

മുംബൈ: ഇത്തവണത്തെ ടി20 ലോകകപ്പില്‍ 300നു മുകളില്‍ സ്‌കോര്‍ ടീമുകള്‍ നേടിയാല്‍ അത്ഭുതം വേണ്ടെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്. ഇന്ത്യയിലെ പിച്ചുകള്‍ ഇക്കാര്യത്തില്‍ പ്രധാന ഘടകമാണെന്നും ലോകകപ്പിനു മുന്നോടിയായുള്ള ക്യാപ്റ്റന്‍മാരുടെ മുഖാമുഖത്തില്‍ താരം വ്യക്തമാക്കി. ഇത്തരത്തില്‍ 300നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്ന നിരവധി വേദികള്‍ ഇന്ത്യയിലുണ്ടെന്നും ഹാരി ബ്രൂക്ക് പറയുന്നു.
അന്താരാഷ്ട്ര ടി20യില്‍ 300 പ്ലസ് സ്‌കോര്‍ നേടിയ രണ്ട് ടീമുകളില്‍ ഒന്നാണ് ഇംഗ്ലണ്ട്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ ഇംഗ്ലണ്ട് 304 റണ്‍സ് അടിച്ചിരുന്നു. നിലവില്‍ ടി20യിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍ സിംബാബ്‌വെയുടെ പേരിലാണ്. ഗാംബിയക്കെതിരായ പോരാട്ടത്തില്‍ സിംബാബ്‌വെ 344 റണ്‍സടിച്ചിരുന്നു. 2024ലാണ് ഈ സ്‌കോറിന്റെ പിറവി.
'ഇന്ത്യയില്‍ 300നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്ന ധാരാളം ഗ്രൗണ്ടുകളുണ്ട്. മനോഹരമായ വിക്കറ്റുകളാണ് പലതും. വേഗമുള്ള ഔട്ട്ഫീല്‍ഡും ചെറിയ ഗ്രൗണ്ടുകളും ബൗണ്ടറി നേടാനുള്ള ആവേശം നല്‍കുന്നു. പുറത്താകുന്നതു ചിന്തിക്കാതെ ബൗളര്‍മാരെ സധൈര്യം നേരിടാനുള്ള കെല്‍പ്പുണ്ടായാല്‍ മാത്രം മതി'- ബ്രൂക്ക് വ്യക്തമാക്കി.
ഗ്രൂപ്പ് സിയില്‍ ഇറ്റലി, നേപ്പാള്‍, സ്‌കോട്‌ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കൊപ്പമാണ് ഇംഗ്ലണ്ട് മാറ്റുരയ്ക്കുന്നത്. നേപ്പാളുമായാണ് അവരുടെ ആദ്യ പോരാട്ടം. ഈ മാസം എട്ടിനാണ് പോരാട്ടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates