കത്തിക്കയറി, കത്തിയെരിഞ്ഞു; ആറാം തോൽവിയിലേക്ക് വീണ് ഡൽഹി; ഹൈദരാബാദ് വിജയ വഴിയിൽ

രണ്ടാം പന്തിൽ ക്യാപ്റ്റൻ ഡേവിഡ് വാർണറെ പൂജ്യത്തിന് നഷ്ടമായി. ഇന്നിങ്സിന്റെ രണ്ടാം പന്തിൽ ഭുവനേശ്വർ കുമാറാണ് വാർണറെ മടക്കിയത്. ഡൽഹി പിന്നീട് ഉജ്ജ്വലമായാണ് തിരിച്ചെത്തിയത്
മിച്ചൽ മാർഷിന്റെ പുറത്താകൽ ആഘോഷിക്കുന്ന ഹൈദരാബാദ് താരങ്ങൾ/ പിടിഐ
മിച്ചൽ മാർഷിന്റെ പുറത്താകൽ ആഘോഷിക്കുന്ന ഹൈദരാബാദ് താരങ്ങൾ/ പിടിഐ
Updated on
2 min read

ന്യൂഡൽഹി: ഐപിഎല്ലിൽ വിജയ വഴിയിലേക്ക് തിരിച്ചെത്തി സൺറൈസേഴ്സ് ഹൈദരാബാദ്. മൂന്ന് തുടർ തോൽവികൾക്ക് പിന്നാലെ ഡൽഹി ക്യാപിറ്റൽസിനെ കീഴടക്കിയാണ് എസ്ആർചിന്റെ തിരിച്ചുവരവ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്തു. മറുപടി പറയാനിറങ്ങിയ ഡൽഹിയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസിൽ അവസാനിച്ചു. ഒൻപത് റൺസിനാണ് എസ്ആർഎച് വിജയം പിടിച്ചത്. 

രണ്ടാം പന്തിൽ ക്യാപ്റ്റൻ ഡേവിഡ് വാർണറെ പൂജ്യത്തിന് നഷ്ടമായി. ഇന്നിങ്സിന്റെ രണ്ടാം പന്തിൽ ഭുവനേശ്വർ കുമാറാണ് വാർണറെ മടക്കിയത്. ഡൽഹി പിന്നീട് ഉജ്ജ്വലമായാണ് തിരിച്ചെത്തിയത്. ഫിലിപ്പ് സാൾട്ട്- മിച്ചർ മാർഷ് സഖ്യം ടീമിന് സെഞ്ച്വറി കൂട്ടുകെട്ട് സമ്മാനിച്ചു. ഇരുവരും അർധ സെഞ്ച്വറി നേടിയാണ് മടങ്ങിയത്. പിന്നീടെത്തിയവർക്ക് ലക്ഷ്യത്തിലേക്ക് എത്തിക്കാൻ സാധിക്കാതെ പോയി. 

സ്കോർ 112ലെത്തിയപ്പോഴാണ് ‍ഡൽഹിക്ക് രണ്ടാം വിക്കറ്റ് നഷ്ടമാകുന്നത്. മായങ്ക് മാർക്കണ്ഡെയാണ് കളിയിൽ വഴിത്തിരിവ് തീർത്തത്. സ്വന്തം ബൗളിങിൽ സാൾട്ടിനെ ഉജ്ജ്വല ക്യാച്ചിലൂടെ മാർക്കണ്ഡെ മടക്കി. 35 പന്തിൽ ഒൻപത് ഫോറുകൾ സഹിതം 59 റൺസുമായാണ് സാൾട്ട് മടങ്ങിയത്. പിന്നാലെ വന്ന മനീഷ് പാണ്ഡെ ഒരു ചെറുത്തുനിൽപ്പുമില്ലാതെ കീഴടങ്ങിയതിന് പിന്നാലെ ഡൽഹിയുടെ തകർച്ചയും തുടങ്ങി. മാർക്കണ്ഡെക്ക് പിന്നാലെ ബൗൾ ചെയ്ത അഭിഷേ ശർമയാണ് മനീഷിനെ പുറത്താക്കിയത്. 

