

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ചില നേട്ടങ്ങൾ ഇന്ത്യൻ താരങ്ങൾ ഈ മത്സരത്തിലൂടെ സ്വന്തമാക്കി. ഈ ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടങ്ങളിലെ മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ അഭിഷേക് ശർമ കഴിഞ്ഞ മത്സരത്തിൽ പതിവ് രീതി തെറ്റിച്ചു. മെല്ലെ ബാറ്റിങ് തുടങ്ങിയ താരം 12 പന്തിൽ 2 ഫോറും ഒരു സിക്സും ഉൾപ്പെടെ 15 റൺസ് ആണ് നേടിയത്. അഭിഷേക് റൺസ് കണ്ടെത്തിയത് എന്നത് ടീമിന് ആശ്വസിക്കാൻ കഴിയുന്ന കാര്യമാണ്.
രണ്ടാമതൊരു നേട്ടം സ്വന്തമാക്കിയത് ഫാസ്റ്റ് ബൗളർ ആയ ജസ്പ്രിത് ബുംറയാണ്. ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡും ജസ്പ്രിത് ബുംറയുടെ പേരിലായി. ഈ നേട്ടത്തിലേക്ക് എത്താൻ താരത്തെ സഹായിച്ചത് സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിയുടെ മികവാണ്.
മത്സരത്തിന്റെ 18.5 ഓവറിലാണ് സംഭവം നടക്കുന്നത്. ബുംറയുടെ യോർക്കർ പന്ത് സൗത്ത് ആഫിക്കൻ ബാറ്റർ ബോഷ് ബാറ്റിൽ തട്ടി നേരെ താരത്തിന്റെ കയ്യിൽ തന്നെ തിരിച്ചെത്തി. എന്നാൽ അത് ഗ്രൗണ്ടിൽ തട്ടി എത്തിയതാണെന്ന് കരുതി ബുംറ അപ്പീൽ ചെയ്തില്ല. അടുത്ത ബൗൾ ചെയ്യാനായി താരം റൺ അപ്പ് എടുക്കാൻ തിരിഞ്ഞു നടക്കുകയും ചെയ്തു.
എന്നാൽ സംഭവത്തിൽ ഇടപെട്ട സൂര്യകുമാർ യാദവ് അത് ഔട്ട് ആണെന്നും റിവ്യൂ വേണമെന്നും അമ്പയറോട് ആവശ്യപ്പെട്ടു. തേർഡ് അമ്പയറുടെ പരിശോധനയിൽ പന്ത് നേരിട്ട് ബാറ്റിൽ കൊണ്ട് ശേഷം നിലത്ത് ടച്ച് ചെയ്യാതെയാണ് ബുംറ കൈകളിലെത്തിയതെന്ന് സ്ഥിരീകരിക്കുകയും ബാറ്റർ ഔട്ട് ആണെന്ന് വിധിക്കുകയും ചെയ്തു. ഇതോടെ ഒരു വിക്കറ്റും റെക്കോർഡ് നേട്ടവും താരം സ്വന്തമാക്കി.
സാധാരണ ബൗളർ അപ്പീൽ ചെയ്തില്ലെങ്കിൽ ക്യാപ്റ്റന്മാർ കൂടുതൽ ചർച്ചകൾക്ക് നിൽക്കാനോ,റിവ്യൂ എടുക്കാനോ നിൽക്കാറില്ല. എന്നാൽ മത്സരം കൃത്യമായി നിരീക്ഷിക്കുന്നത് കൊണ്ടാണ് സൂര്യകുമാറിന് അത് ഔട്ട് ആണെന്ന് മനസിലായതും റിവ്യൂ നൽകിയതും. ഇത് താരത്തിന്റെ ക്യാപ്റ്റൻസി മികവിന്റെ സൂചനയാണ്.
മത്സരത്തിൽ നാല് ഓവറിൽ 3/15 എന്ന മികച്ച പ്രകടനം കാഴ്ചവെച്ച ബുമ്രയുടെ ടി20 ലോകകപ്പിൽ തന്റെ മൊത്തം വിക്കറ്റ് നേട്ടം 33 ആയി ഉയർത്തി. ഇതോടെ മുൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ 32 വിക്കറ്റ് റെക്കോർഡ് ആണ് തകർത്തത്. അശ്വിൻ 24 മത്സരങ്ങളിൽ നിന്നാണ് 32 വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ബുമ്ര 22 മത്സരങ്ങളിൽ നിന്നാണ് 33 വിക്കറ്റ് സ്വന്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates