

ഇടവേളയ്ക്ക് ശേഷം സ്‌പെയിന്‍ യൂറോ കപ്പ് സ്വന്തമാക്കി. ലയണല്‍ മെസിയുടെ അന്താരാഷ്ട്ര കിരീട ശേഖരത്തിലേക്ക് മറ്റൊരു കോപ്പ അമേരിക്ക കിരീടം കൂടി വന്നെത്തി. ഇറ്റാലിയന്‍ ടീം അറ്റ്‌ലാന്റ ചരിത്രത്തിലാദ്യമായി ഒരു യൂറോപ്യന്‍ കിരീടം നേടി. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ തുടരെ 11 സീസണുകളിലായി കിരീടം നേടിയ ബയേണ്‍ മ്യൂണിക്കിന്റെ അപ്രമാദിത്വത്തിനു അവസാനമിട്ട് ബയര്‍ ലെവര്‍കൂസന്‍ കിരീടം പിടിച്ചെടുത്തു.
ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്പാനിഷ് താരം റോഡ്രി സ്വന്തമാക്കിയതും ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ബ്രസീല്‍ താരം വിനിഷ്യസ് ജൂനിയര്‍ നേടിയതും 2024ലെ ഫുട്‌ബോളിനെ നിറമുള്ളതാക്കി. ജര്‍മന്‍ ഇതിഹാസ താരം ഫ്രാന്‍സ് ബെക്കന്‍ ബോവറുടെ വിയോഗവും ഈ വര്‍ഷമായിരുന്നു.
വീണ്ടും സ്പാനിഷ് അടയാളം...
യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ട് സ്‌പെയിന്‍ ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറഞ്ഞ വര്‍ഷം. അവരുടെ നാലാം കിരീട നേട്ടം. 2008, 12 വര്‍ഷങ്ങളിലെ യൂറോയും 2010ലെ ലോകകപ്പിനും ശേഷം അവര്‍ 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തമാക്കിയ അന്താരാഷ്ട്ര ട്രോഫി. ലൂയീസ് ഡെലഫ്യുണ്ടെയുടെ കീഴിലാണ് ടീം കിരീട നേട്ടത്തിലെത്തിയത്. തുടരെ രണ്ടാം തവണയും ഇംഗ്ലണ്ട് യൂറോയുടെ ഫൈനലില്‍ തോല്‍വി വഴങ്ങി.
2-1നായിരുന്നു സ്‌പെയിനിന്റെ കിരീട ധാരണം. റോഡ്രിയും ലമീന്‍ യമാലും നിക്കോ വില്ല്യംസും അടങ്ങിയ സ്പാനിഷ് സംഘം ടൂര്‍ണമെന്റിലുടനീളം മിന്നും ഫോമില്‍ പന്തു തട്ടി. അവരുടെ നാലാം യൂറോ കിരീടം കൂടിയായി മാറി ജര്‍മനിയിലെ നേട്ടം.
കോപ്പ, ലോകകപ്പ്, കോപ്പ!
അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തിയതും 2024നെ ശ്രദ്ധേയമാക്കി. ഫൈനലില്‍ കൊളംബിയയെ വീഴ്ത്തിയാണ് മെസിയും സംഘവും കിരീട നേട്ടം ആവര്‍ത്തിച്ചത്. 2021ല്‍ ബ്രസീലിനെ വീഴ്ത്തി കോപ്പ അമേരിക്കയിലൂടെ മെസി ആദ്യ അന്താരാഷ്ട്ര കിരീടം ഉയര്‍ത്തി. പിന്നാലെ ഇറ്റലിയെ വീഴ്ത്തി ഫൈനലിസിമ ട്രോഫിയും അതും കഴിഞ്ഞ് ഖത്തര്‍ ലോകകപ്പും മെസി ഷോക്കേസിലെത്തിച്ചു. അതിന്റെ തുടര്‍ച്ചയായിരുന്നു 2024ലെ കോപ്പ കിരീടവും. തുടരെ നാല് അന്താരാഷ്ട്ര കിരീടങ്ങളാണ് താരം സ്വന്തമാക്കിയത്. ഫൈനലില്‍ നിശ്ചിത സമയത്ത് ഗോളില്ലായിരുന്നു. അധിക സമയത്തേക്ക് നീണ്ട പോരില്‍ 1-0ത്തിനാണ് അര്‍ജന്റീന കിരീടം നിലനിര്‍ത്തിയത്.
അർജന്റീനയുടെ കിരീട വിജയത്തിൽ നിർണായക പങ്കു വഹിച്ച് എയ്ഞ്ചൽ ഡി മരിയ തന്റെ സമ്മോഹന കരിയറിനു വിരാമമിട്ടതും 2024ൽ കണ്ടു.
ഗാസ്‌പെരിനിയുടെ അറ്റ്‌ലാന്റ
ഇറ്റാലിയന്‍ സീരി എ ടീം അറ്റ്‌ലാന്റയുടെ യൂറോപ്പ ലീഗ് കിരീട നേട്ടം ഫുട്‌ബോള്‍ ലോകത്ത് 2024ല്‍ വലിയ ചര്‍ച്ചയായി. തോല്‍വി അറിയാതെ ജര്‍മന്‍ ബുണ്ടസ് ലീഗയും ജര്‍മന്‍ കപ്പും സ്വന്തമാക്കി എത്തിയ ബയര്‍ ലെവര്‍കൂസനെയാണ് ഫൈനലില്‍ അറ്റ്‌ലാന്റ വീഴ്ത്തിയത്. സീസണില്‍ ലെവര്‍കൂസന്‍ ഒറ്റ തോല്‍വിയാണ് നേരിട്ടത്. അതു യൂറോപ്പ ലീഗിന്റെ ഫൈനലിലായിരുന്നു. മറുപടിയില്ലാത്ത 3 ഗോളുകള്‍ക്കാണ് അറ്റ്‌ലാന്റ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.
കഴിഞ്ഞ എട്ട് വര്‍ഷമായി പരിശീലക സ്ഥാനത്തുള്ള ജിയാന്‍ പിയറോ ഗാസ്‌പെരിനിയുടെ സംഘം അപരാജിതരായി നിന്ന ഷാബി അലോണ്‍സോയുടെ ലെവര്‍കൂസനെ വീഴ്ത്തി അറ്റ്‌ലാന്റയ്ക്ക് ചരിത്രത്തിലാദ്യമായി യൂറോപ്യന്‍ കിരീടം സമ്മാനിച്ചതാണ് നേട്ടത്തെ ശ്രദ്ധേയമാക്കിയത്. അറ്റാലന്റയുടെ രണ്ടാമത്തെ മാത്രം കിരീടമായിരുന്നു ഇത്. 1962-63 കാലത്ത് നേടിയ ഇറ്റാലിയന്‍ കപ്പ് കിരീടം മാത്രമായിരുന്നു 117 വര്‍ഷത്തെ പരാമ്പര്യമുള്ള ക്ലബിനു അവകാശപ്പെടാനുണ്ടായിരുന്നത്. 61 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു കിരീട ധാരണം കൂടിയായി പോരാട്ടം മാറി.
ഷാബിയുടെ അപരാജിത സംഘം
ഷാബി അലോണ്‍സോയുടെ പരിശീലന മികവില്‍ ബയര്‍ ലെവര്‍കൂസന്‍ ബുണ്ടസ് ലീഗ കിരീടം ചരിത്രത്തിലാദ്യമായി സ്വന്തമാക്കിയതും ഫുട്‌ബോള്‍ ലോകത്തെ ശ്രദ്ധേയ നിമിഷമായി. ബയേണ്‍ മ്യൂണിക്കിന്റെ അപ്രമാദിത്വത്തിന് ബ്രെയ്ക്കിട്ടാണ് അവരുടെ നേട്ടം. സീസണില്‍ ഒരു മത്സരം തോല്‍ക്കാതെ കിരീടം നേടിയതും തിളക്കമുള്ള അധ്യായമായി.
