

ധാക്ക: ഇന്ത്യയോടുള്ള കലിപ്പിന്റെ പുറത്ത് ടി20 ലോകകപ്പ് കളിക്കാൻ വരില്ലെന്നു വീരവാദം മുഴക്കിയ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക നഷ്ടം. ഇന്ത്യയിൽ സുരക്ഷയില്ലെന്നു ആരോപിച്ചാണ് ഇന്ത്യൻ മണ്ണിൽ ലോകകപ്പ് കളിക്കില്ലെന്നു വ്യക്തമാക്കി പിൻമാറ്റം പ്രഖ്യാപിച്ചത്. വിഷയത്തിൽ അന്തിമ തീരുമാനം ഉടൻ എടുക്കണമെന്നു ഐസിസി അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ ബംഗ്ലാദേശ് ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു. ബംഗ്ലാദേശിനു പകരം സ്കോട്ലൻഡിനെ കളിപ്പിക്കാനുള്ള നീക്കം ഐസിസി ആരംഭിച്ചിട്ടുണ്ട്.
ബംഗ്ലാദേശ് കളിച്ചില്ലെങ്കിൽ ഐസിസിക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുൽ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. എന്നാൽ നഷ്ടം ബംഗ്ലാദേശിനാണ് സംഭവിക്കാൻ പോകുന്നത് എന്നതാണ് യാഥാർഥ്യം. ഐസിസിയ്ക്കു നഷ്ടപ്പെടുന്നതിനേക്കാൾ വൻ സാമ്പത്തിക നഷ്ടം ബംഗ്ലാദേശിനുണ്ടാകും. ക്രിക്കറ്റിൽ വൻ ശക്തിയായ ഇന്ത്യയുമായുള്ള ഉടക്കിന്റെ പേരിൽ ഇനി പ്രധാന പരമ്പരകളും ഇതിലൂടെ ലഭിക്കുന്ന കോടികളും ബംഗ്ലാദേശിനു നഷ്ടമാകും.
ലോകകപ്പിൽ കളിക്കാത്തതിന്റെ പേരിൽ ബംഗ്ലാദേശിന് ഏതാണ്ട് 240 കോടിയോളം രൂപയാണ് നഷ്ടമാകാൻ പോകുന്നത്. ലോകകപ്പിൽ പങ്കെടുക്കുന്നതിലൂടെ മാത്രം ലഭിക്കുന്ന ഐസിസി റവന്യൂവാണിത്. ഇതിനു പുറമേ ബ്രോഡ്കാസ്റ്റ്, സ്പോൺസർഷിപ്പ് വരുമാന നഷ്ടങ്ങളുടെ കോടികൾ വേറയുമുണ്ടാകും. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ വാർഷിക വരുമാനത്തിന്റെ 60 ശതമാനത്തോളം തുക ഈ ഒറ്റ തീരുമാനത്തിന്റെ പേരിൽ മാത്രം അവർക്ക് നഷ്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്.
ലോകകപ്പിനു ശേഷം ഇന്ത്യ- ബംഗ്ലാദേശ് പരമ്പരയുണ്ട്. എന്നാൽ ഇതു റദ്ദാക്കപ്പെടുമെന്നു ഏതാണ്ടുറപ്പാണ്. അതും അവർക്കു തന്നെ തിരിച്ചടിയാകും. കാരണം ബംഗ്ലാദേശിനു ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്നത് ഇന്ത്യക്കെതിരായ മത്സരങ്ങളിലൂടെയാണ്.
എന്ത് വരുമാന നഷ്ടമുണ്ടായാലും അഭിമാനമാണ് വലുതെന്നു പറഞ്ഞാണ് കായിക ഉപദേഷ്ടാവ് കളിക്കാരുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ലെന്ന നിലപാട് ആവർത്തിച്ചത്. ഐസിസി, ബിസിസിഐ നിലപാടുകളെ ആസിഫ് നസ്റുൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.
ബംഗ്ലാദേശിലെ കോടിക്കണക്കിനു ആളുകൾ ലോകകപ്പ് കാണില്ല. ഐസിസിക്കു വലിയ നഷ്ടമാണ് സംഭവിക്കാൻ പോകുന്നത്. ബംഗ്ലാദേശിനെപ്പോലെ ഒരു രാജ്യത്തെ ഒഴിവാക്കുന്നത് ഐസിസിയുടെ പരാജയമാണ്. ലോകകപ്പ് ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാട് മാത്രമാണ് തങ്ങൾക്കുള്ളത്. ശ്രീലങ്കയിൽ കളിക്കാൻ ടീം ഒരുക്കമാണ്.
സുരക്ഷയുടെ കാര്യത്തിലാണ് ആശങ്ക. ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തു നിന്നു യാതൊരു ഉറപ്പും തങ്ങൾക്കു കിട്ടിയിട്ടില്ല. മസ്തഫിസുറിനെ ഐപിഎല്ലിൽ നിന്നു ഒഴിവാക്കിയതിൽ ഖേദം പ്രകടിപ്പിച്ചിട്ടില്ല. ബംഗ്ലാദേശിന്റെ താരങ്ങൾ, ആരാധകർ, മാധ്യമപ്രവർത്തകർ അടക്കമുള്ളവർ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പും കിട്ടിയിട്ടില്ല. അതിനാൽ തന്നെ ഇന്ത്യൻ മണ്ണിൽ കാല് കുത്തില്ലെന്ന തങ്ങളുടെ മുൻ നിലപാട് മാറ്റേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ഇക്കാര്യത്തിൽ ഐസിസി ബംഗ്ലാദേശിനു വേണ്ടി ശബ്ദം പോലും ഉയർത്തിയിട്ടില്ലെന്നും ആസിഫ് നസ്റുൽ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates