

ചെന്നൈ: രാജസ്ഥാൻ റോയൽസ് വിട്ട് ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിലേക്ക് മാറിയ മലയാളി താരം സഞ്ജു സാംസണു സിഎസ്കെ ഹോം ഗ്രൗണ്ടിൽ ആവേശകരമായ വരവേൽപ്പുമായി ആരാധകർ. ടി20 ലോകകപ്പ് സൂപ്പർ 8ലെ ഇന്ത്യ- സിംബാബ്‍വെ മത്സരത്തിൽ ടോസ് ചെയ്ത ശേഷം രവി ശാസ്ത്രി ടീമിൽ മാറ്റങ്ങളുണ്ടോയെന്നു ചോദിച്ചപ്പോൾ സഞ്ജു സാംസണിന്റെ പേര് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞതും ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം വൻ ആരവത്തിൽ മുങ്ങി. വിക്കറ്റ് കീപ്പറും സഞ്ജുവാണെന്നു പറഞ്ഞപ്പോൾ സ്റ്റേഡിയം വീണ്ടു ഇളകി മറിഞ്ഞു. ആരാധകരുടെ പ്രതികരണം ഇന്ത്യൻ ക്യാപ്റ്റനേയും ചിരിപ്പിച്ചു. ചെന്നൈ ടീമിലേക്ക് മാറിയ ശേഷം ഇതാദ്യമായാണ് സിഎസ്കെയുടെ സ്വന്തം ചേട്ടൻ ചെപ്പോക്കിൽ കളിക്കാനിറങ്ങുന്നത്.
റിങ്കു സിങിനു പകരക്കാരനായാണ് സഞ്ജു പ്ലെയിങ് ഇലവനിലെത്തിയത്. അഭിഷേക് ശർമയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തതും സഞ്ജുവാണ്. ഇടംകൈ- വലംകൈ കോംപിനേഷനാണ് ഇത്തവണ പ്രധാന്യം നൽകിയത്. ഇതോടെയാണ് മലയാളി താരത്തിനു വീണ്ടും അവസരം കിട്ടിയത്. ഇന്നിങ്സിലെ ആദ്യ ഓവർ നേരിട്ടതും സഞ്ജുവാണ്. റിച്ചാർഡ് എൻഗരവ എറിഞ്ഞ ഇന്നിങ്സിലെ രണ്ടാം പന്ത് തന്നെ സഞ്ജു സിക്സർ തൂക്കിയതോടെ സ്റ്റേഡിയത്തിലെ ആരവം വീണ്ടും ഉയർന്നു. പിന്നാലെ ഒരു ബൗണ്ടറി ലെഗ് ബൈയിലൂടെ കിട്ടുകയും ചെയ്തതോടെ ആദ്യ ഓവറിൽ ഇന്ത്യ 13 റൺസ് നേടി.
ബ്ലസിങ് മുസർബാനി എറിഞ്ഞ രണ്ടാം ഓവറിലും സഞ്ജു സിക്സർ പായിച്ചു. ഇതോടെ ഇന്ത്യൻ സ്കോർ 2 ഓവറിൽ 23 റൺസിലെത്തി. മൂന്നാം ഓവറിൽ അഭിഷേക് രണ്ട് ബൗണ്ടറിയും പിന്നാലെ സഞ്ജു ഒരു ഫോറും കൂടി അടിച്ചു.
നാലാം ഓവറിൽ മുസർബാനിയുടെ പന്തിൽ സഞ്ജു പുറത്തായെങ്കിലും അപ്പോഴേക്കും 48 റൺസിൽ ഇന്ത്യയെത്തിയിരുന്നു. സഞ്ജു 15 പന്തിൽ 24 റൺസുമായാണ് മടങ്ങിയത്. താരം തുടക്കമിട്ട ഹിറ്റിങ് മൂഡ് പിന്നീടെത്തിയവരെല്ലാം ഏറ്റുപിടിച്ചതോടെ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ടീം ടോട്ടലും ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടി20 ലോകകപ്പ് ടോട്ടലും പിറന്നു.
ഈ ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ചെന്നൈയിൽ പിറന്നത്. ഇരുവരും ചേർന്നു 48 റൺസ് ചേർത്താണ് പിരിഞ്ഞത്. 2026ൽ ഇന്ത്യ കളിച്ച 11 ടി20 പോരാട്ടങ്ങളിലേയും ഏറ്റവും മികച്ച ഓപ്പണിങ് സ്കോറും ഇതുതന്നെ. ഈ ലോകകപ്പിലെ രണ്ടാം മത്സരമാണ് സഞ്ജു കളിക്കുന്നത്. നേരത്തെ നമീബിയക്കെതിരെയാണ് താരം കളിച്ചത്. അന്നും മികച്ച തുടക്കം ഇടാൻ കഴിഞ്ഞെങ്കിലും ഇന്നിങ്സ് അധികം മുന്നോട്ടു പോയില്ല. അന്ന് 8 പന്തിൽ 22 റൺസാണ് മലയാളി താരം സ്വന്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates