

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷനെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെയാണ് കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ അധ്യക്ഷനായി മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ ശരൺ സിങിന്റെ വിശ്വസ്തൻ സഞ്ജയ് സിങ് കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഗുസ്തി താരങ്ങൾ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ബ്രിജ് ഭൂഷനെതിരെ ലൈംഗിക ചൂഷണ പരാതി നൽകി പ്രതിഷേധിച്ച സാക്ഷി മാലിക്, ബജ്റംഗ് പുനിയ, വിനേഷ് ഫോഗട് എന്നിവരാണ് ഫെഡറേഷനിലേക്ക് തെരഞ്ഞെടുപ്പ് നടന്നതിനു പിന്നാലെ പത്രസമ്മേളനം നടത്തിയത്. അതിനിടെ സാക്ഷി മാലിക് ഗുസ്തി കരിയർ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് കായിക ലോകത്തെ ഞെട്ടിച്ചു.
ബ്രിജ് ഭൂഷൻ ശരൺ സിങ്ങുമായി ബന്ധമുള്ള ആരും ഫെഡറേഷനിലേക്ക് വരില്ലെന്ന കായിക മന്ത്രിയുടെ രേഖാമൂലമുള്ള ഉറപ്പ് ലംഘിക്കപ്പെട്ടെന്നു ആരോപിച്ചായിരുന്നു താരങ്ങൾ രംഗത്തെത്തിയത്. തങ്ങൾക്ക് ഒരു കാലത്തും നീതി കിട്ടില്ലെന്നു താരങ്ങൾ പരസ്യമായി മാധ്യമങ്ങൾക്കു മുന്നിൽ തുറന്നടിച്ചു. പിന്നാലെയാണ് സാക്ഷി മാലിക് കരിയർ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. പത്മശ്രീ അടക്കമുള്ള പുരസ്കാരങ്ങൾ മടക്കി നൽകുമെന്നു പ്രഖ്യാപിച്ച് കൂടുതൽ താരങ്ങൾ രംഗത്തെത്തുകയും ചെയ്തതോടെയാണ് മന്ത്രാലയത്തിന്റെ നടപടി.
കളിക്കാരെ ലൈംഗികാതിക്രമത്തിനു വിധേയരാക്കിയെന്നു ആരോപിക്കപ്പെടുന്ന മുൻ ഭാരവാഹിയുടെ പൂർണ നിയന്ത്രണം ഇപ്പോഴും ഫെഡറേഷനിലുണ്ടെന്നു മന്ത്രാലയം പുറത്തിറക്കിയ സസ്പെൻഷൻ സംബന്ധിച്ച കുറിപ്പിൽ പറയുന്നു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ അവഗണിച്ചു ഈ ഭാരവാഹികളുടെ നിയന്ത്രണത്തിലാണ് ഫെഡറേഷനെന്നു സംശയിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.
പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തതടക്കമുള്ളവയിൽ നിലവിലുള്ള ചട്ടങ്ങൾ പാലിക്കപ്പെട്ടില്ല. ദേശീയ മത്സരങ്ങളുടെ പ്രഖ്യാപനം തിടുക്കത്തിലായെന്നും നടപടിക്രമങ്ങൾ പാലിക്കാതെയുമാണെന്നും മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ജൂനിയർ മത്സരങ്ങൾ ഈ വർഷം അവസാനത്തോടെ അരംഭിക്കുമെന്നു പുതിയതായി ചുമതലേയറ്റ ഉടനെ തന്നെ അധ്യക്ഷൻ പ്രഖ്യാപിച്ചത് നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണ്. മത്സരിക്കുന്ന താരങ്ങൾക്ക് ഒരുക്കങ്ങൾക്കായി 15 ദിവസം അനുവദിക്കേണ്ടതുണ്ടെന്നും എന്നാൽ അതൊന്നും പരിഗണിക്കാൻ ഭരണ സമിതിക്ക് സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.
എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി തീരുമാനിക്കേണ്ട വിഷയമാണിത്. അതിനു അജണ്ടകൾ ആവശ്യമുണ്ട്. മുൻകൂട്ടി അറിയിച്ച് വ്യക്തമായ പ്രാതിനിധ്യം ഉറപ്പാക്കിയാണ് യോഗം ചേരേണ്ടത്. അതിനു ശേഷം താരങ്ങൾക്ക് സമയം നൽകുന്നതടക്കം പരിഗണിച്ചു വേണം ടീം തിരഞ്ഞെടുപ്പ്. എന്നാൽ അതെല്ലാം ലംഘിക്കപ്പെട്ടുവെന്നു മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
ഗുസ്തി കരിയർ അവസാനിപ്പിക്കുകയാണെന്ന ഞെട്ടിക്കുന്ന തീരുമാനവുമായി സാക്ഷി മാലികാണ് താരങ്ങളുടെ പ്രതിഷേധത്തിൽ ആദ്യം രംഗത്തെത്തിയത്. കടുത്ത ആരോപണങ്ങളുമായി ബജ്റംഗ് പുനിയ, വിനേഷ് ഫോഗട് എന്നിവരും സാക്ഷിക്കൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി. ഷൂ എടുത്തുയർത്തിയാണ് സാക്ഷി ഗുസ്തി കരിയർ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. പിന്നീട് ഷൂ ഉപേക്ഷിച്ചാണ് വാർത്താ സമ്മേളനത്തിൽ നിന്നു മടങ്ങിയത്. ഒളിംപിക്സ് വെങ്കല മെഡൽ ജേതാവും കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ നേടിയ താരവുമാണ് സാക്ഷി. ബജ്റംഗ് പുനിയ തനിക്കു കിട്ടിയ പത്മശ്രീ പുരസ്കാരം തിരിച്ചു നൽകി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
