

ലാഹോര്‍: ആവേശകരമായ മത്സരത്തില്‍ സൂപ്പര്‍ ഫോര്‍ കടമ്പയ്ക്ക് പടിവാതില്‍ക്കല്‍ അഫ്ഗാനിസ്ഥാന്‍ പൊരുതി വീണു. ശ്രീലങ്ക ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്റെ പോരാട്ടം രണ്ടു റണ്‍സ് അകലെ അവസാനിക്കുകയായിരുന്നു. വിജയത്തോടെ ശ്രീലങ്ക സൂപ്പര്‍ ഫോറില്‍ കടന്നു.
ലങ്ക മുന്നോട്ടു വെച്ച വിജയലക്ഷ്യം 37.1 ഓവറില്‍ വിജയിച്ചാല്‍ മാത്രമേ അഫ്ഗാന് സൂപ്പര്‍ ഫോറിലേക്ക് കടക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ ബംഗ്ലദേശ് ഇതിനോടകം രണ്ടാം റൗണ്ടിലേക്ക് കടന്നതിനാൽ സൂപ്പർ ഫോർ ഉറപ്പിക്കാൻ ലങ്കയ്ക്കും വിജയം അനിവാര്യമായിരുന്നു. വെല്ലുവിളി നേരിടാനിറങ്ങിയ അഫ്ഗാന്റെ തുടക്കം മോശമായിരുന്നു.
27 റണ്‍സെടുക്കുന്നതിനിടെ അഫ്ഗാന്റെ രണ്ട് ഓപ്പണർമാരും പവലിയനിൽ തിരികെയെത്തി. എന്നാൽ തുടർന്ന് വന്നവർ ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തി. ഗുല്‍ബാദിന്‍ നയിബ് (22), ഹഷ്മത്തുള്ള ഷാഹിദി (59) എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നാലാം നമ്പറിലെത്തിയ റഫ്മത് ഷായാണ് (45 റൺസ്) കൂറ്റൻ അടികളിലൂടെ അഫ്ഗാന്റെ സാധ്യത സജീവമാക്കിയത്.
അർധസെഞ്ച്വറി നേടിയ മുഹമ്മദ് നബിയുടെ (65 റൺസ്) തകർപ്പൻ പ്രകടനം കൂടിയായതോടെ അഫ്ഗാൻ അനായാസം ലക്ഷ്യത്തിലേക്ക് എത്തുമെന്ന പ്രതീക്ഷ വർധിപ്പിച്ചു. എന്നാൽ മുഹമ്മദ് നബി (65)യും ഹഷ്മത്തുല്ല ഷഹിദി (59)യും പുറത്തായതോടെ അഫ്ഗാൻ വീണ്ടും പ്രതിരോധത്തിലായി. വാലറ്റത്ത് നജീബുല്ല സദ്രാനും (15 പന്തിൽ 23), റാഷിദ് ഖാനും (16 പന്തൽ 27 നോട്ടൗട്ട് ) പോരാടിയെങ്കിലും അവിശ്വസനീയ ജയത്തിനരികിലെത്താൻ മാത്രമേ കഴിഞ്ഞുള്ളൂ. വിജയത്തിന് രണ്ടു റൺസ് അകലെ അഫ്ഗാൻ ഓൾഔട്ടായി.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തു. കുശാല്‍ മെന്‍ഡിസിന്റെ അര്‍ധസെഞ്ച്വറി പ്രകടനമാണ് ലങ്കയ്ക്ക് കരുത്തായത്. മെൻഡിസ് 92 റൺസെടുത്തു. അസലങ്ക(36), ദുനിത് വെല്ലലഗെ(33), തീക്ഷണ(28) എന്നിവരുടെ പ്രകടനവും ലങ്കൻ ഇന്നിംഗ്സിൽ നിർണായകമായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
