സഞ്ജുവില്ലാതെ ഇറങ്ങി; സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തിൽ അസമിനോടും കേരളം തോറ്റു
ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെൻ്റിൽ കേരളത്തിന് വീണ്ടും തോൽവി. അസം അഞ്ച് വിക്കറ്റിനു കേരളത്തെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസം ഏഴ് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. അസമിൻ്റെ അവിനവ് ചൗധരിയാണ് പ്ലെയർ ഓഫ് ദി മാച്ച്.
ദേശീയ ടീമിനൊപ്പം ചേർന്ന സഞ്ജു സാംസൻ്റെ അഭാവത്തിൽ അഹ്മദ് ഇമ്രാൻ്റെ നേതൃത്വത്തിലായിരുന്നു കേരളം കളിക്കാനിറങ്ങിയത്. ടോസ് നേടിയ അസം ഫീൽഡിങ് തിരഞ്ഞെടുത്തു. അഹ്മദ് ഇമ്രാനും രോഹൻ കുന്നുമ്മലും ചേർന്നാണ് കേരളത്തിന് വേണ്ടി ഇന്നിങ്സ് തുറന്നത് . എന്നാൽ സ്കോർ 18ൽ നിൽക്കെ അഞ്ച് റൺസെടുത്ത അഹ്മദ് ഇമ്രാൻ മടങ്ങി. രോഹനും കൃഷ്ണപ്രസാദും ചേർന്ന് രണ്ടാം വിക്കറ്റിൽ 21 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 14 റൺസെടുത്ത കൃഷ്ണപ്രസാദ് അവിനവ് ചൗധരിയുടെ പന്തിൽ പുറത്തായതോടെ കേരളത്തിൻ്റെ ബാറ്റിങ് തകർച്ചയും തുടങ്ങി.
മുഹമ്മദ് അസ്ഹറുദ്ദീൻ 11ഉം സൽമാൻ നിസാർ ഏഴും, അബ്ദുൽ ബാസിദ് അഞ്ചും റൺസെടുത്ത് പുറത്തായി. അഖിൽ സ്കറിയ മൂന്നും ഷറഫുദ്ദീൻ 15ഉം റൺസ് നേടി. 23 റൺസെടുത്ത രോഹൻ കുന്നുമ്മലാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. അസമിന് വേണ്ടി സാദക് ഹുസൈൻ നാലും അബ്ദുൽ അജീജ് ഖുറൈഷി, അവിനവ് ചൌധരി, മുഖ്താർ ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസമിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ സുമിത് ഖടിഗോങ്കറുടെ വിക്കറ്റ് നഷ്ടമായി. തുടർന്നെത്തിയ പ്രദ്യുൻ സൈകിയയുടെ പ്രകടനമാണ് അസമിന് വിജയമൊരുക്കിയത്. ഇടയ്ക്ക് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒരു വശത്ത് ഉറച്ച് നിന്ന പ്രദ്യുൻ സൈകിയ 18.5 ഓവറിൽ ടീമിനെ വിജയത്തിലെത്തിച്ചു. പ്രദ്യുൻ 41 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി കെഎം ആസിഫ് രണ്ടും ഷറഫുദ്ദീൻ, അഖിൽ സ്കറിയ അബ്ദുൽ ബാസിദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Kerala vs Assam: Kerala loses again in the Syed Mushtaq Ali Trophy T20 tournament.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

