

ന്യൂഡൽഹി: ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തിൽ പേസർ ജയദേവ് ഉനദ്കട്ടിനെ ഉൾപ്പെടുത്താതിരുന്നതിന് എതിരെ ഇന്ത്യൻ മുൻ താരം സഞ്ജയ് മഞ്ജരേക്കർ. ഉനദ്കട്ടിനെ സെലക്ടർമാർ കൈകാര്യം ചെയ്ത വിധത്തോടാണ് തനിക്ക് എതിർപ്പെന്ന് മഞ്ജരേക്കർ പറഞ്ഞു.
ഇത്രമാത്രം പരിചയസമ്പത്തുള്ള ഒരു താരത്തെ തഴയരുതായിരുന്നു. ഇന്ത്യക്ക് വേണ്ടി ഉനദ്കട്ട് കളിച്ചിട്ടുണ്ട്. ഡൊമസ്റ്റിക് ക്രിക്കറ്റിലും മികച്ച റെക്കോർഡുകളുണ്ട്. അങ്ങനെയൊരു താരത്തെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണണായിരുന്നു. നിലവിൽ ഇന്ത്യൻ ടീമിന്റെ ബൗളിങ് അത്ര ശക്തമല്ല. കാരണം പ്രധാന ബൗളർമാരെല്ലാം ഇംഗ്ലണ്ടിലാണ്, മഞ്ജരേക്കർ പറഞ്ഞു.
ലങ്കയിലേക്ക് ഇന്ത്യ പോകുമ്പോൾ ഉനദ്കട്ടിനെ പോലെ പരിചയസമ്പത്തുള്ള ഒരു ബൗളറെ ആവശ്യമാണ്. ഉനദ്കട്ട് വരുന്നത് ടീമിന്റെ കരുത്ത് കൂട്ടുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഭുവനേശ്വർ കുമാർ, നവ്ദീപ് സെയ്നി, ചേതൻ സക്കറിയ, ദീപക് ചഹർ എന്നിവരാണ് ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ പേസർമാർ.
തന്നെ ടീമിൽ ഉൾപ്പെടുത്താത്തതിനെ കുറിച്ച് ഉനദ്കട്ടും പ്രതികരിച്ചിരുന്നു. ഇനിയും പൊരുതുമെന്നും ഉടനെ തന്നെ അവസരം തന്നെ തേടി എത്തുമെന്നും പ്രതിക്ഷ പങ്കുവെച്ചായിരുന്നു ഉനദ്കട്ടിന്റെ വാക്കുകൾ. മൂന്ന് ഏകദിനവും മൂന്ന് ടി20യുമാണ് ഇന്ത്യ ലങ്കയിൽ കളിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates