

ദുബൈ: ഏഷ്യാ കപ്പ് സൂപ്പർ ഫോർസിലെ അവസാന പോരാട്ടം അത്യന്തം നാടകീയമായിരുന്നു. അതിലേറെ ത്രില്ലറുമായിരുന്നു. സൂപ്പർ ഓവറിൽ ദസുൻ ഷനകയെ ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ റണ്ണൗട്ടാക്കിയിരുന്നു. ഈ ഔട്ട് പക്ഷേ അൽപ്പം കൺഫ്യൂഷൻ ഉണ്ടാക്കുന്നതായി മാറി. ആദ്യം അംപയർ ഔട്ട് വിളിച്ചു. എന്നാൽ റിവ്യുയ്ക്കു ശേഷം ഔട്ടല്ലെന്നും വിധിച്ചു. ഇത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്.
സൂപ്പർ ഓവറിലെ ആദ്യ പന്തിൽ തന്നെ കുശാൽ പെരേര ഔട്ടായി. അർഷ്ദീപിന്റെ പന്തിൽ റിങ്കു സിങ് ക്യാച്ചെടുത്താണ് താരത്തിന്റെ മടക്കം. രണ്ടാം പന്തിൽ കാമിന്ദു മെൻഡിസ് സിംഗിളെടുത്തു. മൂന്നാം പന്തിൽ ഷനകയ്ക്കു റണ്ണെടുക്കാനായില്ല. നാലാം പന്ത് വൈഡായതോടെ ഇതു മാറ്റിയെറിഞ്ഞു. ഈ പന്തിലാണ് നാടകീയ സംഭവങ്ങൾ.
ഓഫ് സ്റ്റംപിനു പുറത്തെറിഞ്ഞ പന്ത് ഹിറ്റ് ചെയ്യാനായി ഷനക ക്രീസ് വിട്ടിറങ്ങി. എന്നാൽ ബാറ്റിൽ പന്ത് കൊണ്ടില്ല. നേരെ സഞ്ജുവിന്റെ കൈകളിലാണ് പന്തെത്തിയത്. ഉന്നം തെറ്റാതെ സഞ്ജുവിന്റെ അണ്ടർ ആം ത്രോ നേരെ സ്റ്റംപിൽ പതിക്കുന്നു. ഈ സമയത്ത് ഷനക ക്രീസിൽ നിന്നിറങ്ങി പിച്ചിന്റെ പകുതിയിൽ നിൽക്കുകയായിരുന്നു. സ്വാഭാവികമായും താരം റണ്ണൗട്ടാകേണ്ടതാണ്. അർഷ്ദീപ് അപ്പീൽ ചെയ്തതിനു പിന്നാലെ അംപയർ ഔട്ടിനായി വിരലും ഉയർത്തി.
ബാറ്റിൽ ഔട്ട്സൈഡ് എഡ്ജുണ്ടെന്നു കരുതി അർഷ്ദീപ് ക്യാച്ച് ഔട്ടിനാണ് അപ്പീൽ ചെയ്തത്. പിന്നാലെയാണ് അംപയർ ഔട്ട് അനുവദിച്ചത്. എന്നാൽ ഷനക റിവ്യു ആവശ്യപ്പെട്ടു. റിവ്യു പരിശോധനയിൽ പന്ത് ബാറ്റിൽ ഉരസിയിട്ടില്ലെന്നു വ്യക്തമായതോടെ തേഡ് അംപയർ നോട്ടൗട്ട് വിധിച്ചു. ഫീൽഡ് അംപയർ ഔട്ട് വിളിച്ചതിനാൽ പന്ത് ഡെഡ് ബോളായി മാറി. ഇതോടെ ഷനക റണ്ണൗട്ടിൽ നിന്നു രക്ഷപ്പെട്ടു. ക്യാച്ച് ഔട്ടിനായി അർഷ്ദീപ് അപ്പീൽ ചെയ്തില്ലായിരുന്നുവെങ്കിൽ ഷനക റണ്ണൗട്ടാകുകയും ഇന്നിങ്സ് അവിടെ തീരേണ്ടതുമായിരുന്നു.
തീരുമാനം സംബന്ധിച്ചു ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും അംപയർ ഗാസി സോഹലും തമ്മിൽ ഏറെ നേരം തർക്കമുണ്ടായി. എന്നാൽ അംപയർ ലങ്കയ്ക്കു അനുകൂലമായി തന്നെ നിന്നു. പക്ഷേ കിട്ടിയ ലൈഫ് മുതലാക്കാൻ ഷനകയ്ക്കു സാധിച്ചതുമില്ല. അഞ്ചാം പന്തിൽ കൂറ്റനടിയ്ക്കു ശ്രമിച്ച ഷനകയ്ക്കു പിഴച്ചു. താരത്തെ പകരക്കാരനായി കളത്തിലെത്തിയ ജിതേഷ് ശർമ പിടികൂടിയതോടെ ലങ്കൻ ഇന്നിങ്സിനും തിരശ്ശീല വീണു.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 5 പന്തിൽ 2 റൺസ് മാത്രമാണ് നേടിയത്. 2 വിക്കറ്റുകളും അവർക്കു നഷ്ടമായി. ഇന്ത്യ വിജയ ലക്ഷ്യമായ 3 റൺസ് ആദ്യ പന്തിൽ തന്നെ സ്വന്തമാക്കി വിജയവും നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയും രണ്ടാമത് ബാറ്റ് ചെയ്ത ശ്രീലങ്കയും 5 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് അടിച്ചതോടെയാണ് സൂപ്പർ ഓവറിലേക്ക് മത്സരം നീണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates