

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ സമനില പിടിച്ചതിന് പിന്നാലെ ഐസിസിയെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പിച്ചുകള്‍ക്ക് റേറ്റിങ് നല്‍കുന്നതില്‍ ഐസിസി ഇരട്ടത്താപ്പ് കാണിക്കുന്നതായാണ് രോഹിതിന്റെ വിമര്‍ശനം. പിച്ചുകളെ എങ്ങനെ റേറ്റ് ചെയ്യുന്നു എന്ന കാര്യത്തില്‍ ഒരു അവലോകനം ആവശ്യമാണെന്നും രോഹിത് ശര്‍മ്മ നിര്‍ദേശിച്ചു.
 
കേപ്ടൗണിലെ പിച്ചിനെ 'അപകടകരം' എന്നാണ് രോഹിത് വിശേഷിപ്പിച്ചത്. എന്നാല്‍ ഇന്ത്യന്‍ പിച്ചുകളില്‍ പന്ത് തിരിയുന്നതിനെ അംഗീകരിക്കാന്‍ തയ്യാറായാല്‍ ഇവിടത്തെ പേസ് പിച്ചുകളും തനിക്ക് പ്രശ്‌നമില്ലെന്നും രോഹിത് പറഞ്ഞു. ഇന്ത്യയിലെ പിച്ചുകളില്‍ ആദ്യ ദിനം മുതല്‍ തന്നെ തിരിയുന്നതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് രോഹിതിന്റെ പരാമര്‍ശം.
'ഇന്ത്യയില്‍ എല്ലാവരും ഇവിടത്തെ പിച്ചുകളെ കുറിച്ച് മിണ്ടാതിരിക്കുന്നിടത്തോളം കാലം ഇത്തരം പിച്ചുകളില്‍ എനിക്ക് പ്രശ്നമില്ല. അതെ, ഇത് അപകടകരമാണ്, എന്നാല്‍ നിങ്ങള്‍ ഇവിടെ (ദക്ഷിണാഫ്രിക്ക) വരുന്നത് സ്വയം വെല്ലുവിളിക്കാനാണ്, നിങ്ങള്‍ അതിനെ നേരിടണം.' - രോഹിത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിവിധ രാജ്യങ്ങളിലെ പിച്ചുകളെ മാച്ച് റഫറികള്‍ വിലയിരുത്തുന്നതില്‍ പൊരുത്തക്കേടുണ്ടെന്നും രോഹിത് ആരോപിച്ചു.
'ഇന്ത്യയില്‍, ആദ്യ ദിനം ആകുമ്പോള്‍ തന്നെ ആളുകള്‍ പറയും, 'അയ്യോ, പൊടിപടലങ്ങള്‍ ഉണ്ട്'. നമ്മള്‍ നിഷ്പക്ഷത പാലിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് മാച്ച് റഫറിമാര്‍. പിച്ചുകള്‍ എങ്ങനെ റേറ്റുചെയ്യപ്പെടുന്നുവെന്ന് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോകകപ്പ് ഫൈനല്‍ പിച്ച് (അഹമ്മദാബാദില്‍) നിലവാരം കുറഞ്ഞതാണെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒരു കളിക്കാരന്‍ (ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്) അവിടെ സെഞ്ച്വറി അടിച്ചു. രാജ്യങ്ങളെ അടിസ്ഥാനമാക്കിയല്ല, കാണുന്നതിനെ അടിസ്ഥാനമാക്കിയാണ് അവര്‍ പിച്ചുകളെ വിലയിരുത്തേണ്ടത്. സ്പിന്നോ പേസോ അടിസ്ഥാനമാക്കിയുള്ള പിച്ചിന്റെ റേറ്റിംഗില്‍ ആദ്യ ദിവസം വ്യത്യാസമൊന്നും ഉണ്ടാകരുത്. ഇന്ത്യയിലെ പിച്ചുകളില്‍ പന്ത് തിരിയുമെന്ന് ഞങ്ങള്‍ക്കറിയാം, പക്ഷേ ആളുകള്‍ക്ക് അത് ഇഷ്ടമല്ല, എന്നാല്‍ സീം ചെയ്താല്‍ അത് ശരിയാണോ? അത് ന്യായമല്ല.'- രോഹിത് കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