റോഡ്രിയുടെ ബാല്ലണ്‍ ഡി ഓര്‍
പതിവു പോലെ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം ഒരിക്കല്‍ കൂടി വിവാദത്തിന്റെ ജേഴ്‌സിയണിഞ്ഞു. ഇത്തവണ റയല്‍ മാഡ്രിഡിനു ചാംപ്യന്‍സ് ലീഗ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി നിന്ന വിനിഷ്യസ് ജൂനിയര്‍ പുരസ്‌കാരം നേടുമെന്നായിരുന്നു ഫുട്‌ബോള്‍ ലോകത്തെ പ്രതീക്ഷ. എന്നാല്‍ സ്‌പെയിനിനെ യൂറോ കിരീടത്തിലേക്കും മാഞ്ചസ്റ്റര്‍ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്കും നയിച്ച റോഡ്രിയ്ക്കാണ് പുരസ്‌കാരം. ഇതാണ് വിവാദമായത്. റയല്‍ മാഡ്രിഡ് തീരുമാനത്തില്‍ പ്രതിഷേധിച്ച് പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചതും ശ്രദ്ധേയമായി.
ഫിഫ ദി ബെസ്റ്റില്‍ പ്രായശ്ചിത്തം
ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ അതു ബാല്ലണ്‍ ഡി ഓറിനു വിപരീതമായി. പുരസ്‌കാരം വിനിഷ്യസ് ജൂനിയറാണ് നേടിയത്. വനിതാ വിഭാഗത്തിൽ ബാല്ലൺ ഡി ഓറും ഫിഫ ദി ബെസ്റ്റും സ്പെയിനിന്റെ ബാഴ്സലോണ താരം അയ്റ്റാൻ ബോൺമറ്റിക്കാണ്.
ഡോണ്‍ കാര്‍ലോ
2024ലെ മികച്ച പരിശീലകനുള്ള ബാല്ലണ്‍ ഡി ഓറും ഫിഫ പുരസ്‌കാരവും റയല്‍ മാഡ്രിഡിന്റെ കാര്‍ലോ ആന്‍സലോട്ടിക്കാണ്. റയലിനെ ചാംപ്യന്‍സ് ലീഗ്, ലാ ലിഗ, ക്ലബ് ലോകകപ്പ് കിരീട നേട്ടങ്ങളിലേക്ക് നയിച്ചാണ് ആന്‍സലോട്ടി പുരസ്‌കാരം നേടിയത്. അനവധി വര്‍ഷങ്ങളായി യൂറോപ്യന്‍ ഫുട്‌ബോളിലെ അതികായ പരിശീലകനായി നില്‍ക്കുന്ന ഡോണ്‍ കാര്‍ലോ തന്റെ ഔന്നത്യം ഒരിക്കല്‍ കൂടി 2024ല്‍ വെളിവാക്കി.
അവസാനിക്കാത്ത വംശീയത, വര്‍ണ വെറി
ഫുട്‌ബോളിലെ വംശീയതയുടേയും വര്‍ണ വെറിയുടേയും കറുത്ത അധ്യായത്തില്‍ ഇത്തവണ പാഠ മാറ്റങ്ങളില്ല. നിരവധി താരങ്ങള്‍ നിരന്തര വേട്ടകള്‍ക്ക് ഇരയായി. പ്രത്യേകിച്ച് റയലിന്റെ ബ്രസീല്‍ താരം വനിഷ്യസ് ജൂനിയര്‍. താരം ഗോള്‍ നേടുമ്പോഴും ടീം പരാജയപ്പെടുമ്പോഴും എന്തിനേറെ നൃത്തം ചെയ്തപ്പോള്‍ പോലും പല സ്പാനിഷ് സ്റ്റേഡിയങ്ങളില്‍ നിന്നു അപമാനം ഏല്‍ക്കേണ്ടി വന്നു. താരം പരസ്യമായി ഇതിനെതിരെ രംഗത്തെത്തി. ഫുട്‌ബോള്‍ ലോകം മുഴുവന്‍ ആ മനുഷ്യനൊപ്പം നില കൊള്ളുന്ന കാഴ്ചയ്ക്കും 2024 സാക്ഷിയായി. ഇതിനൊപ്പം തന്നെ കിലിയന്‍ എംബാപ്പെ അടക്കമുള്ള ഫ്രഞ്ച് ടീമിനതിരെയുള്ള അര്‍ജന്റീന ടീമിന്റെ വംശീയത നിറച്ച പാട്ടും വിവാദത്തിലേക്ക് നയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates