് വന്നത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗം വന്നതോടെ ഇന്ത്യയിലേക്ക് തിരിച്ചു പോകാന്‍ കഴിയാത്ത അവസ്ഥ വന്നു. പിന്നെ ഇവിടെ തന്നെ തുടര്‍ന്നു. ഒടുവില്‍ വൈകിയ വേളയിലാണെങ്കിലും യുഎഇ ടീമിനായി അരങ്ങേറി അന്താരാഷ്ട്ര മത്സരവും കളിച്ചു.'
'യുഎഇ ടീമിലെത്താന്‍ മൂന്ന് സീസണുകള്‍ ഇവിടെ ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമായിരുന്നു. ഞാന്‍ അതു ചെയ്തു. മാനദണ്ഡങ്ങള്‍ എല്ലാം ഓക്കെയായപ്പോള്‍ ഞാന്‍ ലാല്‍ സാറിനോടു ട്രയല്‍സിനു പങ്കെടുക്കട്ടേയെന്നു അപേക്ഷിക്കുകയായിരുന്നു.'
'2021 മുതല്‍ ദുബൈയില്‍ സ്ഥിരതാമസമാണ്. ജൂനിയര്‍ കളിക്കാരെ പരിശീലിപ്പിക്കുന്നതിലൂടെ എനിക്ക് മാന്യമായ പണം സമ്പാദിക്കാന്‍ സാധിക്കുന്നു. ഞാന്‍ ക്ലബ് ക്രിക്കറ്റ് കളിക്കുകയും ജൂനിയര്‍മാരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. യുഎഇ ടീമിലായതോടെ എനിക്ക് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ കേന്ദ്ര കരാര്‍ ലഭിച്ചു. കാര്യങ്ങള്‍ ഇപ്പോള്‍ നന്നായി പോകുന്നു'- അദ്ദേഹം പറഞ്ഞു.
നാളെ ഇന്ത്യയുമായി യുഎഇ കളിക്കുമ്പോള്‍ കുടുംബം ഏത് ടീമിനെ പിന്തുണയ്ക്കുമെന്ന ചോദ്യം കുഴപ്പിക്കുന്നതാണെന്നു അദ്ദേഹം ചിരിച്ചു കൊണ്ടു പറയുന്നു. ഇന്ത്യക്കു വേണ്ടി കളിക്കുക എന്റെ ആഗ്രഹമായിരുന്നു. അതു നടന്നില്ല. ഇപ്പോള്‍ താന്‍ യുഎഇക്കായാണ് കളിക്കുന്നത്. അതിനാല്‍ കുടുംബം യുഎഇയെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. സിമ്രന്‍ജീത് ചിരിച്ചു കൊണ്ടു കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