അതിനു ശേഷമുള്ള ഓവറിൽ അകീൽ ​ഹുസൈൻ അതുവരെ തകർത്തടിച്ച് നിന്ന മിച്ചൽ മാർഷിനെ പുറത്താക്കിയതോടെ ഡൽഹിയുടെ വിധി ഏറെക്കുറെ നിർണയിക്കപ്പെട്ടു. അകീൽ ഹുസൈന്റെ ആദ്യ പന്ത് സിക്സർ തൂക്കിയ മാർഷ് തൊട്ടടുത്ത പന്തിൽ ഹൈദരാബാദ് നായകൻ എയ്ഡൻ മാർക്രത്തിന് പിടി കൊടുത്താണ് മടങ്ങിയത്. ഓസീസ് താരം 39 പന്തിൽ 63 റൺസ് അടിച്ചാണ് പുറത്തായത്. ആറ് കൂറ്റൻ സിക്സും ഒരു ഫോറും സഹിതമാണ് മാർഷിന്റെ വെടിക്കെട്ട്. നേരത്തെ നാല് വിക്കറ്റ് വീഴ്ത്തി മാർഷ് ബൗളിങിലും തിളങ്ങി. 

പിന്നീട് ക്രീസിലെത്തിയവർ റണ്ണെടുക്കാൻ ബുദ്ധിമുട്ടി. മനീഷ് പാണ്ഡെ ഒരു റണ്ണിൽ പുറത്തായി. പ്രിയം ​ഗാർ​ഗ് (12), സർഫറാസ് ഖാൻ (ഒൻപത്) എന്നിവർ കാര്യമായ സംഭാവനകൾ നൽകിയില്ല. അവസാന ഘട്ടത്തിൽ അക്ഷർ പട്ടേൽ 14 പന്തിൽ 29 റൺസുമായി പോരാട്ടം നടത്തിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. 

നേരത്തെ ടോസ് നേടി സൺറൈസേഴ്സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഭിഷേക് ശര്‍മ്മ, ഹെന്‍‌റിച്ച് ക്ലാസന്‍ എന്നിവരുടെ മികച്ച പ്രകടനമാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്.

അഭിഷേക് മികച്ച തുടക്കമാണ് നല്‍കിയത്. മായങ്ക് അഗര്‍വാളിനേയും രാഹുല്‍ ത്രിപാഠിയേയും തുടക്കത്തിലെ നഷ്ടപ്പെട്ടെങ്കിലും ഒരു വശത്ത് അഭിഷേക് ശര്‍മ്മ ആക്രമണ ബാറ്റിങ്ങാണ് അഴിച്ചുവിട്ടത്. 36 പന്തില്‍ 67 റണ്‍സാണ് അഭിഷേക് നേടിയത്. 12 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് ഇന്നിങ്സ്.

ഹെന്‍‌റിച്ച് ക്ലാസനും അര്‍ധ സെഞ്ച്വറി നേടി. അവസാന ഓവറുകളില്‍ ക്ലാസൻ ആഞ്ഞടിച്ചതാണ് ഭേദപ്പെട്ട സ്‌കോറില്‍ എത്താന്‍ സണ്‍റൈസിന് സഹായകമായത്. ക്ലാസൻ 27 പന്തില്‍ 53 റണ്‍സുമായി പുറത്താകാതെ നിന്നു. അബ്ദുള്‍ സമദ് അഭിഷേക് ശര്‍മ്മയ്ക്ക് മികച്ച പിന്തുണ നല്‍കി. സമദ് 21 പന്തിൽ 28 റൺസെടുത്തു. അകീൽ ഹുസൈൻ പത്ത് പന്തിൽ 16 റൺസെടുത്തു പുറത്താകാതെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com